Saturday, May 15, 2021

മരണം 41 ; ഇന്ന് രോഗം സ്ഥിരീകരിച്ചത് 35013 പേർക്ക്

Must Read

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 35013 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 41 പേരുടെ മരണം കൊവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു. 1,38,190 ടെസ്റ്റുകൾ നടത്തി. ചികിത്സയിലുള്ളത് 266646 പേരാണ്. രോഗവ്യാപനം വലിയ തോതിലാണ് ഉണ്ടാകുന്നതെന്നും നിലവിലെ സ്ഥിതിയിൽ നിയന്ത്രണങ്ങൾ ശക്തിപ്പെടുത്തുമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

ജില്ലകളിലെ കൊവിഡ് കണക്ക്

എറണാകുളം 5287, കോഴിക്കോട് 4317, തൃശൂര്‍ 4107, മലപ്പുറം 3684, തിരുവനന്തപുരം 3210, കോട്ടയം 2917, ആലപ്പുഴ 2235, പാലക്കാട് 1920, കണ്ണൂര്‍ 1857, കൊല്ലം 1422, ഇടുക്കി 1251, പത്തനംതിട്ട 1202, കാസര്‍ഗോഡ് 872, വയനാട് 732 എന്നിങ്ങനേയാണ് ജില്ലകളില്‍ ഇന്ന് രോഗ ബാധ സ്ഥിരീകരിച്ചത്.

മുഖ്യമന്ത്രിയുടെ വാക്കുകൾ

വലിയ തോതിലുള്ള വ്യാപനത്തിന്റെ ഘട്ടമാണ്. കൂടുതൽ നിയന്ത്രണങ്ങൾ ശക്തമാക്കുകയാണ് ഇപ്പോൾ ചെയ്യാവുന്ന ഉചിതമായ കാര്യം. ആളുകൾ പുറത്തിറങ്ങുന്നതും കൂട്ടംകൂടുന്നതും ഒഴിവാക്കണം. ഓക്സിജൻ ആവശ്യത്തിന് ലഭ്യമാക്കും. ഓക്സിജൻ നീക്കം സുഗമമാക്കാൻ എല്ലാ തലത്തിലും ഇടപെടും. കാസർകോട് ജില്ലയിൽ കർണാടകത്തിൽ നിന്നാണ് ഓക്സിജൻ ലഭിക്കാറുള്ളത്. അവിടെ തടസമുണ്ട്. കർണാടക ചീഫ് സെക്രട്ടറിയുമായി സംസ്ഥാന ചീഫ് സെക്രട്ടറി സംസാരിക്കും. ഓക്സിജൻ പോലുള്ള ഒന്നിന്റെ കാര്യത്തിൽ സാധാരണ ലഭ്യമാകുന്നത് തടസപ്പെടുന്നത് ശരിയല്ല. പാലക്കാട് നിന്ന് ഓക്സിജൻ കർണാടകത്തിലേക്ക് അയക്കുന്നുണ്ട്. അത് തടസപ്പെടുത്തിയിട്ടില്ല. അതെല്ലാം കർണാടകത്തിന്റെ ശ്രദ്ധയിൽപെടുത്തും. കാസർകോടടക്കം ഓക്സിജൻ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുന്നുണ്ട്. ഓക്സിജൻ പ്രശ്നം പ്രത്യേകമായി ഇന്ന് ചർച്ച ചെയ്തു.

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് ചില ജില്ലകളിൽ ചില തദ്ദേശ സ്ഥാപന അതിർത്തിക്കുള്ളിലും വലിയ തോതിൽ വർധിച്ചു. ഇത് കുറച്ച് കൊണ്ടുവരാൻ സാധ്യമായതെല്ലാം ചെയ്യും. രോഗവ്യാപന ഘട്ടത്തിൽ പല കാര്യത്തിലും സഹായത്തിന് വളണ്ടിയർമാർ വേണം. പൊലീസ് 2000 വളണ്ടിയർമാരെ അവർക്കൊപ്പം ഉപയോഗിക്കും. ആവശ്യമായത്ര വളണ്ടിയർമാരെ കണ്ടെത്തും.
ഈ ഘട്ടത്തിലാണ് വാർഡ് തല സമിതികളുടെ പ്രവർത്തനം ഉയർന്ന തോതിൽ നടക്കണം. വിവിധ രീതിയിൽ ഇടപെടണം. കാര്യങ്ങളെ ഗൗരവത്തോടെ നീക്കണം. തദ്ദേശ സ്ഥാപനത്തിൽ വാർഡ് മെമ്പറുടെ നേതൃത്വത്തിലാണ് സമിതി പ്രവർത്തിക്കുന്നത്. ബന്ധപ്പെട്ട ആരോഗ്യ പ്രവർത്തകരും പൊലീസും റവന്യു ഉദ്യോഗസ്ഥരും സന്നദ്ധ പ്രവർത്തകരും എല്ലാം ഇതിലുണ്ടാകും. ഇത് കൂടുതൽ ഫലപ്രദമായി പ്രവർത്തിപ്പിക്കണം. ഇപ്പോൾ ഓർക്കേണ്ടത് കഴിഞ്ഞ വ്യാപന ഘട്ടത്തിൽ വളണ്ടിയർമാരും പൊലീസും ഒന്നിച്ചിടപ്പെട്ടത് വലിയ ഫലം ചെയ്തിരുന്നു.

