മദ്യപാനത്തിനിടെ ഗുണ്ടകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതര പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന പ്രതി മരിച്ചു

0

തിരുവനന്തപുരം ∙ മദ്യപാനത്തിനിടെ ഗുണ്ടകൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഗുരുതര പരുക്കേറ്റ് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കൊലക്കേസ് പ്രതി പോങ്ങുംമൂട് ബാബുജി നഗർ തൃക്കേട്ടയിൽ ദീപു (40) മരിച്ചു. തലയിലുണ്ടായ ഗുരുതരമായ പരുക്കാണു മരണകാരണം. ദീപുവിനെ ഒരാഴ്ച മുൻപ് ജാമ്യത്തിലിറക്കിയവർ തന്നെയാണ് അതിന്റെ ആഘോഷത്തിനിടെ മദ്യക്കുപ്പിയും കല്ലും കൊണ്ട് ആക്രമിച്ചത്. കഴിഞ്ഞ ബുധനാഴ്ച രാത്രി കാട്ടായിക്കോണത്തിനു സമീപം മേലേ ചന്തവിളയിൽ ടിപ്പർ ലോറി ഡ്രൈവർമാർ താമസിക്കുന്ന വാടക മുറിയിലായിരുന്നു സംഭവം.

അര മണിക്കൂറിലേറെ റോഡരികിൽ രക്തം വാർന്നു കിടന്ന ദീപുവിനെ സമീപവാസികൾ അറിയിച്ചതിനെ തുടർന്നു പൊലീസാണ് ആശുപത്രിയിൽ എത്തിച്ചത്. കുപ്പി കൊണ്ട് തലയ്ക്കടിക്കുന്നതിന്റെയും കല്ലു കൊണ്ടു തലയിലും നെഞ്ചിലും ഇടിക്കുന്നതിന്റെയും ദൃശ്യങ്ങൾ സമീപത്തെ വ്യാപാര സ്ഥാപനത്തിൽ നിന്നു ലഭിച്ചു. ഗുണ്ടകളായ കല്ലിക്കോട് സ്റ്റീഫൻ, അരിവിക്കരക്കോണം ചിറ്റൂർ സ്വദേശി അയിരൂപ്പാറ കുട്ടൻ എന്ന സുനിൽ കുമാർ (46), കിളിമാനൂർ പഴയകുന്നുമ്മേൽ സ്വദേശി ലിബിൻ രാജ് (32), കാട്ടായിക്കോണം ശാസ്തവട്ടം സ്വദേശി മോജിത് എന്ന പ്രവീൺ കുമാർ (32) എന്നിവർ അറസ്റ്റിലായി.

ദീപുവിനെ ജാമ്യത്തിലിറക്കാൻ സഹായിച്ച അയിരൂപ്പാറ കുട്ടനും ബോംബ് നിർമാണത്തിനിടെ ഇരുകൈകളും നഷ്ടപ്പെട്ട സ്റ്റീഫനും ഒട്ടേറെ കേസുകളിൽ പ്രതികളാണ്. പറഞ്ഞതു ചെയ്തില്ലെങ്കിൽ സുഹൃത്തുക്കളെ പോലും ആക്രമിക്കുന്ന സ്വഭാവമുള്ളതിനാൽ ദീപുവിനു ‘മെന്റൽ ദീപു’ എന്നു വിളിപ്പേര് ഉണ്ടായിരുന്നു.

കഴക്കൂട്ടത്തെ മണ്ണു മാഫിയയുടെ ഭാഗമായിരുന്നു 4 പേരും. 2020 സെപ്റ്റംബറിൽ ശ്രീകാര്യം ചേന്തിയിൽ സംഘത്തിലെ അംഗമായ ശരത് ലാലിനെ വെട്ടിപ്പരുക്കേൽപിച്ച സംഭവത്തിലും കഴക്കൂട്ടത്ത് പച്ചക്കറി വിൽപനക്കാരനെ വെട്ടിക്കൊന്ന കേസിലും പ്രതിയാണ്. അച്ഛൻ: ശശികുമാർ (പരേതൻ), അമ്മ: സീത.

Leave a Reply