തൃശൂരിലെ ഇന്ത്യൻ കോഫീ ഹൗസിൽ വാഷ്‌ബേസിനിലെ ടാപ്പിലൂടെ വന്നത് ചെളിവെളളം

0

തൃശൂർ: സംസ്ഥാനത്ത് ഹോട്ടലുകളിൽ നടത്തുന്ന പരിശോധനകൾ വെറും പ്രഹസനമെന്ന് ആക്ഷേപം. ഇന്നലെ തൃശൂരിലെ പൂരനഗരിയോട് ചേർന്ന റൗണ്ട് സൗത്തിലെ ഇന്ത്യൻ കോഫീ ഹൗസിൽ ഇന്നലെ ഭക്ഷണം കഴിക്കാനെത്തിയവർക്ക് വാഷ്‌ബേസിനിലെ ടാപ്പിലൂടെ ലഭിച്ചത് ചെളിവെളളം. പരാതി പറഞ്ഞവരെ ഭീഷണിയും കൈയ്യേറ്റശ്രമവുമായി നേരിടാനാണ് ജീവനക്കാരും മാനേജ്‌മെന്റും ശ്രമിച്ചത്.

പൂരം വെടിക്കെട്ട് കാണാൻ മൂവാറ്റുപുഴയിൽ നിന്നും എത്തിയ യുവാക്കളാണ് കോഫീ ഹൗസിലെ വാഷ്‌ബേസിനിലൂടെ ചെളിവെളളം വരുന്നതിൽ പരാതിയുമായി രംഗത്തെത്തിയത്. പൂരം പ്രമാണിച്ച് അർദ്ധരാത്രിയും തുറന്നിരുന്ന കോഫീ ഹൗസിൽ ഭക്ഷണം കഴിക്കാൻ കയറിയതായിരുന്നു ഇവർ. കൈകഴുകാൻ എത്തിയപ്പോഴാണ് വാഷ്‌ബേസിനിലെ പൈപ്പിൽ വരുന്നത് ചെളിവെളളമാണെന്ന് മനസിലായത്.

തുടർന്ന് ജീവനക്കാരോടും കൗണ്ടറിലുണ്ടായിരുന്ന മാനേജ്‌മെന്റ് പ്രതിനിധിയോടും പരാതി പറഞ്ഞെങ്കിലും നിങ്ങൾ എന്തുവേണമെങ്കിലും ചെയ്‌തോളാനായിരുന്നു പ്രതികരണം. ജീവനക്കാരിൽ ചിലർ യുവാക്കൾക്കെതിരെ കൈയ്യേറ്റത്തിനും മുതിർന്നു. പുറത്തുണ്ടായിരുന്ന കൂടുതൽ യുവാക്കൾ പ്രതിഷേധമുയർത്തിയതോടെ സംഭവത്തിൽ വിശദീകരണം നൽകാനായി മാനേജ്‌മെന്റിന്റെയും ജീവനക്കാരുടെയും ശ്രമം.

മഴ പെയ്തപ്പോൾ ചെളി കലർന്നതാണെന്നും കോർപ്പറേഷന്റെ വെളളമാണെന്നും ഞങ്ങൾ എന്തു ചെയ്യാനാണെന്നും ആയിരുന്നു വിശദീകരണം. എന്നാൽ അഴുക്കുവെളളമാണെങ്കിൽ ഫിൽറ്റർ ചെയ്തുവേണ്ടേ നൽകാനെന്ന യുവാക്കളുടെ ചോദ്യത്തിന് മറുപടിയുണ്ടായില്ല. സംഭവത്തിന്റെ വീഡിയോയും മൊബൈലിൽ യുവാക്കൾ പകർത്തിയതോടെയാണ് കോഫീ ഹൗസ് മാനേജ്‌മെന്റ് ഭീഷണിയും വെല്ലുവിളിയും അവസാനിപ്പിച്ചത്.

പ്രതിഷേധം കനത്തതോടെ പോലീസും സ്ഥലത്തെത്തി. ആദ്യം യുവാക്കൾക്കെതിരെ തിരിഞ്ഞ പോലീസ് രംഗം പന്തിയല്ലെന്ന് കണ്ട് പരാതിയുണ്ടെങ്കിൽ സ്റ്റേഷനിൽ നൽകാൻ പറഞ്ഞ് ഇവരെ ബലമായി പിന്തിരിപ്പിക്കാനായി പിന്നീട് ശ്രമം. എന്നാൽ കടയ്‌ക്ക് ഷട്ടറിടണമെന്ന ആവശ്യത്തിൽ യുവാക്കൾ ഉറച്ചുനിന്നു. ഇതിനിടെ ഒരിക്കൽ പോലും യുവാക്കളുടെ പരാതി സത്യമാണോയെന്ന് പരിശോധിക്കാൻ പോലീസ് തയ്യാറായില്ല.

ഒടുവിൽ രാത്രി ഒരു മണിയോടെയാണ് പ്രതിഷേധം അവസാനിച്ചത്. ചെറുവത്തൂരിൽ ഷവർമ കഴിച്ച് ഒരു പെൺകുട്ടി മരിച്ചതിന് ശേഷം സംസ്ഥാന വ്യാപകമായി ഹോട്ടലുകളിൽ പരിശോധനകൾ കാര്യക്ഷമമാക്കിയെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പും ആരോഗ്യവകുപ്പും അവകാശപ്പെടുന്നതിനിടെയാണ് സംഭവം.

ഹോട്ടലുകളിൽ നല്ല ഭക്ഷണം ഉറപ്പാക്കുമെന്ന ആരോഗ്യമന്ത്രിയുടെ ആവർത്തിച്ചുളള വാഗ്ദാനമാണ് വീണ്ടും വെല്ലുവിളിക്കപ്പെടുന്നത്. ഇന്ത്യൻ കോഫീ ഹൗസ് പോലുളള ഹോട്ടൽ ശൃംഖലകളെ ഭക്ഷ്യസുരക്ഷാ വകുപ്പ് നടത്തുന്ന പരിശോധനകളിൽ നിന്ന് ഒഴിവാക്കുന്നതായുളള ആക്ഷേപം നേരത്തെ മുതൽ ശക്തമാണ്.

ഹോട്ടലുകളിലെ ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിൽ വെളളവും പ്രധാന ഘടകമാണ്. പാചകം ചെയ്യാനുൾപ്പെടെ ഉപയോഗിക്കുന്ന വെളളം ജലവിതരണ അതോറിറ്റിയുടെ ലാബുകളിൽ പരിശോധന നടത്തി സർട്ടിഫിക്കറ്റ് ഹാജരാക്കിയെങ്കിൽ മാത്രമേ ഹോട്ടൽ നടത്തിപ്പിനുളള ലൈസൻസ് ഉൾപ്പെടെ നൽകാവൂ എന്നാണ് നിയമം. ഇത് നിലനിൽക്കെയാണ് നഗ്നമായ നിയമലംഘനം ഉണ്ടായിരിക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here