Sunday, October 17, 2021

വിവിധ ജില്ലകളില്‍നിന്നു വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത്‌ തമിഴ്‌നാട്ടില്‍ കൊണ്ടുപോയി വില്‍പ്പന നടത്തി വന്ന പ്രതി പിടിയില്‍

Must Read

കട്ടപ്പന: വിവിധ ജില്ലകളില്‍നിന്നു വാഹനങ്ങള്‍ വാടകയ്‌ക്കെടുത്ത്‌ തമിഴ്‌നാട്ടില്‍ കൊണ്ടുപോയി വില്‍പ്പന നടത്തി വന്ന പ്രതി പിടിയില്‍. കട്ടപ്പന വെള്ളയാംകുടി കൂനംപാറയില്‍ ജോമോനെ (ടോം-44)യാണ്‌ ഡിവൈ.എസ്‌.പി: വി.എ. നിഷാദിന്റെ നേതൃത്വത്തില്‍ തമിഴ്‌നാട്ടില്‍ നിന്നും പിടികൂടിയത്‌. നെടുങ്കണ്ടം പോലീസ്‌ സ്‌റ്റേഷനില്‍ രജിസ്‌റ്റര്‍ ചെയ്‌തിട്ടുള്ള വഞ്ചനാ കേസില്‍ നടത്തിയ അന്വേഷണത്തിലാണ്‌ പ്രതി കുടുങ്ങിയത്‌.
അന്വേഷണം വ്യാപിപ്പിച്ചതോടെ അറസ്‌റ്റ്‌ ഭയന്ന്‌ തമിഴ്‌നാട്ടിലേക്ക്‌ കടന്ന പ്രതി തേനിയില്‍ ഒളിവില്‍ കഴിയവെയാണ്‌ കട്ടപ്പന പോലീസ്‌ പിടികൂടിയത്‌. ചെറിയ വാടകയ്‌ക്ക്‌ വാഹനങ്ങള്‍ കൈക്കലാക്കിയ ശേഷം തമിഴ്‌നാട്ടിലെത്തിച്ച്‌ വില്‍പന നടത്തുകയാണ്‌ ഇയാളുടെ രീതി. വിവിധ ബാങ്കുകളില്‍ നിന്നും കോടിക്കണക്കിന്‌ രൂപ ലോണ്‍ ശരിയാക്കി കൊടുക്കാമെന്ന്‌ പറഞ്ഞ്‌ കമ്മീഷന്‍ ഇനത്തില്‍ ലക്ഷങ്ങള്‍ വഞ്ചിച്ചതായും പരാതിയുണ്ട്‌. 30 ലക്ഷം രൂപ തരപ്പെടുത്തി നല്‍കാമെന്ന്‌ വിശ്വസിപ്പിച്ച്‌ രണ്ടര ലക്ഷം രൂപ കമ്മിഷനായി വാങ്ങിയ സംഭവത്തിലാണ്‌ നെടുങ്കണ്ടം സ്‌റ്റേഷനില്‍ കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിരിക്കുന്നത്‌. ഇതിനു പുറമേ 64 ലക്ഷം രൂപ വിലവരുന്ന കൂട്ടാര്‍ സ്വദേശിനിയുടെ വസ്‌തു സ്വന്തം പേരിലേക്ക്‌ രജിസ്‌റ്റര്‍ ചെയ്‌തത്‌ പണം കൊടുക്കാതെ വഞ്ചിച്ചതായും പരാതിയുണ്ട്‌. തുടര്‍ന്ന്‌ വസ്‌തു തന്റെ പേരിലേക്ക്‌ മാറ്റി മറിച്ചു വില്‍ക്കുകയായിരുന്നു. ഈ സ്‌ഥലം കന്യാകുമാരി സ്വദേശി മൈക്കിള്‍ രാജ്‌ എന്നയാള്‍ക്ക്‌ നല്‍കാമെന്ന്‌ പറഞ്ഞ്‌ അദ്ദേഹത്തിന്റെ കൈയില്‍ നിന്നും 23 ലക്ഷം രൂപ കൈപ്പറ്റി വഞ്ചിച്ച കേസും നിലനില്‍ക്കുന്നുണ്ട്‌.
