Thursday, July 29, 2021

ആനത്തറിയിൽ സ്കന്ദനുമുന്നിൽ ദേവസ്വം അസി. കമ്മിഷണർ സുനിൽ കേക്കു മുറിച്ചു; കൊമ്പൻ സ്കന്ദന്റെ ഇരുപത്തിരണ്ടാം പിറന്നാൾ ആഘോഷം

Must Read

ഹരിപ്പാട്: സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ കൊമ്പൻ സ്കന്ദന്റെ ഇരുപത്തിരണ്ടാം പിറന്നാൾ ചൊവ്വാഴ്ച ആഘോഷിച്ചു. ആനത്തറിയിൽ സ്കന്ദനുമുന്നിൽ ദേവസ്വം അസി. കമ്മിഷണർ സുനിൽ കേക്കു മുറിച്ചു. ദേവസ്വം വെറ്ററിനറി ഡോക്ടർ ശശീന്ദ്രദേവ് കേക്കു നൽകി. ചോറും മധുരവുമെല്ലാം ചേർത്ത് ഗംഭീര ആനയൂട്ടും ഒരുക്കിയിരുന്നു. ഹരിപ്പാട്ടെ ആനപ്രേമികളാണ് സ്കന്ദന്റെ പിറന്നാൾ ഇങ്ങനെ ആഘോഷമാക്കിയത്.

1999 ജൂലായ് 13-ന് സുബ്രഹ്മണ്യസ്വാമി ക്ഷേത്രത്തിലെ സ്കന്ദപുരാണപാരായണത്തിന്റെ സമാപനദിവസമാണ് ഭക്തജനങ്ങൾ ആനയെ നടയ്ക്കു സമർപ്പിച്ചത്. ഹരി എന്നുപേരുള്ള കുട്ടിക്കൊമ്പനെ പാലക്കാട് ഒറ്റപ്പാലം മനിശ്ശേരി ഹരിദാസിൽനിന്നാണു വാങ്ങിയത്. ആനയ്ക്കുപേരിടാൻ ഭക്തജനങ്ങൾക്കവസരം നൽകി. പലപേരുകളിൽനിന്ന് സ്കന്ദൻ എന്നത് സുബ്രഹ്മണ്യസ്വാമിയുടെ കൊടിമരച്ചുവട്ടിൽ നറുക്കെടുപ്പിലൂടെയാണു തിരഞ്ഞെടുത്തത്. അന്നുമുതൽ ഹരി ഹരിപ്പാട്ടുകാരുടെ പ്രിയപ്പെട്ട സ്കന്ദനാണ്.

അടുത്തകാലത്തായി ദേവസ്വം ബോർഡ് ആനകളിൽ ഏറ്റവും കൂടുതൽ ക്ഷേത്രപരിപാടികളിൽ പങ്കെടുക്കാറുള്ളത് സ്കന്ദനാണ്. കഴിഞ്ഞ മാർച്ചു മുതൽ മദപ്പാടിനെത്തുടർന്ന് ക്ഷേത്രത്തിന്റെ കിഴക്കേനടയിലെ ആനത്തറിയിൽ തളച്ചിരിക്കുകയാണ്. ഇടയ്ക്ക് ദഹനക്കേടുൾപ്പെടെ അസ്വസ്ഥതകളുണ്ടായി. രണ്ടാഴ്ചയോളം നീണ്ടുനിന്ന ചികിത്സയ്ക്കുശേഷം ഇപ്പോൾ ആരോഗ്യവാനാണ്.

മദകാലം പിന്നിടുന്നതോടെ ആനയ്ക്കു സുഖചികിത്സയാരംഭിക്കും. അതിനുശേഷം ക്ഷോത്രോത്സവങ്ങളുടെ തിരക്കിലേക്ക് സ്കന്ദൻ തലയെടുപ്പോടെ നടന്നുവരുമെന്ന പ്രതീക്ഷയിലാണ് ഹരിപ്പാട്ടെ ഭക്തജനങ്ങൾ

Leave a Reply

Latest News

നിലമ്പൂരിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിന് ഹോം ഗാര്‍ഡിന്റെ ക്രൂര മര്‍ദ്ദനം

നിലമ്പൂരിൽ മദ്യപിച്ച് ബഹളമുണ്ടാക്കിയ യുവാവിന് ഹോം ഗാര്‍ഡിന്റെ ക്രൂര മര്‍ദ്ദനം. ഹോം ഗാര്‍ഡ് സെയ്തലവിയാണ് യുവാവിനെ ക്രൂരമായി മര്‍ദ്ദിച്ചത്. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ ഹോം ഗാര്‍ഡിനെതിരെ...

More News