കൂളിമാടു പാലം നിര്‍മാണത്തിലിരിക്കേ തകര്‍ന്നുവീണ സംഭവത്തില്‍ പൊതുമരാമത്ത്‌ വകുപ്പ്‌ ഉദ്യോഗസ്‌ഥരുടേതു ഗുരുതര വീഴ്‌ചയെന്ന്‌ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്‌

0

കോഴിക്കോട്‌ : മലപ്പുറം,കോഴിക്കോട്‌ ജില്ലകളെ ബന്ധിപ്പിക്കുന്ന കൂളിമാടു പാലം നിര്‍മാണത്തിലിരിക്കേ തകര്‍ന്നുവീണ സംഭവത്തില്‍ പൊതുമരാമത്ത്‌ വകുപ്പ്‌ ഉദ്യോഗസ്‌ഥരുടേതു ഗുരുതര വീഴ്‌ചയെന്ന്‌ വകുപ്പുതല അന്വേഷണ റിപ്പോര്‍ട്ട്‌. പൊതുമരാമത്ത്‌ വകുപ്പ്‌ വിജിലന്‍സ്‌ വിഭാഗത്തിന്റേതാണ്‌ കണ്ടെത്തല്‍.
പാലം നിര്‍മാണം പുരോഗമിക്കുമ്പോള്‍ പ്രവൃത്തിയുടെ ചുമതലയുണ്ടായിരുന്ന എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയറും അസിസ്‌റ്റന്റ്‌ എക്‌സിക്യൂട്ടീവ്‌ എന്‍ജിനീയറും സ്‌ഥലത്തുണ്ടായിരുന്നില്ല. നിര്‍മാണക്കരാര്‍ ഏറ്റെടുത്ത ഊരാളുങ്കല്‍ സൊസൈറ്റിയുടെ ജീവനക്കാര്‍മാത്രമാണ്‌ സംഭവ സ്‌ഥലത്തുണ്ടായിരുന്നത്‌.
കൂളിമാട്‌ പാലത്തിന്റെ നിര്‍മാണ ചുമതലയുണ്ടായിരുന്ന എക്‌സിക്യുട്ടീവ്‌ എന്‍ജിനീയര്‍ പി.ബി. ബൈജു കലാകായിക മേളയുടെ സംഘാടനത്തിന്റെ ഭാഗമായി ഒരാഴ്‌ചയായി ബത്തേരിയിലായിരുന്നു. സുല്‍ത്താന്‍ ബത്തേരിയില്‍ അസോസിയേഷന്‍ സംസ്‌ഥാന സമിതിയില്‍ പങ്കെടുക്കുകയായിരുന്നു മറ്റ്‌ എന്‍ജിനീയര്‍മാര്‍. രാവിലെ ഒന്‍പതിനു പാലം തകര്‍ന്നെങ്കിലും ഉച്ചതിരിഞ്ഞ്‌ മൂന്നുമണിയോടെ മാത്രമാണ്‌ ഉദ്യോഗസ്‌ഥര്‍ സ്‌ഥലത്തെത്തിയതെന്നും അന്വേഷണത്തില്‍ വ്യക്‌തമായി.
പാലത്തില്‍ ബീമുകള്‍ രണ്ട്‌ ഹൈ്രഡോളിക്‌ ജാക്കികള്‍ ഉപയോഗിച്ച്‌ ഉറപ്പിച്ചപ്പോള്‍ ഒന്ന്‌ പ്രവര്‍ത്തനരഹിതമായതാണ്‌ തകര്‍ച്ചക്കിടയാക്കിയതെന്ന്‌ ഊരാളുങ്കല്‍ അധികൃതര്‍ നേരത്തെ വ്യക്‌തമാക്കിയിരുന്നു. ഈ പ്രവൃത്തി നടക്കുമ്പോള്‍ കരയില്‍നിന്ന്‌ വാക്കിടോക്കി വഴി നിര്‍ദേശങ്ങള്‍ നല്‍കുകയും പ്രവൃത്തിയില്‍ വീഴ്‌ചയില്ലെന്ന്‌ ഉറപ്പിക്കുകയും ചെയ്യേണ്ടത്‌ പൊതുമരാമത്ത്‌ വകുപ്പിലെ എന്‍ജിനീയര്‍മാരാണ്‌. എന്നാല്‍ ഇവരാണ്‌ മറ്റു പരിപാടികളുമായി കൃത്യനിര്‍വഹണത്തില്‍ വീഴ്‌ച വരുത്തിയത്‌.
വീഴ്‌ച കണ്ടെത്തിയിട്ടും വകുപ്പുതല നടപടി സ്വീകരിക്കാന്‍ പൊതുമരാമത്ത്‌ മന്ത്രി മുഹമ്മദ്‌ റിയാസ്‌ മടിച്ചതായും ആരോപണമുണ്ട്‌. ചാലിയാറിന്‌ കുറുകേയുള്ള കൂളിമാട്‌ കടവ്‌ പാലത്തിന്റെ മൂന്ന്‌ പ്രധാന ബീമുകളാണ്‌ നിര്‍മാണത്തിന്റെ അവസാന ഘട്ടത്തില്‍ തകര്‍ന്നുവീണത്‌.
അപകടത്തിലൂടെ ഒന്നരക്കോടി മുതല്‍ മുതല്‍ രണ്ട്‌ കോടി രൂപ വരെ നഷ്‌ടമുണ്ടായെന്നാണ്‌ ഊരാളുങ്കല്‍ സൊസൈറ്റിയുടെ വിലയരുത്തല്‍. പ്രളയ നിരപ്പനുസരിച്ച്‌ പാലത്തിന്‌ ഉയരമില്ലെന്ന്‌ തെളിഞ്ഞതിനെ തുടര്‍ന്ന്‌ ഒരു ഘട്ടത്തില്‍ നിര്‍മാണം നിര്‍ത്തിവച്ചിരുന്നു. പരാതിയെത്തുടര്‍ന്ന്‌ ഡിസൈനിങ്‌ വിഭാഗമാണ്‌ വീണ്ടും മാറ്റങ്ങള്‍ നിര്‍ദേശിച്ചത്‌. ഇതോടെ കരാര്‍ തുകയും ഉയര്‍ന്നു.

LEAVE A REPLY

Please enter your comment!
Please enter your name here