ആശുപത്രികളിൽ പ്രവേശിപ്പിക്കുന്ന കാര്യത്തിൽ ചില ക്രമീകരണം വേണ്ടതുണ്ട്. വാക്സീനേഷൻ കഴിഞ്ഞ ശേഷം രോഗം ബാധിക്കുന്നവരുണ്ട്. അവർ, പൊതുവേ വലിയ അപകടാവസ്ഥയിലേക്ക് നീങ്ങുന്നില്ല. അത്തരക്കാർ വീടുകളിൽ തന്നെ ആവശ്യമായ നിർദ്ദേശങ്ങളോടെ ചികിത്സിക്കണം. അതേപോലെ ഓക്സിജൻ ലെവൽ സാധാരണ നിലയിലുള്ളവർ പോസിറ്റീവായത് കൊണ്ട് മാത്രം മറ്റ് ആരോഗ്യ പ്രശ്നം ഇല്ലെങ്കിൽ ആശുപത്രിയിൽ കിടക്കേണ്ട. അവരുടെ കാര്യത്തിൽ ശാസ്ത്രീയ മാനദണ്ഡം വിദഗ്ദ്ധ സമിതി തയ്യാറാക്കും.രോഗവ്യാപന ഘട്ടം നേരിടുന്നതിന് കൂടുതൽ സൗകര്യങ്ങൾ ഒരുക്കണം. ഇന്നുള്ള സൗകര്യങ്ങൾ ഇപ്പോഴുള്ള അവസ്ഥയിൽ നേരിടാൻ പര്യാപ്തമാണ്. രോഗവ്യാപനം കൂടുന്നത് കൂടിയ ശേഷം ആലോചിച്ചാൽ പോര. കൂടാൻ ഇടയുണ്ട് എന്നാണ് വിലയിരുത്തൽ.

അപൂർവം ചിലയിടത്ത് ആശുപത്രി സൗകര്യങ്ങൾ നിയന്ത്രിക്കുന്ന ചില ആരോഗ്യപ്രവർത്തകർക്ക് വളരെ ചെറിയ സംഖ്യയാണ് വേതനം. അത് ശരിയല്ല. എല്ലാ മേഖലയിലും ന്യായമായ വേതനം കേരളത്തിൽ നടപ്പാക്കിയതാണ്. ആരോഗ്യപ്രവർത്തകർക്ക് മിനിമം വേതനം നടപ്പാക്കാൻ നിർദ്ദേശം നൽകി. അതിൽ കുറച്ച് ആശുപത്രി വികസന സമിതി നിയന്ത്രിക്കുന്നവരും നൽകാൻ പാടില്ല.

എല്ലാ താലൂക്കുകളിലും സിഎഫ്എൽടിസികൾ ഉറപ്പാക്കും. അപൂർവം ചിലയിടത്ത് ഇപ്പോഴും സിഎഫ്എൽടിസികൾ പ്രായോഗികമായിട്ടില്ല. അടിയന്തിരമായി ഇത് പ്രാവർത്തികമാക്കാൻ നിർദ്ദേശിച്ചു.
വാക്സീൻ ആഗ്രഹിക്കുന്ന പോലെ ലഭിക്കുന്നില്ല. കേന്ദ്രമാണ് ഇപ്പോൾ നൽകേണ്ടത്. അത് ആവശ്യത്തിന് ഉതകുന്ന പോലെയല്ല. ഉള്ളത് വെച്ചേ വാക്സീൻ നൽകാനാവൂ. നേരത്തെ വാക്സീൻ എടുത്തവരുണ്ട്. അവരുടെ രണ്ടാം ഡോസിൻ സമയത്ത് നൽകുക പ്രധാനമാണ്. രണ്ടാമത്തെ ഡോസ് നൽകാനുള്ള കരുതൽ കൈയ്യിൽ വേണം. ആ രീതിയിൽ വാക്സീൻ ക്രമീകരിക്കും.

കൊവിഡിന്റെ വ്യാപനം ഉണ്ടെങ്കിലും നിർമ്മാണ ജോലികൾ കൊവിഡ് മാനദണ്ഡം പാലിച്ച് തന്നെ മുന്നോട്ട് കൊണ്ടുപോകും. കേന്ദ്രസർക്കാരിന്റെ പുതിയ വാക്സീൻ നയത്തിന്റെ ഭാഗമായി 18 നും 45 നും ഇടയിൽ പ്രായമുള്ളവർക്ക് ഉൽപ്പാദകരിൽ നിന്നും വാക്സീൻ സംസ്ഥാനങ്ങൾ വിലകൊടുത്ത് വാങ്ങേണ്ട സാഹചര്യമാണ്. ഈ നയം തിരുത്തണമെന്ന് ആവശ്യപ്പെട്ടതാണ്. എല്ലാവർക്കും സൗജന്യമായി വാക്സീൻ നൽകണം. ഇത് പുതിയ സാഹചര്യമല്ല. ഇതേവരെ പല വാക്സീനും നൽകിയിട്ടുണ്ട്. പലതും കേന്ദ്രം നൽകിയതാണ്. അത് സൗജന്യമായാണ് സംസ്ഥാനങ്ങൾ ആളുകൾക്ക് നൽകിയത്. ഈയൊരു കാര്യത്തിൽ മാത്രം വാക്സീന് വില ഈടാക്കുന്നത് തീർത്തും അനുചിതമാണ്.

Leave a Reply

Latest News

കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി പ്രഖ്യാപിച്ചു

കോഴിക്കോട്: കോവിഡ് രോഗബാധ വർധിച്ച സാഹചര്യത്തിൽ കോഴിക്കോട് ജില്ലയിലെ 12 തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളെ അതീവ ഗുരുതര മേഖലകളായി ജില്ലാ കലക്ടർ എസ്. സാംബശിവറാവു പ്രഖ്യാപിച്ചു. ടെസ്റ്റ്...

More News