‘ഹോം’ സിനിമയ്ക്ക് സംസ്ഥാന ചലച്ചിത്ര അവാർഡ് നല്‍കാത്തതിൽ പ്രതിഷേധമില്ലെന്ന് സംവിധായകൻ റോജിൻ തോമസ്

0

തിരുവനന്തപുരം: ‘ഹോം’ സിനിമയ്ക്ക് സംസ്ഥാന ചലച്ചിത്ര അവാർഡ് നല്‍കാത്തതിൽ പ്രതിഷേധമില്ലെന്ന് സംവിധായകൻ റോജിൻ തോമസ്. എന്തുകൊണ്ടാണ് അവാർഡ് നൽകാതിരുന്നതെന്നു പറയാത്തതിൽ വിഷമമുണ്ടെന്നും ജനം നൽകിയ പിന്തുണയാണ് ഏറ്റവും വലിയ പുരസ്കാരമെന്നും റോജിൻ പറഞ്ഞു.

‘‘ഈ ചിത്രം അവസാനറൗണ്ടിൽ എത്തിയെന്ന് അവാർഡിന്റെ തലേദിവസം വരെ പല ചാനലുകളിലും കേട്ടിരുന്നു. ആ നിമിഷം മാനുഷികമായ രീതിയിൽ നമ്മളും ആഗ്രഹിച്ചുപോയിരുന്നു. അത് ആർക്കാണെങ്കിലും സ്വാഭാവികമായി തോന്നുന്നതാണ്. പക്ഷേ അവാർഡ് കിട്ടിയില്ല എന്നോർത്ത് വിഷമിക്കുന്നുമില്ല.

ജനങ്ങളുടെ ഹൃദയത്തിൽ അവർ ഈ ചിത്രത്തെ സ്വീകരിച്ചുകഴിഞ്ഞു. അതുതന്നെയാണ് ഏറ്റവും വലിയ അവാർഡ്. അതിന്റെ പ്രതികരണങ്ങളാണ് സമൂഹമാധ്യമങ്ങളിൽ പ്രകടിപ്പിക്കുന്നതും. ജൂറിയിലെ നാലോ അഞ്ചോ പേരെ സംവിധായകനെന്ന നിലയിൽ തൃപ്തിപ്പെടുത്താൻ കഴിയാതെ പോയി എന്ന കാര്യത്തിൽ മാത്രമാണ് വിഷമം.

നിർമാതാവിനെതിരായ കേസിന്റെ പേരിലാണ് ഹോം മാറ്റി നിർത്തപ്പെട്ടതെങ്കിൽ അതു മാറ്റേണ്ട പ്രവണതയാണ്. എന്നാൽ അക്കാരണം കൊണ്ടല്ല ചിത്രത്തിന് അവാർഡ് ലഭിക്കാത്തതെന്ന് ജൂറി പറഞ്ഞിരുന്നു. സത്യാവസ്ഥ അറിയില്ല. ആളുകളുടെ പ്രതികരണം വലിയതോതിൽ വന്നതിനു ശേഷമാണ് അവർ ഒരു വിശദീകരണം നൽകിയത്. ‌

അവാർഡ് പ്രഖ്യാപനം വന്ന ശേഷം ജൂറി അംഗങ്ങളോട് മാധ്യമപ്രവർത്തകരും ഇക്കാര്യം ചോദിച്ചിരുന്നു. ഈ സിനിമ എന്തുകൊണ്ട് മാറ്റിനിർത്തപ്പെട്ടു എന്ന് അവർ പറഞ്ഞില്ല. അതിൽ മാത്രമാണ് പ്രതിഷേധമുള്ളത്.’’

അതേസമയം, തനിക്ക് അവാര്‍ഡ് ലഭിക്കാത്തതില്‍ വിഷമമില്ലെന്ന് ഇന്ദ്രൻസ് പ്രതികരിച്ചു. ‘ഹോം സിനിമക്ക് അവാര്‍ഡ് പ്രതീക്ഷിച്ചു, ജൂറി സിനിമ കണ്ട് കാണില്ല. ഹൃദയം സിനമയും മികച്ചതാണ്. അതോടോപ്പം ചേര്‍ത്തുവക്കേണ്ട സിനിമായാണ് ഹോം. അവാര്‍ഡ് കിട്ടാത്തതിന് കാരണം നേരത്തേ കണ്ടുവച്ചിട്ടുണ്ടാകാം, വിജയ്ബാബുവിനെതിരായ കേസും കാരണമായേക്കാം. വിജയ്ബാബു നിരപരാധിയെന്ന് തെളിഞ്ഞാര്‍ ജൂറി തിരുത്തുമോയെന്നും’ ഇന്ദ്രന്‍സ് ചോദിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here