കോഴിക്കോട്∙ സിപിഎം കോഴിക്കോട് ജില്ലാ സമ്മേളനത്തിലും ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനം. യുഎപിഎ ചുമത്താനുള്ള കുറ്റം അലനും താഹയും ചെയ്തോയെന്ന് പ്രതിനിധികള്‍ ആരാഞ്ഞു. പൊലീസില്‍ നിന്ന് നീതി ലഭിക്കുന്നില്ലെന്നും ചിലര്‍ ചൂണ്ടിക്കാട്ടി. മുഖ്യമന്ത്രി പിണറായി വിജയനെ വേദിയിലിരുത്തിയായിരുന്നു പൊതുചര്‍ച്ചയില്‍ വിമര്‍ശനം ഉയര്‍ന്നത്. ജില്ലാ സമ്മേളനം പുരോഗമിക്കുകയാണ്. വിമര്‍ശനങ്ങള്‍ക്ക് സംസ്ഥാന നേതൃത്വവും ജില്ലാ സെക്രട്ടറിയും ഇന്ന് മറുപടി പറയും.
യുഎപിഎ കേസിലൂന്നിയായിരുന്നു ആഭ്യന്തര വകുപ്പിനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നത്. യുഎപിഎ വിഷയത്തില്‍ ദേശീയ തലത്തില്‍ എടുത്ത നിലപാട് എന്തുകൊണ്ട് പന്തീരങ്കാവില്‍ ഉണ്ടായില്ല എന്നതാണ് പ്രധാനമായും ഉയര്‍ന്ന ചോദ്യം. കേസുമായി മുന്നോട്ട് പോയതും അതിനെ ന്യായീകരിക്കേണ്ടി വന്നതും പ്രവര്‍ത്തകര്‍ക്കിടയില്‍ ആശയക്കുഴപ്പം ഉണ്ടാക്കിയെന്നും ഫറോക്കിൽ നിന്നുള്ള പ്രതിനിധികള്‍ ചൂണ്ടിക്കാട്ടി. യുഎപിഎ ചുമത്താന്‍ മാത്രം കുറ്റം അവര്‍ ചെയ്തിരുന്നോ. യുഎപിഎ കേരളത്തില്‍ ഇങ്ങനെ നടപ്പാക്കേണ്ടതുണ്ടോ. ഇങ്ങനെ പോകുന്നു വിമര്‍ശനങ്ങള്‍.
പൊലീസില്‍ നിന്ന് സാധാരണക്കാര്‍ക്ക് നീതി ലഭിക്കുന്നില്ലെന്നതാണ് മറ്റൊരു പ്രധാന പ്രശ്നം. അതിന് പുറമേ പാര്‍ട്ടിയുടെ പ്രാദേശിക നേതാക്കളോട് പൊലീസ് വളരെ മോശമായാണ് പെരുമാറുന്നത്. ഇക്കാര്യം പലതവണ ചൂണ്ടിക്കാട്ടിയിട്ടും തിരുത്താന്‍ തയാറാകുന്നില്ല. നിയമസഭാ തിരഞ്ഞെടുപ്പില്‍ വടകരയിലുണ്ടായ തോല്‍വിയില്‍ അന്വേഷണം വേണം. പ്രാദേശിക നേതൃത്വത്തിന് വലിയ വീഴ്ച പറ്റിയിട്ടുണ്ട്.