ചൈനയിൽ യാത്രാവിമാനം തകർന്നുവീണ് 132 പേർ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്

0

ബെയ്ജിങ് ∙ ചൈനയിൽ യാത്രാവിമാനം തകർന്നുവീണ് 132 പേർ കൊല്ലപ്പെട്ട സംഭവത്തിൽ നിർണായക വിവരങ്ങൾ പുറത്ത്. വിമാനത്തിന് സാങ്കേതിക തകരാറുകൾ ഉണ്ടായിരുന്നില്ലെന്നും വിമാനാപകടം ബോധപൂർവം ഉണ്ടാക്കിയതാകാമെന്നുമാണ് റിപ്പോർട്ട്. വിമാനത്തിന്റെ ബ്ലാക് ബോക്‌സ് വിവരങ്ങൾ വിശകലനം ചെയ്ത യുഎസ് ഉദ്യോഗസ്ഥരുടെ അടുത്ത വൃത്തങ്ങളെ ഉദ്ധരിച്ച് വാൾസ്ട്രീറ്റ് ജേണലാണ് ഇക്കാര്യം റിപ്പോർട്ട് ചെയ്‌തത്. വിമാനത്തിന്റെ കോ‌ക്‌പിറ്റിലുണ്ടായിരുന്ന ആരോ മനപ്പൂർവം വിമാനം തകർത്തുവെന്നാണ് സൂചനകൾ. പൈലറ്റുമാരുടെ പങ്കും സംശയനിഴലിലാണ്. ചൈനയിലെ ഈസ്റ്റേൺ എയർലൈൻസ് കമ്പനിയുടെ ബോയിങ് 737–800 വിമാനമാണു തകർന്നത്. അപകടത്തിൽ വിമാനത്തിൽ ഉണ്ടായിരുന്ന 123 യാത്രക്കാരും 9 ജീവനക്കാരും അടക്കം 132 പേരും കൊല്ലപ്പെട്ടിരുന്നു.

ചൈനയിലെ തെക്കുപടിഞ്ഞാറൻ പ്രവിശ്യയായ യുനാന്റെ തലസ്ഥാനമായ കുൻമിങ്ങിൽനിന്ന് ഹോങ്കോങ്ങിനടത്തുള്ള ഗ്വാങ്ചൗ നഗരത്തിലേക്കുള്ള യാത്രയിലായിരുന്നു വിമാനം. 2022 മാർച്ച് 21 ഉച്ചയ്ക്ക് 1.11ന് കുൻമിങ്ങിൽനിന്നു പുറപ്പെട്ട വിമാനം 3.05 ന് ഗ്വാങ്ചൗവിൽ ഇറണ്ടേണ്ടതായിരുന്നു. വുഷു എന്ന നഗരത്തിനു മുകളിൽ പറക്കുമ്പോഴാണ് വിമാനവുമായുള്ള ബന്ധമറ്റത്. 29,100 അടി ഉയരത്തിൽ പറന്നുകൊണ്ടിരുന്ന വിമാനം രണ്ടര മിനിറ്റിനുള്ളിൽ 3225 അടിയിലേക്കു താഴ്ന്നതായി വിമാനങ്ങളുടെ യാത്രാഗതി നിരീക്ഷിക്കുന്ന ഫ്ലൈറ്റ് റഡാർ24 രേഖപ്പെടുത്തിയിരുന്നു. വുഷുവിലെ കാലാവസ്ഥ സാധാരണമായിരുന്നു. ആറു വർഷം പഴക്കമുള്ള വിമാനമാണ് തകർന്നത്. പറന്നിരുന്ന ഉയരത്തിൽ നിന്ന് പെട്ടെന്ന് ചരിഞ്ഞ് മൂക്കുകുത്തി താഴേക്കു പതിക്കുകയായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here