തിരുവനന്തപുരം : ബംഗാള്‍ ഉള്‍ക്കടലില്‍ രൂപം കൊണ്ട ബുറേവി ചുഴലിക്കാറ്റ് ഇന്ന് കേരളത്തിലെത്തും. ശക്തി കുറഞ്ഞ് അതി തീവ്ര ന്യൂനമര്‍ദമായാകും ബുറേവി സംസ്ഥാനത്ത് പ്രവേശിക്കുക എന്നാണ് സൂചന. ഉച്ചയോടെ ബുറേവി കേരളത്തിലെത്തുമെന്നാണ് കാലാവസ്ഥ വകുപ്പിന്റെ നിഗമനം. ഇതിന്റെ പ്രഭാവത്തില്‍ ഇന്ന് തിരുവനന്തപുരം മുതലുള്ള ഏഴ് ജില്ലകളില്‍ അതിശക്തമായ മഴയുണ്ടാകുമെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
ബുറേവി ചുഴലിക്കാറ്റ് ഇപ്പോള്‍ മാന്നാര്‍ കടലിടുക്കിലാണുള്ളത്. ചുഴലിക്കാറ്റ് തമിഴ്നാട് തീരം തൊടാന്‍ വൈകുമെന്നാണ് കാലാവസ്ഥ വിദഗ്ധര്‍ നല്കുന്ന സൂചന. ബുറേവി ഇപ്പോഴും രാമനാഥപുരത്തിന് 40 കിലോമീറ്റര്‍ അകലെയാണ് സ്ഥിതി ചെയ്യുന്നത്. ഇത് തൂത്തുക്കുടിയ്ക്കും രാമനാഥപുരത്തിനും ഇടയില്‍ കരതൊടുമെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. ചുഴലിക്കാറ്റിന് മുന്‍കരുതലായി തമിഴ്നാട് തീരപ്രദേശങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
കേരളത്തില്‍ പ്രവേശിക്കുന്ന കാറ്റ് തെക്കന്‍ കേരളത്തിലൂടെ സഞ്ചരിച്ച് അറബിക്കടലിലേക്ക് കടക്കും. ചുഴലിക്കുള്ളിലെ കാറ്റിന്റെ വേഗം മണിക്കൂറില്‍ 30-40 കിലോമീറ്റര്‍ മാത്രമായിരിക്കും. തിരുവനന്തപുരം മുതല്‍ എറണാകുളം വരെ ജില്ലകളില്‍ കാറ്റിനു സാധ്യതയുണ്ട്. കേരളത്തില്‍ പുറപ്പെടുവിച്ച റെഡ് അലര്‍ട്ട് പിന്‍വലിച്ചിട്ടുണ്ട്. പകരം തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി, ആലപ്പുഴ, കോട്ടയം, എറണാകുളം ജില്ലകളില്‍ ഇന്ന് അതിശക്തമായ മഴയ്ക്കുള്ള സാധ്യത കണക്കിലെടുത്ത് ഓറഞ്ച് അലര്‍ട്ട് പുറപ്പെടുവിച്ചിട്ടുണ്ട്. തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റിന്റെ പശ്ചാത്തലത്തില്‍ മലയോര മേഖലകളില്‍ അടക്കം അതീവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്. കേരള തീരത്ത് ഇനി ഒരു അറിയിപ്പുണ്ടാകുന്നതു വരെ മല്‍സ്യബന്ധനം പൂര്‍ണമായും നിരോധിച്ചു.പൊലീസ്, ഫയർഫോഴ്സ്, സിവിൽ ഡിഫൻസ് തുടങ്ങിയ രക്ഷാസേനകളെ വിന്യസിച്ചു. തിരുവനന്തപുരം വിമാനത്താവളം ഇന്നു രാവിലെ 10 മുതൽ വൈകിട്ട് 6 വരെ അടച്ചിടും. വൈദ്യുതി കൺട്രോൾ റൂം, വൈദ്യുതി ബോർഡിന്റെ കൺട്രോൾ റൂമുകൾ 24 മണിക്കൂറും പ്രവർത്തിക്കും.
പിഎസ്സിയും കേരള, എംജി, കുസാറ്റ്, ആരോഗ്യ സർവകലാശാലകളും ഇന്നത്തെ പരീക്ഷകൾ മാറ്റി; പുതിയ തീയതി പിന്നീട് അറിയിക്കും. അതേസമയം പിഎസ്സി ഇന്നു നിശ്ചയിച്ച അഭിമുഖത്തിനു മാറ്റമില്ല. ഇടുക്കി ജില്ലയിലെ വിനോദസഞ്ചാര മേഖലയിലേക്കുള്ള യാത്രകൾ, അഡ്വഞ്ചർ ടൂറിസം, ബോട്ടിങ്, ഓഫ് റോഡ് ഡ്രൈവിങ് എന്നിവ ഉൾപ്പെടെയുള്ള എല്ലാ വിനോദസഞ്ചാരവും നാളെ വരെ നിരോധിച്ചു.
English summary
Cyclone Burevi, which formed in the Bay of Bengal, will reach Kerala today