ചെങ്ങന്നൂര്‍: മകന് ജോലി ചെയ്തതിന്റെ കൂലി ചോദിച്ചതിന് വീടിന് തീവച്ച കേസില്‍ പ്രതിയ്ക്ക് ഏഴു വര്‍ഷം തടവും 50,000 രൂപ പിഴയും. വെണ്മണി കോടുകുളഞ്ഞി പൂമൂട്ടില്‍ കിഴക്കേതില്‍ വീട്ടില്‍ സന്തോഷി(പൂമൂടന്-50)നെയാണ് ചെങ്ങന്നൂര്‍ അഡി. സെഷന്‍സ് കോടതി ജഡ്ജ് ആര്. സുരേഷ്കുമാര്‍ ശിക്ഷിച്ചത്. പിഴ അടയ്ക്കാതിരുന്നാല്‍ ആറു മാസം തടവിനും വിധിച്ചിട്ടുണ്ട്.
2019 ലാണ് കേസിനാസ്പദമായ സംഭവം. കോടുകുളഞ്ഞി കൃഷ്ണാലയം വീട്ടില്‍ മധുവിന്റെ മകന് അനൂപിനെ ഒന്നര മാസത്തോളം സന്തോഷ് തിരുവനന്തപുരത്ത് ജോലിക്കു കൊണ്ടുപോയിരുന്നു. ശമ്പളം കൊടുക്കാതിരുന്നതിനെത്തുടര്ന്ന് മകന്റെ കൂലി അച്ഛന് പ്രതിയോട് പലപ്രാവശ്യം ചോദിച്ചു. ഇതിന്റെ വിരോധത്തില്‍ 2019 ജനുവരി 13 ന് വൈകിട്ട് നാലിന് മധുവിന്റെ വീട്ടില്‍ അതിക്രമിച്ചു കയറി മോട്ടോര്‍സൈക്കിള്‍ അടിച്ചു തകര്‍ത്തു. വാഹനത്തിന്റെ പെട്രോള്‍ ടാങ്കില്‍ നിന്നും പെട്രോള്‍ എടുത്ത് മധുവും കുടുംബവും താമസിച്ചിരുന്ന വീടിന് മുകളില്‍ ഒഴിച്ച് തീവച്ചു.
തടയാന്‍ ശ്രമിച്ച മധുവിനെ കൈത്തൂമ്പകൊണ്ട് ആക്രമിച്ചു. വീടും വീട്ടുപകരണങ്ങളും കത്തി നശിച്ചു. വീട് നിര്‍മാണത്തിനായി സൂക്ഷിച്ചിരുന്ന നാലര ലക്ഷം രൂപയും അഗ്നിയ്ക്കിരയായി.
മധുവിന്റെ പരാതിയുടെ അടിസ്ഥാനത്തില്‍ വെണ്മണി പോലീസ് സബ് ഇന്‍സ്പെക്ടര്‍മാരായിരുന്ന സന്തോഷ്കുമാര്‍, രാജീവ്കുമാര്‍ എന്നിവര്‍ അന്വേഷണം നടത്തിയാണ് കുറ്റപത്രം സമര്‍പ്പിച്ചത്. വെണ്മണി പോലീസ് സ്റ്റേഷനില്‍ മൂന്നു കേസുകളില്‍ സന്തോഷ് പ്രതിയാണ്. പ്രോസിക്യൂഷന് വേണ്ടി എ.പി.പി: രഞ്ജി ചെറിയാന് ഹാജരായി.