കണ്ണൂർ: ബി.ജെ.പി നേതാവും അധ്യാപകനുമായ പത്മരാജൻ പ്രതിയായ പാലത്തായി പീഡനക്കേസ് സി.ബി.ഐ അന്വേഷിക്കണമെന്ന് പ്രതിയുടെ ഭാര്യ. ഇക്കാര്യം ഉന്നയിച്ച് മുഖ്യമന്ത്രി പിണറായി വിജയന് പരാതി നൽകി. പരാതിയിൽ അനുകൂല തീരുമാനം ഇല്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് ബി.ജെ.പി ജില്ലാ പ്രസിഡൻറ് എൻ. ഹരിദാസ് പാർട്ടി ജില്ല ആസ്ഥാനമായ മാറാർജി ഭവനിൽ നടത്തിയ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
കണ്ണൂർ പാനൂർ പാലത്തായിയിൽ നാലാം ക്ലാസുകാരിയെ അധ്യാപകൻ കൂടിയായ പത്മരാജൻ സ്കൂളിൽവെച്ചും പുറത്തുവെച്ചും പീഡിപ്പിച്ചെന്നാണ് കേസ്. തുടക്കം മുതൽ അന്വേഷണം ഇഴഞ്ഞുനീങ്ങിയ കേസിൽ ജനകീയ ഇടപെടലിനെ തുടർന്നാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. എന്നാൽ, പോക്സോ ഒഴിവാക്കി നിസ്സാര വകുപ്പുകൾ മാത്രം ചുമത്തി കുറ്റപത്രം സമർപ്പിച്ചതിലൂടെ പ്രതി ജാമ്യത്തിലിറങ്ങി. കേസിന്റെ മേൽനോട്ട ചുമതലയുള്ള ഐ.ജി എസ് ശ്രീജിത്ത് ഇരയെ അധിക്ഷേപിച്ചും പ്രതിക്ക് അനുകൂലമായും നടത്തിയ ഫോൺ സംഭാഷണം പുറത്ത് വന്നത് വലിയ വിവാദമായിരുന്നു.
തുടർന്ന്, കേസ് അട്ടിമറിക്കാൻ പൊലീസ് ശ്രമിക്കുകയാണെന്നും പ്രതിയെ സംരക്ഷിക്കുന്നുവെന്നും ചൂണ്ടികാട്ടി പെൺകുട്ടിയുടെ അമ്മ ഹൈകോടതിയിൽ ഹർജി നൽകി. ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘത്തിൽ വിശ്വാസമില്ലെന്നും പുതിയ സംഘത്തെ നിയോഗിക്കണമെന്നും ഹൈക്കോടതി ഉത്തരവിട്ടു. പഴയ അന്വേഷണ സംഘത്തിലെ ആരെയും പുതുതായി രൂപീകരിക്കുന്ന സംഘത്തിൽ ഉൾപ്പെടുത്തരുതെന്നും ഹൈകോടതി നിർദേശം നൽകിയിരുന്നു. ഇതിെൻറ അടിസ്ഥാനത്തിലാണ് തളിപറമ്പ് ഡിവൈ.എസ്.പി രത്നകുമാറിന് അന്വേഷണ ചുമതല നല്കിയത്. എ.ഡി.ജി.പി ജയരാജനാണ് മേൽനോട്ട ചുമതല.
പുതിയ അന്വേഷണ സംഘം ശാസ്ത്രീയ തെളിവുശേഖരണവുമായി മുന്നോട്ട് പോകുന്നത് പ്രതിയെ തുടക്കം മുതൽ സംരക്ഷിച്ച ബി.ജെ.പി നേതൃത്വത്തെ ആശങ്കയിലാക്കിയിരിക്കുകയാണ്. ഇതിെൻറ ഭാഗാമയാണ് അന്വേഷണം സി.ബി.ഐയെ ഏൽപിക്കണമെന്ന ആവശ്യവുമായി ജില്ലാ നേതൃത്വം തന്നെ രംഗത്തെത്തിയത്. പോക്സോ അടക്കം ചുമത്തുമെന്ന തിരിച്ചറിവാണ് പ്രതിയുടെ ഭാര്യയെ കൊണ്ട് മുഖ്യമന്ത്രിക്ക് പരാതി നൽകാൻ പ്രേരിപ്പിച്ചെതന്നും പറയപ്പെടുന്നു. മതമൗലികവാദികളുടെ ആവശ്യത്തിനനുസരിച്ച് ഭരണപക്ഷം പാലത്തായി പീഡനക്കേസ് അട്ടിമറിക്കാൻ ശ്രമിക്കുകയാണെന്നാണ് ബി.ജെ.പി നേതാക്കൾ വാർത്താസമ്മേളനത്തിൽ പറഞ്ഞത്. ഇപ്പോൾ അന്വേഷിക്കുന്നത് സംസ്ഥാന സർക്കാരിന്റെ ചൊൽപ്പടിക്ക് നിൽക്കുന്നവരാണെന്നും ഇവർ ആരോപിക്കുന്നു.
തളിപ്പറമ്പ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിലുള്ള അന്വേഷണത്തിൽ വിശ്വാസമില്ലന്നും മേൽനോട്ട ചുമതലയുള്ള എ.ഡി.ജി.പി ജയരാജൻ വകുപ്പ്തല നടപടി നേരിട്ടയാളാണെന്നും ബി.ജെ.പി ആരോപിക്കുന്നു.
English summary
Defendant’s wife wants CBI to probe bridge torture case