Thursday, July 29, 2021

എറണാകുളം ജില്ലയുടെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച്‌ വൃക്ക റാഞ്ചല്‍ സംഘങ്ങള്‍ വേരുറപ്പിച്ചിട്ടും അന്വേഷണമില്ല

Must Read

കാക്കനാട്‌: എറണാകുളം ജില്ലയുടെ വിവിധ മേഖലകള്‍ കേന്ദ്രീകരിച്ച്‌ വൃക്ക റാഞ്ചല്‍ സംഘങ്ങള്‍ വേരുറപ്പിച്ചിട്ടും അന്വേഷണമില്ല. ആവശ്യക്കാരില്‍ നിന്നും വന്‍തുക പ്രതിഫലം വാങ്ങുന്ന ഇടനിലക്കാരുടെ എണ്ണം പെരുകിയ സാഹചര്യത്തില്‍ അവയവദാനത്തിനു സര്‍ക്കാര്‍ ചില മാനദണ്ഡങ്ങള്‍ കൊണ്ടുവന്നെങ്കിലും ഫലപ്രദമായില്ല. അവയവ മാഫിയയുടെ വലയില്‍ കുരുങ്ങുന്നവരിലധികവും നിര്‍ധനരാണ്‌.

ഇടനിലക്കാരും അവരുടെ പ്രതിനിധികളും ചേര്‍ന്ന്‌ ഇത്തരം കുടുംബങ്ങളെ കണ്ടെത്തിയാണ്‌ വൃക്കവേട്ടയ്‌ക്കു കളമൊരുക്കുന്നത്‌. വലിയ പ്രലോഭനങ്ങള്‍ നല്‍കി വൃക്കകളിലൊന്ന്‌ കൈക്കലാക്കുകയും തുച്‌ഛമായ പ്രതിഫലം നല്‍കി ഒഴിവാക്കുകയുമാണു പതിവ്‌. ഇങ്ങനെ കൈക്കലാക്കുന്ന വൃക്കകള്‍ 25 ലക്ഷം മുതല്‍ മുകളിലേക്ക്‌ വിലപേശിയാണു വില്‍പ്പന.

വൃക്കമാറ്റിവക്കല്‍ ശസ്‌ത്രക്രിയയ്‌ക്കു വിധേയരാകുന്നവര്‍ തങ്ങളുടെ ജീവിതപങ്കാളികള്‍, മക്കള്‍, സഹോദരങ്ങള്‍, മാതാപിതാക്കള്‍ എന്നിവരില്‍ നിന്നല്ലാതെ വൃക്ക സ്വീകരിക്കാന്‍ പാടില്ലെന്നാണ്‌ പുതിയ മെഡിക്കല്‍ നിയമം. രക്‌തബന്ധം ഉറപ്പിക്കാനാണ്‌ വിവാഹവാഗ്‌ദാനമടക്കമുള്ള ഇടനിലക്കാരുടെ പ്രലോഭനങ്ങള്‍. രക്‌തദാനത്തിന്റെ മറവില്‍പോലും പാവപ്പെട്ടവരെ വലയില്‍ വീഴ്‌ത്തിയാണ്‌ വൃക്കറാഞ്ചികള്‍ കോടികള്‍ സമ്പാദിക്കുന്നത്‌.

