ക്രിക്കറ്റ്‌ ഇതിഹാസം ഷെയ്‌ന്‍ വോണിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നു സൂചന

0

മെല്‍ബണ്‍/ ബാങ്കോക്ക്‌: ക്രിക്കറ്റ്‌ ഇതിഹാസം ഷെയ്‌ന്‍ വോണിന്റെ മരണത്തില്‍ ദുരൂഹതയില്ലെന്നു സൂചന. തായ്‌ലന്‍ഡിലെ കോഹ്‌ സമുയ ദ്വീപിലെ തന്റെ സ്വന്തം വില്ലയിലായിരുന്നു വോണിന്റെ മരണം.
നാല്‌ സുഹൃത്തുക്കള്‍ക്കൊപ്പം ഉല്ലസിക്കാനാണു വോണ്‍ കോഹ്‌ സമുയയിലെത്തിയതെന്നു തായ്‌ പോലീസ്‌ വ്യക്‌തമാക്കി. ശരീരഭാരം കുറയ്‌ക്കാനുള്ള ചികിത്സക്കാണ്‌ വോണ്‍ എത്തിയതെന്നു ചില രാജ്യാന്തര മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു. ഇതുസംബന്ധിച്ച ഒരു ചിത്രം ഇന്‍സ്‌റ്റഗ്രാം പേജില്‍ വോണ്‍ പങ്കുവച്ചിരുന്നു. പഴയ ചിത്രം പങ്കുവച്ച്‌ ”വീണ്ടും ഇതു പോലെയാകണം” എന്നാണു വോണ്‍ കുറിച്ചത്‌. ജൂലൈയോടെ പഴയ രൂപത്തിലേക്ക്‌ തിരിച്ചുവരികയാണു ലക്ഷ്യമെന്നും വോണ്‍ അന്നു കുറിച്ചു. കഴിഞ്ഞ വര്‍ഷം ഓഗസ്‌റ്റില്‍ കോവിഡ്‌ -19 വൈറസ്‌ ബാധിതനായ വോണിന്‌ അതിന്റെ ബുദ്ധിമുട്ടുകളുമുണ്ടായിരുന്നു. രണ്ട്‌ ഡോസ്‌ വാക്‌സിന്‍ സ്വീകരിച്ച ശേഷമാണു കോവിഡ്‌ ബാധിച്ചത്‌. കടുത്ത തലവേദനയും പനിയും സഹിക്കാന്‍ കഴിഞ്ഞില്ലെന്ന്‌ വോണ്‍ വ്യക്‌തമാക്കിയിരുന്നു. ആഷസ്‌ പരമ്പരയ്‌ക്കുശേഷം തിരക്കുകള്‍ മാറ്റിവച്ചാണ്‌ മൂന്നു മാസം വിശ്രമിക്കാനുള്ള തീരുമാനത്തിലെത്തിയത്‌.
അവധിക്കാലം ചെലവിടാനാണ്‌ ഷെയ്‌ന്‍ വോണ്‍ തായ്‌ലന്‍ഡിലെത്തിയതെന്ന്‌ അദ്ദേഹത്തിന്റെ മാനേജര്‍ ജയിംസ്‌ എര്‍സ്‌കിന്‍ വെളിപ്പെടുത്തി. ടിവിയില്‍ ക്രിക്കറ്റ്‌ കണ്ടിരിക്കേയാണ്‌ അദ്ദേഹത്തിനു ഹൃദയാഘാതമുണ്ടായതെന്നു സംശയിക്കുന്നതായും എര്‍സ്‌കിന്‍ വെളിപ്പെടുത്തി. നാലു സുഹൃത്തുക്കള്‍ക്കൊപ്പമായിരുന്നു വോണിന്റെ സന്ദര്‍ശനം. മരിക്കുന്നതിന്റെ തൊട്ടു തലേന്നാണ്‌ വോണും സംഘവും തായ്‌ലന്‍ഡിലെത്തിയത്‌. പിറ്റേന്ന്‌ അഞ്ച്‌ മണിക്കു പുറത്തുപോകാമെന്ന്‌ സുഹൃത്തുക്കളോട്‌ പറഞ്ഞശേഷമാണ്‌ വോണ്‍ സ്വന്തം റൂമിലേക്കു പോയത്‌.
പുറത്തു കാണാത്തതിനെ തുടര്‍ന്ന്‌ അന്വേഷിച്ചു ചെന്നെന്ന്‌ എര്‍സ്‌കിന്‍ പറഞ്ഞു. സുഹൃത്ത്‌ ആന്‍ഡ്രൂ നിയോഫിറ്റോയാണു വാതിലില്‍ മുട്ടിവിളിച്ചത്‌. തുറക്കാതെ വന്നതോടെ വാതില്‍ തള്ളിത്തുറന്ന്‌ അകത്തു ചെന്നപ്പോള്‍ ബോധമില്ലാതെ നിലത്തു കിടക്കുകയായിരുന്നു വോണ്‍. സി.പി.ആര്‍ കൊടുത്തെങ്കിലും ഫലമുണ്ടായില്ലെന്ന്‌ എര്‍സ്‌കിന്‍ വിശദീകരിച്ചു.

Leave a Reply