കണ്ണൂര്‍: സെര്‍വര്‍ തകരാര്‍ പരിഹരിച്ചിട്ടും ചിലരുടെ പ്രേരണയ്ക്ക് വിധേയമായി ചൊവ്വാഴ്ച റേഷന്‍ കടകളടച്ച ലൈസന്‍സികളുടെ നടപടി അംഗീകരിക്കാനാവില്ലെന്നു മന്ത്രി ജി.ആര്. അനില്‍ പറഞ്ഞു. ജനങ്ങളെ സഹായിക്കേണ്ടവരാണ് റേഷന്‍ വ്യാപാരികള്‍ എന്ന ബോധ്യം ലൈസന്‍സികള്‍ക്കുണ്ടാവണമെന്നും അദ്ദേഹം സൂചിപ്പിച്ചു.
കേരള സ്റ്റേറ്റ് സിവില്‍ സപ്ലൈസ് കോര്‍പ്പറേഷന്റെ (സപ്ലൈകോ) ഓണ്‍ലൈന്‍ വില്പനയുടെയും ഹോം ഡെലിവറിയുടെയും ജില്ലാതല ഉദ്ഘാടനം കണ്ണൂര്‍ പോലീസ് സഭാഹാളില്‍ നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
ചൊവ്വാഴ്ച തുറന്ന 4000 റേഷന്‍ കടകള്‍ വഴി ഒരു ലക്ഷത്തി തൊണ്ണൂറായിരം കുടുംബങ്ങള്‍ റേഷന്‍ വാങ്ങിയതായാണു കണക്ക്. റേഷന്‍ വിതരണത്തില്‍ ഇപ്പോള്‍ തടസമില്ല. എങ്കിലും ചില സെര്‍വര്‍ തകരാറുകള്‍ പൂര്‍ണ്ണമായി പരിഹരിക്കാന്‍ രാവിലെ 7 ജില്ലകള്‍, ഉച്ചക്ക് ശേഷം 7 ജില്ലകള്‍ എന്ന തരത്തില്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. അഞ്ച് ദിവസത്തേക്കാണിത്-മന്ത്രി പറഞ്ഞു.
ജനങ്ങള്‍ക്ക് ന്യായവിലക്ക് ഉല്പന്നങ്ങള് ലഭ്യമാക്കാനാണ് സര്‍ക്കാരിന്റെ ശ്രമം. അതിന്റെ ഭാഗമായി സപ്ലൈകോ ഷോറൂമുകള്‍ നവീകരിക്കും. മാര്‍ച്ചോടെ കേരളത്തിലാകെ ഓണ്‍ലൈന്‍ വില്പനക്കുള്ള സൗകര്യം ഏര്‍പ്പെടുത്തും. വിതരണം ചെയ്ുന്ന സാധയനങ്ങളുടെ ഗുണനിലവാരം ഉറപ്പു വരുത്താന്‍ എഫ് സി ഐ ഉദ്യോഗസ്ഥരുടെയും സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെയും സംയുക്ത പരിശോധന ഏര്‍പ്പെടുത്തും. മന്ത്രി ജി ആര്. അനില്‍ പറഞ്ഞു.