പാലക്കാട്‌ ജില്ലയിലെ ആലത്തൂര്‍ ബീവറേജ്‌ ഷോറൂം കുത്തിത്തുറന്ന്‌ മോഷണം നടത്തിയ കേസില്‍ ഇയാള്‍ ഇപ്പോഴും വിചാരണ നേരിടുകയാണ്‌. 2012 കാലയളവില്‍ കോട്ടയം, എറണാകുളം ജില്ലകളിലെ ആരാധനാലയങ്ങള്‍ കേന്ദ്രീകരിച്ച്‌ മോഷണ പരമ്പര നടത്തിയതതിന്‌ ഇയാളെ 2015ല്‍ കട്ടപ്പനയില്‍ നിന്നും അറസ്‌റ്റ്‌ ചെയ്‌തിരുന്നു. മൂവാറ്റുപുഴയില്‍ സൂപ്പര്‍മാര്‍ക്കറ്റ്‌ നടത്തി മോഷണ സ്വഭാവമുള്ള ആളുകളെ ജീവനക്കാരായി നിയമിച്ച ശേഷം അവര്‍ക്കൊപ്പമാണ്‌ ആരാധനാലയങ്ങളില്‍ മോഷണം നടത്തി വന്നിരുന്നത്‌. മോഷണം നടത്തി കിട്ടുന്ന പണം സൂപ്പര്‍മാര്‍ക്കറ്റ്‌ വഴിയാണ്‌ ചിലവാക്കിയിരുന്നത്‌.
മുനമ്പം, പിറവം, പെരുമ്പാവൂര്‍, വെള്ളൂര്‍, മുളന്തുരുത്തി, കമ്പംമെട്ട്‌, മാന്നാര്‍ സ്‌റ്റേഷനുകളില്‍ പ്രതിക്കെതിരെ വാഹനം വാടകയ്‌ക്കെടുത്ത്‌ മറിച്ചുവിറ്റതിനു കേസ്‌ രജിസ്‌റ്റര്‍ ചെയ്‌തിട്ടുണ്ട്‌. ഇടുക്കി ജില്ലാ പോലീസ്‌ മേധാവി ആര്‍. കറുപ്പസ്വാമിയുടെ നേതൃത്വത്തില്‍ കട്ടപ്പന ഡിവൈ.എസ്‌.പി: വി.എ. നിഷാദ്‌ മോന്‍, നെടുങ്കണ്ടം സി.ഐ. ബി.എസ്‌. ബിനു, നെടുങ്കണ്ടം എസ്‌.ഐ: അജയകുമാര്‍, എസ്‌.ഐ: സജിമോന്‍ ജോസഫ്‌, എ.എസ്‌.ഐമാരായ ബേസില്‍ പി. ഐസക്ക്‌, എസ്‌. സുബൈര്‍, സി.പി.ഒമാരായ ടോണി ജോണ്‍, വി.കെ. അനീഷ്‌ എന്നിവരാണ്‌ അന്വേഷണ സംഘത്തിലുണ്ടായിരുന്നത്‌.

Leave a Reply

Latest News

കനത്തമഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിർത്തിയിട്ടിരുന്ന സ്കൂൾ വാൻ ഒഴുകിപ്പോയി

കനത്തമഴയെ തുടർന്നുണ്ടായ മലവെള്ളപ്പാച്ചിലിൽ നിർത്തിയിട്ടിരുന്ന സ്കൂൾ വാൻ ഒഴുകിപ്പോയി. മുണ്ടക്കയം ഇടക്കുന്നത്താണ് സംഭവം. സ്കൂൾ മുറ്റത്ത് നിർത്തിയിട്ടിരുന്ന വാനാണ് ഒഴുകിപോയത്. ആളപായമില്ല.

More News