പീരുമേട് ∙ സർക്കാർ ആശുപത്രിയിൽ പോകാൻ വാഹനം കിട്ടിയില്ല; സാമ്പത്തിക ബുദ്ധിമുട്ടു കാരണം സ്വകാര്യ ആശുപത്രിയിൽ പോകാൻ കഴിയാതിരുന്ന യുവതി വീട്ടിൽ പ്രസവിച്ചു. പ്രസവശുശ്രൂഷ ഒരുക്കിയത് ആശാ പ്രവർത്തക.
വണ്ടിപ്പെരിയാർ പഞ്ചായത്തിലെ ശബരിമല എസ്റ്റേറ്റിൽ താമസിക്കുന്ന മനോജിന്റെ ഭാര്യ ലക്ഷ്മിയാണു കഴിഞ്ഞ ദിവസം രാത്രി വീട്ടിൽ ആശാ പ്രവർത്തക ഒരുക്കിയ താൽക്കാലിക സംവിധാനത്തിൽ ആൺകുഞ്ഞിനു ജന്മം നൽകിയത്.
രാത്രി ലക്ഷ്മിക്കു പ്രസവവേദന അനുഭവപ്പെട്ടതിനെത്തുടർന്നു വിവരം ആശാ പ്രവർത്തക അമ്പിളി ചാക്കോയെ അറിയിച്ചു. 14 കിലോമീറ്റർ അകലെയുള്ള സർക്കാർ ആശുപത്രിയിലേക്കു പോകാനാകാതെ വന്നതോടെ അമ്പിളി തന്നെ പ്രസവ ശുശ്രൂഷ നിർവഹിച്ചു.
ഒടുവിൽ നാട്ടുകാരുടെ സഹായത്തോടെ പുലർച്ചെ എത്തിച്ച വാഹനത്തിൽ അമ്മയെയും നവജാത ശിശുവിനെയും ആശുപത്രിയിലെത്തിച്ചു. 9 മാസം തികഞ്ഞപ്പോൾ മുതൽ ലക്ഷ്മിയെ ആശുപത്രിയിലാക്കണം എന്ന് ഇവരുടെ കുടുംബാംഗങ്ങളോടും അമ്പിളി പറഞ്ഞിരുന്നു. എന്നാൽ സാമ്പത്തിക ബുദ്ധിമുട്ടു തന്നെയാണ് ആശുപത്രിയിലേക്കു പോകാൻ തടസ്സമായത്. കഴിഞ്ഞ വർഷം ആദിവാസി യുവതി കാടിനുള്ളിൽ പ്രസവിച്ചപ്പോഴും ശുശ്രൂഷ ഒരുക്കിയത് അമ്പിളിയായിരുന്നു.
English summary
Did not get a vehicle, to go to the government hospital, The woman, who was unable to go to a private hospital, due to financial difficulties, gave birth at home, The maternity ward, was arranged by Asha Pravarthaka