പോപ്പുലര്‍ ഫ്രണ്ട്‌ സംസ്‌ഥാന കമ്മിറ്റിയംഗം എം.കെ. അഷറഫി (തമര്‍ അഷറഫ്‌)ന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ റെയ്‌ഡ്‌ നടത്തി

0

മൂവാറ്റുപുഴ: പോപ്പുലര്‍ ഫ്രണ്ട്‌ സംസ്‌ഥാന കമ്മിറ്റിയംഗം എം.കെ. അഷറഫി (തമര്‍ അഷറഫ്‌)ന്റെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ്‌ ഡയറക്‌ടറേറ്റ്‌ റെയ്‌ഡ്‌ നടത്തി. വിവരം അറിഞ്ഞെത്തിയ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ സ്‌ഥലത്തു സംഘര്‍ഷാവസ്‌ഥ സൃഷ്‌ടിച്ചു.
ഇന്നലെ രാവിലെ 8.45 നാണ്‌ ഡല്‍ഹിയില്‍നിന്നും എറണാകുളത്തുനിന്നുമുള്ള ആറംഗ ഇ.ഡി. സംഘം പരിശോധനയ്‌െക്കത്തിയത്‌. ഇതിനു തൊട്ടുമുന്‍പ്‌ കൊറിയര്‍ സര്‍വീസ്‌ പ്രതിനിധി എന്ന പേരില്‍ ഒരാള്‍ അഷറഫിന്റെ വീട്ടില്‍ എത്തി വിലാസം ആരാഞ്ഞു. സംശയം തോന്നിയ അഷറഫ്‌ വീടുവിട്ടു പുറത്തേക്കു പോയി. തൊട്ടുപിന്നാലെയാണ്‌ സായുധ പോലീസിന്റെ അകമ്പടിയോടെ ഉദ്യോഗസ്‌ഥസംഘം റെയ്‌ഡിന്‌ എത്തിയത്‌. ഈ സമയം ഏതാനും പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ വീടിനു മുന്നില്‍ തമ്പടിച്ചു. സ്‌ത്രീകളും വയോധികനും മാത്രമാണ്‌ വീട്ടിലുള്ളതെന്നും അകത്ത്‌ പരിശോധന നടത്തുന്നത്‌ വീഡിയോയില്‍ പകര്‍ത്തുന്നതിന്‌ ഏതാനും പ്രവര്‍ത്തകര്‍ക്ക്‌ അവസരം നല്‍കണമെന്നും ആവശ്യപ്പെട്ടു. എന്നാല്‍, ഉദ്യോഗസ്‌ഥസംഘം വഴങ്ങിയില്ല. ഇതോടെ നേരിയതോതില്‍ സംഘര്‍ഷമായി. അതീവ രഹസ്യമായാണ്‌ ഇ.ഡി. സംഘം പരിശോധനയ്‌ക്ക്‌ എത്തിയത്‌. ലോക്കല്‍ പോലീസിനെ പോലും വിവരം അറിയിച്ചില്ല. സംഘര്‍ഷം ഉടലെടുത്തതോടെയാണ്‌ മൂവാറ്റുപുഴ ഡിവൈ.എസ്‌.പി. മുഹമ്മദ്‌ റിയാസ്‌, സി.ഐ. എം.ജെ. മാര്‍ട്ടിന്‍ എന്നിവരുടെ നേതൃത്വത്തില്‍ രണ്ട്‌ വാഹനങ്ങളിലായി പത്തംഗ പോലീസ്‌ സംഘം സ്‌ഥലത്ത്‌ എത്തുന്നത്‌. ഈ സമയം വീടിന്‌ അകത്ത്‌ കടന്ന്‌ ഇ.ഡി. സംഘം പരിശോധന ആരംഭിച്ചിരുന്നു. കൂടുതല്‍ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകരും സ്‌ഥലത്ത്‌ എത്തി. ഡിവൈ.എസ്‌.പി.യുടെ നേതൃത്വത്തിലുള്ള പോലീസ്‌ സംഘവുമായി പ്രവര്‍ത്തകര്‍ തര്‍ക്കമായി.
അഷറഫിന്റെ സഹോദരന്‍ എത്തിയെങ്കിലും വീട്ടില്‍ പ്രവേശിക്കുന്നത്‌ പോലീസ്‌ തടഞ്ഞു. പിന്നാലെ അഷറഫിന്റെ പിതാവിന്‌ ദേഹാസ്വാസ്‌ഥ്യം അനുഭവപ്പെടുന്നതായി ബന്ധുക്കള്‍ പ്രവര്‍ത്തകരെ അറിയിച്ചു. ഇതോടെ പോലീസ്‌ വലയം മറികടന്ന്‌ വീടിന്റെ പിന്‍വാതില്‍ ബലമായി തുറന്ന്‌ പ്രവര്‍ത്തകര്‍ അകത്തുകയറി. വയോധികനെ പുറത്തെത്തിച്ച്‌ ആശുപത്രിയിലേക്കു കൊണ്ടുപോയി.
രാവിലെ ആരംഭിച്ച പരിശോധന ഉച്ചയ്‌ക്ക്‌ 12 നാണ്‌ പൂര്‍ത്തിയായത്‌. മഹസറില്‍ ഒപ്പിടുന്നതിനായി ഇതിനിടെ എസ്‌.ബി.ഐ. ബ്രാഞ്ച്‌ മാനേജരെയും തഹസില്‍ദാരെയും അന്വേഷണസംഘം വിളിച്ചുവരുത്തി. ഇവരെയും തടയാന്‍ ശ്രമം നടന്നു.
ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട്‌ പോപ്പുലര്‍ ഫ്രണ്ട്‌ നേതൃത്വം പണം വിനിയോഗിച്ചുവെന്ന്‌ നേരത്തെ ആരോപണം ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെ രാജ്യവ്യാപകമായി പോപ്പുലര്‍ഫ്രണ്ട്‌ നേതാക്കളുടേയും പ്രവര്‍ത്തകരുടേയും വീടുകളില്‍ പരിശോധന നടന്നു. ഇടപ്പിള്ളിയില്‍ താമസിക്കുന്ന ദേശീയ വൈസ്‌ പ്രസിഡന്റ്‌ ഇ.എം. അബ്‌ദുള്‍ റഹ്‌മാന്റെ വീട്ടിലും പരിശോധന നടത്തി. ഇതിന്റെ തുടര്‍ച്ചയാണ്‌ ഇന്നലെ മൂവാറ്റുപുഴയിലും മലപ്പുറത്തും കണ്ണൂരും ഇ.ഡി. നടത്തിയ റെയ്‌ഡ്‌.
അഷറഫിന്റെ വീട്ടില്‍നിന്ന്‌ സംഘടനയുടെ ലഘുലേഖകളും ചില ബില്ലുകളും അടക്കമുള്ളവ കണ്ടെടുത്തതായാണ്‌ വിവരം. സംഭവത്തില്‍ പ്രതിഷേധിച്ച്‌ പോപ്പുലര്‍ ഫ്രണ്ട്‌ പ്രവര്‍ത്തകര്‍ നഗരത്തില്‍ പ്രതിഷേധ പ്രകടനം നടത്തി. പോലീസിനെ കൈയേറ്റം ചെയ്‌തതിനും ഇ.ഡി. സംഘത്തെ തടഞ്ഞതിനും നൂറോളം പ്രവര്‍ത്തകര്‍ക്കെതിരേ കേസെടുത്തതായി മൂവാറ്റുപുഴ പോലീസ്‌ അറിയിച്ചു.

Leave a Reply