ഇന്ത്യയിലെ മികച്ച പൊലീസ് എന്ന ഖ്യാതിയുള്ള കേരള പൊലീസ് സേനയിലെ ഓരോ അംഗത്തിന്റെയും ഭാഷ മികച്ചതാകണമെന്ന് ഡിജിപി അനിൽ കാന്ത്.

0

തൃശൂർ: ഇന്ത്യയിലെ മികച്ച പൊലീസ് എന്ന ഖ്യാതിയുള്ള കേരള പൊലീസ് സേനയിലെ ഓരോ അംഗത്തിന്റെയും ഭാഷ മികച്ചതാകണമെന്ന് ഡിജിപി അനിൽ കാന്ത്. വിദ്യാഭ്യാസ സമ്പന്നരായ ഏവരുടെയും ഭാഷയും ഇടപെടലും ജനങ്ങളുടെ പ്രതീക്ഷയ്ക്ക് അനുസൃതമാകണം. ‘തരംതാണ ഭാഷാപ്രയോഗം’ പാടില്ലെന്നും അദ്ദേഹം നിർദേശിച്ചു. കേരള പൊലീസ് അക്കാദമിയിലെ പരിശീലനാർത്ഥികളുമായി സം‌സാരിക്കുകയായിരുന്നു അദ്ദേഹം. നമ്മളിൽ നിന്ന് മറ്റുള്ളവരെന്താണോ പ്രതീക്ഷിയ്ക്കുന്നത്. അതുപോലെ നമ്മളും പെരുമാറണം. ജീവിതാവസാനം വരെ കായിക ക്ഷമത നിലനിർത്തണമെന്നും പൊലീസ് പ്രൊഫഷണലിസം പ്രാവർത്തികമാക്കാൻ ഏവരും ശ്രദ്ധിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരള പൊലീസ് അക്കാദമി ഡയറക്ടർ ഐജി പി വിജയൻ ചടങ്ങിൽ അധ്യക്ഷനായി. ട്രെയിനീസിന്റെ സംശയങ്ങൾക്കും ചോദ്യങ്ങൾക്കും ഡിജിപി മറുപടി നൽകി. ഒരു ദിവസത്തെ സന്ദർശനത്തിനായി എത്തിയ ഡിജിപി കേരള പൊലീസ് അക്കാദമിയിലെ പരിശീല സംവിധാനവും സൗകര്യങ്ങളും പരിശോധിച്ചു. നവീകരിച്ച ബാരക്ക്, ട്രാഫിക്ക് പരിശീല കേന്ദ്രം, ഡോഗ് സ്ക്വാഡ്, വിശ്രാന്തി, ഡിജിറ്റൽ നോളേജ് മാനേജ്മെന്റ് സിസ്റ്റം, കമ്പ്യൂട്ടർ ലാബ്, വെജിറ്റബിൾ ഗാർഡൻ തുടങ്ങിയ കേന്ദ്രങ്ങളെല്ലാം ഡിജിപി വിലയിരുത്തി. സന്ദർശക ഡയറിയിൽ അക്കാദമിയിലെ പരിശീലന മികവിനെയും, സ്റ്റാഫിനെയും, സംവിധാനത്തെയും അദ്ദേഹം പ്രശംസിച്ചെഴുതി.

അക്കാദമിയുടെ വികസനത്തിനായി പരിശ്രമിക്കുന്ന ഏവരേയും അഭിനന്ദിച്ചു. ആദ്യമായാണ് സംസ്ഥാന പൊലീസ് മേധാവി അനിൽകാന്ത് പൊലീസ് അക്കാദമി സന്ദർശിക്കാൻ എത്തിയത്. ആറ് മണിയോടെ പരിശീലനാർത്ഥികൾക്കൊപ്പം ഓട്ടം തുടങ്ങിയ അദ്ദേഹം എട്ട് മണിയോടെയാണ് അവസാനിപ്പിച്ചത്. ഇതിന് ശേഷം കായിക പരിശീലനത്തിലും ഡിജിപി പങ്കെടുത്തു. ഡിജിപിയുടെ ഓട്ടം കണ്ട് വണ്ടറടിച്ച് നിന്ന് പരിശീലനാർത്ഥികളോട് പിന്നീട് നടന്ന സംവാദത്തിൽ തന്റെ കായികക്ഷമതയുടെ വിജയരഹസ്യവും അദ്ദേഹം പങ്കുവെച്ചു.

സ്പോർട്സ് താരമായാണ് തുടക്കം, എല്ലാ ദിവസവും ഒരു മണിക്കൂറിൽ കൂടുതൽ ഓടും. മനക്കരുത്തും ശാരീരിക ക്ഷമതയും കൈവരിക്കണമെന്നും ഏവരും അത് നിലനിർത്തണമെന്നും ഡിജിപി പറഞ്ഞു. ആയോധനകലകൾ പരിശീലനത്തിൽ ഉൾപ്പെടുത്തുമെന്നും എസ്ഐ കേഡറ്റുകൾക്ക് പ്രാക്ടിക്കൽ ക്ലാസുകൾ കൂടുതൽ നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി. പൊലീസിലെ വിവിധ വകുപ്പുകളുടെ പ്രാധാന്യവും അവബോധവും കൂടുതൽ മനസിലാക്കുവാൻ പരിശീലന സിലബസ് പരിഷ്കരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Leave a Reply