രക്‌തഗ്രൂപ്പിനനുസരിച്ചാണ്‌ വൃക്കയ്‌ക്കു വിലയേറുന്നത്‌. അപൂര്‍വ ഗ്രൂപ്പുകളുള്ളവരുടെ വൃക്കയ്‌ക്ക്‌ 25 ലക്ഷം മുതല്‍ ഒരു കോടി വരെ പ്രതിഫലം കിട്ടും. വിദേശപൗരന്മാരാണ്‌ ആവശ്യക്കാരെങ്കില്‍ മോഹവില കിട്ടിയേക്കാം നാമമാത്രമായ പ്രതിഫലമാണ്‌ ഇടനിലക്കാരില്‍നിന്നും ദാതാക്കള്‍ക്ക്‌ ലഭിക്കുക. ഇവരെ കാത്തിരിക്കുന്നത്‌ കടുത്ത ആരോഗ്യ പ്രശ്‌നങ്ങളും.
വിവാഹ വാഗ്‌ദാനം നല്‍കി പ്രലോഭിപ്പിച്ച ശേഷം ഒപ്പം താമസിച്ചയാള്‍ തന്റെ വൃക്കദാനം ചെയ്യിച്ച്‌ ലക്ഷങ്ങള്‍ പ്രതിഫലം വാങ്ങിയെന്ന യുവതിയുടെ പരാതിയിന്മേല്‍ വനിതാ കമ്മിഷന്‍ നേരിട്ടിടപെട്ടു. വൃക്ക റാഞ്ചല്‍ സംഘത്തിന്റെ കെണിയിലെ പുതിയ ഇരയാണ്‌ ഇവരെന്നു സംശയിക്കപ്പെടുന്നു. കാക്കനാട്‌ വാഴക്കാലയില്‍ കാന്റീന്‍ നടത്തുകയായിരുന്ന വെങ്ങോല സ്വദേശിനിയായ യുവതിയെ ആലുവ സ്വദേശിയായ റെനീഷ്‌ വിവാഹ വാഗ്‌ദാനം നല്‍കിയാണ്‌ വൃക്ക തട്ടിയെടുത്തതെന്നു പരാതിയില്‍ പറയുന്നു. തൃക്കാക്കര പോലീസിനു നല്‍കിയ പരാതിയില്‍ മൊഴി രേഖപ്പെടുത്തിയെങ്കിലും തുടര്‍ നടപടികള്‍ സ്വീകരിച്ചില്ല.
കടുത്ത സാമ്പത്തിക ബാധ്യതയില്‍നിന്നു കരകയറാനാണ്‌ താന്‍ പ്രലോഭനത്തില്‍ കുടുങ്ങിയതെന്നാണ്‌ യുവതി വനിതാ കമ്മിഷനില്‍ നല്‍കിയ പരാതിയില്‍ പറയുന്നത്‌. എട്ടു ലക്ഷം രൂപയ്‌ക്കാണ്‌ തന്റെ വൃക്ക റെനീഷ്‌ വിറ്റതെന്നും തനിക്ക്‌ ഒരു രൂപ പോലും കിട്ടിയില്ലെന്നും അവര്‍ മൊഴി നല്‍കി. യുവതിയുടെ പക്കല്‍നിന്നു പലപ്പോഴായി റനീഷ്‌ 4,35000 രൂപ തട്ടിയെടുത്തതായും പരാതിയിലുണ്ട്‌.
പരാതിയില്‍ ഒരാഴ്‌ചയ്‌ക്കകം റിപ്പോര്‍ട്ട്‌ സമര്‍പ്പിക്കാന്‍ വനിതാ കമ്മിഷനംഗം അഡ്വ: ഷിജി ശിവജി തൃക്കാക്കര പോലീസിനു നിര്‍ദേശം നല്‍കി. വാഴക്കാല മൂലേപ്പാടം റോഡിലെ വാടകവീട്ടില്‍ യുവതിയും റനീഷും ഒരുമിച്ചായിരുന്നു താമസം.

Leave a Reply

Latest News

സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ

കൊച്ചി: സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണം നിയമ ബിരുദ കോഴ്‌സ് പൂര്‍ത്തിയാക്കാനായില്ലെന്ന് വ്യാജ അഭിഭാഷക സെസിസേവ്യർ. കോടതിയിൽ വ്യാജമായി പ്രാക്ടീസ് നടത്തിയ കേസിലെ പ്രതി സെസി സേവ്യര്‍ ഹൈക്കോടതിയിൽ...

More News