കൊച്ചി: ആലുവ ലിമ ജ്വല്ലറിയിൽ മോഷണം നടത്തിയ കേസിലെ പ്രതികൾ പിടിയിൽ. ചാവക്കാട് സ്വദേശി മുഹമ്മദ് റാഫി, തൃശൂർ മരോട്ടിച്ചാൽ സ്വദേശി ഷിജോ എന്നിവരാണ് അറസ്റ്റിലായത്.
കഴിഞ്ഞ ശനിയാഴ്ചയാണ് സംഭവം. കാറിൽ വന്നിറങ്ങിയ ഒരാൾ ഒരു പവൻ തൂക്കം വരുന്ന സ്വർണ മാലയും താലിയും നൽകാൻ ആവശ്യപ്പെട്ടു. ജ്വല്ലറി ഉടമ മാല കാണിച്ചതോടെ ഇത് പരിശോധിക്കാനെന്ന വ്യാജേന യുവാവ് മാല കൈയിലേക്ക് വാങ്ങി.
തുടർന്ന് സ്വർണ മാലയുമായി യുവാവ് പെട്ടെന്ന് പുറത്തേക്കിറങ്ങി കടന്നുകളയുകയായിരുന്നു. ജ്വല്ലറിയിലെ സിസിടിവി ദൃശ്യങ്ങളടക്കം ശേഖരിച്ച് നടത്തിയ പരിശോധനയിലാണ് പ്രതിയെക്കുറിച്ച് സൂചന ലഭിച്ചത്.
ചാവക്കാട് നിന്നുമാണ് ഇവരെ പോലീസ് പിടികൂടിയത്. മോഷ്ടിച്ച സ്വർണം മാള പുത്തൻചിറയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പണയപ്പെടുത്തിയിട്ടുണ്ടെന്ന് പ്രതി പോലീസിന്റെ ചോദ്യം ചെയ്യലിൽ സമ്മതിച്ചു.
മുഹമ്മദ് റാഫി മാല മോഷണം, ചന്ദനക്കടത്ത് കേസുകളിലും, ഷിജോ കഞ്ചാവ് കേസിലും നേരത്തെ പ്രതികളായിട്ടുണ്ട്.
English summary
Defendants in Aluva Lima jewelery theft case arrested