പൊലീസ് ആസ്ഥാനത്തെ മിനിസ്റ്റീരിയൽ ജീവനക്കാർ ജോലിയിൽ ഉഴപ്പിയതോടെ കർശന നിയന്ത്രണങ്ങളുമായി ഡിജിപി അനിൽകാന്ത്

0

തിരുവനന്തപുരം∙ പൊലീസ് ആസ്ഥാനത്തെ മിനിസ്റ്റീരിയൽ ജീവനക്കാർ ജോലിയിൽ ഉഴപ്പിയതോടെ കർശന നിയന്ത്രണങ്ങളുമായി ഡിജിപി അനിൽകാന്ത്. ഓഫിസ് സമയത്ത് മൊബൈൽ ഫോണിനെ വിനോദ ഉപാധിയായി കാണരുതെന്നും അത്യാവശ്യ സന്ദർഭങ്ങളിൽ മാത്രമേ ഫോൺ ഉപയോഗിക്കാവൂ എന്നും ഡിജിപി ഉത്തരവിട്ടു. മിനിസ്റ്റീരിയിൽ ജീവനക്കാർ ജോലിയിൽ വീഴ്ച വരുത്തുന്നതിനെതിരെ നിരവധി പരാതികൾ ഡിജിപിക്കു ലഭിച്ചിരുന്നു.

ഓഫിസ് സമയത്ത് മറ്റ് ആവശ്യങ്ങൾക്കായി ബ്രാഞ്ചിലെ എല്ലാവരും പുറത്തു പോകുന്ന അവസ്ഥ അനുവദിക്കില്ലെന്നു ഡിജിപി വ്യക്തമാക്കി. ജീവനക്കാർ അച്ചടക്കത്തോടെ ജോലി ചെയ്യുന്നുണ്ടെന്ന് മാനേജർമാർ ഉറപ്പാക്കണം. ഇല്ലെങ്കിൽ മാനേജർക്കും വീഴ്ചവരുത്തിയ ജീവനക്കാർക്കും എതിരെ നടപടി സ്വീകരിക്കും. അപേക്ഷ നൽകാതെ ദിവസങ്ങളോളം അവധിയിൽ തുടരുന്ന പ്രവണത ഇനി മുതൽ അനുവദിക്കില്ലെന്ന് ഡിജിപിയുടെ ഉത്തരവിൽ പറയുന്നു. അവധി ഉത്തരവാക്കിയതിനുശേഷമേ അവധിയിൽ പ്രവേശിക്കാവൂ. പൊലീസ് ആസ്ഥാനത്തെ ഓഫിസ് അറ്റൻഡർമാർ ഒഴികെയുള്ള മിനിസ്റ്റീരിയൽ ജീവനക്കാർ 10.15ന് മുൻപായി ഓഫിസിൽ ഹാജരാകണം.

ഓഫിസ് സമയത്ത് പുറത്തു പോകുകയാണെങ്കിൽ മേലധികാരിയോട് മുൻകൂർ അനുമതി വാങ്ങണം. പുറത്തു പോകുന്നവർ ജൂനിയർ സൂപ്രണ്ടുമാർ സൂക്ഷിക്കുന്ന റജിസ്റ്ററിൽ എവിടെയാണ് പോകുന്നതെന്നും തിരികെ വന്ന സമയവും രേഖപ്പെടുത്തണം. മൂന്നു ദിവസം ഓഫിസിൽ ലേറ്റായി വന്നാൽ നിലവിലെ നിയമപ്രകാരം കാഷ്വൽ ലീവായി പരിഗണിക്കും. ഓഫിസ് സമയത്ത് കൃത്യമായി എത്താൻ കഴിയാത്ത ജീവനക്കാർ ആ വിവരം സെക്ഷൻ ജൂനിയർ സൂപ്രണ്ടിനെ അറിയിക്കണം. ഓഫിസ് ആവശ്യങ്ങൾക്ക് ജീവനക്കാർക്ക് അനുവദിച്ച സിം എപ്പോഴും പ്രവർത്തനക്ഷമമായിരിക്കണമെന്നും ഡിജിപി നിർദേശിച്ചു.

Leave a Reply