തിരുവനന്തപുരം: വിതുരയില്‍ വീടിനുള്ളില്‍ മൃതദേഹം കുഴിച്ചിട്ട സംഭവത്തിലെ പ്രതി അറസ്റ്റില്‍. ഞായറാഴ്ച പുലര്‍ച്ച വീടിനടുത്ത ഉള്‍വനത്തില്‍ നിന്നാണ് വിതുര പൊലീസ് ഇയാളെ പിടികൂടിയത്.
ബുധനാഴ്ചയാണ് കേസിനാസ്പദമായ സംഭവം. താജുദ്ദീന്റെ വീട്ടില്‍ വാറ്റ് ചാരായം കുടിക്കാന്‍ എത്തിയ മാധവനാണ് കൊല്ലപ്പെട്ടത്. ചാരായം കുടിച്ച ശേഷം കൊടുക്കാന്‍ കൈയില്‍ പണം ഇല്ലാത്തതിനെ തുടര്ന് ഇരുവരും തമ്മില്‍ തര്‍ക്കമായി. തുടര്‍ന്ന് അവിടെ ഉണ്ടായിരുന്ന റബ്ബര്‍ വടികൊണ്ട് മാധവന്റെ തലയ്ക്കടിച്ചു. അടികൊണ്ട മാധവന് നിലവിളിച്ചതോടെ പ്രതി തുണി വായില്‍ തിരുകി വീണ്ടും തലയ്ക്കടിയ്ക്കുകയായിരുന്നു. ഇതോടെ ബോധം നഷ്ടപ്പെട്ട മാധവനെ വീട്ടില്‍ ഉപേക്ഷിച്ച് താജുദ്ദീന് പുറത്തേക്കിറങ്ങിപ്പോയി. തിരികെ വന്നുനോക്കിയപ്പോള്‍ മാധവന് മരിച്ചതായി മനസിലാക്കി.
മൃതദേഹം പുറത്ത് കുഴിയെടുത്ത് മൂടാമെന്ന് കരുതിയെങ്കിലും സാഹചര്യം ഒത്തുവന്നില്ല. പിറ്റേദിവസം ദുര്‍ഗന്ധം വമിച്ചതോടെ മൃതദേഹം വീട്ടിനകത്ത് തന്നെ കുഴിയെടുത്ത് മൂടുകയായിരുന്നു. പ്രതി വീട്ടില്‍ ചാരായം നിര്‍മ്മിക്കുന്നതായി പൊലീസ് കണ്ടെത്തി. വീട്ടില്‍ നിന്ന് അരലിറ്റര്‍ ചാരായവും പൊലീസ് കണ്ടെടുത്തു. ഇയാളെ തിങ്കളാഴ്ച കോടതിയില്‍ ഹാജരാക്കും.
English summary
Defendant arrested for burying body inside house He was apprehended by the Vithura police from the forest near his house on Sunday morning.