ഡിസിസി, ബ്ലോക്ക് പുനഃസംഘടന; കെ.സുധാകരനും വി.ഡി.സതീശനും ചർച്ച നടത്തിയത് 4 മണിക്കൂർ; ധാരണയായത് 3 ജില്ലകളിൽ മാത്രം

0

തിരുവനന്തപുരം ∙ ഡിസിസി, ബ്ലോക്ക് പുനഃസംഘടനയുമായി ബന്ധപ്പെട്ടു കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും തമ്മിൽ ഇന്നലെ 4 മണിക്കൂറോളം ചർച്ച നടത്തിയിട്ടും ധാരണയിലെത്താനായതു 3 ജില്ലകളിൽ മാത്രം. അടുത്ത ഘട്ടം ചർച്ച തിങ്കളാഴ്ച വൈകിട്ടു നടക്കും. 2 ദിവസത്തിനകം പട്ടികയിൽ ധാരണയാകുമെന്നു കെപിസിസി നേതൃത്വവും പ്രതിപക്ഷ നേതാവും കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നെങ്കിലും പുനഃസംഘടനാ പ്രക്രിയ ഒരാഴ്ചയെങ്കിലും നീളുമെന്ന് ഉറപ്പായി.

കണ്ണൂർ, കാസർകോട്, വയനാട് ജില്ലകളുടെ കാര്യത്തിലാണ് ഇന്നലെ ധാരണയായത്. 15 ഡിസിസി ഭാരവാഹികൾ മാത്രമുള്ള ചെറിയ ജില്ലകളാണു കാസർകോടും വയനാടും. സംഘടനാപരമായി വലിയ ജില്ലകളായ എറണാകുളത്തും കോഴിക്കോട്ടും തിരുവനന്തപുരത്തും ചർച്ച തുടങ്ങിയിട്ടില്ല. തിങ്കളാഴ്ച പുനരാരംഭിക്കുന്ന ചർച്ച 2 ദിവസം കൂടി തുടരും. അതിനുശേഷം ദേശീയ നേതൃത്വത്തിന്റെ അംഗീകാരത്തോടെ പട്ടിക പ്രഖ്യാപിക്കുമെന്നാണ് ഇപ്പോഴത്തെ വിവരം. ഡിസിസി പുനഃസംഘടനയി‍ൽ ഗ്രൂപ്പ് കൈ കടത്തലുണ്ടാകില്ലെന്നു പ്രതിപക്ഷ നേതാവുമായി നടത്തിയ ചർച്ചയിൽ കെപിസിസി പ്രസിഡന്റ് ഉറപ്പു നൽകി.

ഇതിനിടെ, തന്നെ ലക്ഷ്യമിട്ടു വാർത്തകൾ ചില കേന്ദ്രങ്ങളിൽ നിന്നു വരുന്നതിനെതിരായുള്ള വികാരം ചർച്ചയിലും പുറത്തു മാധ്യമങ്ങളോടും സതീശൻ പ്രകടിപ്പിച്ചു. കെപിസിസി പ്രസിഡന്റും താനുമായി അകൽച്ചയിലാണെന്നും പുനഃസംഘടനയ്ക്കു തടസ്സം നിൽക്കുന്നതു താനാണെന്നുമുള്ള തരത്തിൽ വാർത്തകൾ വരുന്നതാണു സതീശനെ പ്രകോപിപ്പിച്ചത്.

LEAVE A REPLY

Please enter your comment!
Please enter your name here