Monday, December 6, 2021

ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന് ട്വന്റി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാനു പത്തു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം

Must Read

ദുബായ്: ക്രിക്കറ്റ് പ്രേമികള്‍ ആകാംക്ഷയോടെ കാത്തിരുന്ന് ട്വന്റി20 ലോകകപ്പിലെ ആവേശപ്പോരാട്ടത്തില്‍ ഇന്ത്യയ്‌ക്കെതിരെ പാക്കിസ്ഥാനു പത്തു വിക്കറ്റിന്റെ തകര്‍പ്പന്‍ ജയം. വിക്കറ്റ് നഷ്ടം കൂടാതെ 152 റണ്‍സ് എന്ന വിജയലക്ഷ്യം പാക്കിസ്ഥാന്‍ എത്തിപ്പിടിച്ചു. ഓപ്പണര്‍മാരായ ബാബര്‍ അസം 68 റണ്‍സോടെയും മുഹമ്മദ് റിസ്‌വാന്‍ 78 റണ്‍സോടെയും പുറത്താകാതെ നിന്നു.

തുടര്‍ച്ചയായി 12 ലോകകപ്പ് മത്സരങ്ങളില്‍ തോറ്റ ശേഷമാണ് പാകിസ്താന്‍ ഇന്ത്യയോട് ജയിക്കുന്നത്. രാജ്യാന്തര ക്രിക്കറ്റില്‍ പാകിസ്താന്‍ ആദ്യമായാണ് പത്ത് വിക്കറ്റ് ജയം കുറിക്കുന്നതും. ബാബര്‍ അസം 40 പന്തുകളിലും റിസ്‌വാന്‍ 41 പന്തുകളിലും അര്‍ധ സെഞ്ചുറി കടന്നു.

ഓപ്പണിങ് കൂട്ടുകെട്ട് 77 പന്തില്‍ നൂറും 106 പന്തില്‍ 150 റണ്ണും കടന്നു. 2.5 ഓവറില്‍ സ്‌കോര്‍ നൂറിലെത്തിക്കാന്‍ പാക് ഓപ്പണര്‍മാര്‍ക്കു സാധിച്ചു. മുഹമ്മദ് ഷമി 3.5 ഓവറില്‍ 43 റണ്‍ വഴങ്ങി. ഓപ്പണിങ് ബൗളര്‍ ഭുവനേശ്വര്‍ കുമാര്‍ മൂന്ന് ഓവറില്‍ 25 റണ്ണും ലെഗ് സ്പിന്നര്‍ വരുണ്‍ ചക്രവര്‍ത്തി നാല് ഓവറില്‍ 33 റണ്ണും വഴങ്ങി. ഇടംകൈയന്‍ സ്പിന്നര്‍ രവീന്ദ്ര ജഡേജ നാല് ഓവറില്‍ 28 റണ്ണും വിട്ടുകൊടുത്തു. മൂന്ന് ഓവറില്‍ 22 റണ്‍ വഴങ്ങി ജസ്പ്രീത് ബുംറയാണു ഭേദപ്പെട്ടത്.

മികച്ച ബൗളിങ് പുറത്തെടുത്ത ഷഹീന്‍ ഷാ അഫ്രീദിയാണു മത്സരത്തിലെ താരം. 49 പന്തില്‍ ഒരു സിക്‌സറും അഞ്ച് ഫോറുമടക്കം 57 റണ്ണെടുത്ത വിരാട് കോഹ്‌ലിയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. വിക്കറ്റ് കീപ്പര്‍ ഋഷഭ് പന്തിന്റെ അവസരോചിത ഇന്നിങ്‌സും (30 പന്തില്‍ രണ്ട് സിക്‌സറും രണ്ട് ഫോറുമടക്കം 39) ഇന്ത്യക്ക് തുണയായി. യുവ പേസര്‍ ഷഹീന്‍ ഷാ അഫ്രീഡിയുടെ ഓപ്പണിംഗ് സ്‌പെല്‍ ഇന്ത്യയെ തകര്‍ത്തു.

ടോസ് നേടിയ പാകിസ്താന്‍ നായകന്‍ ബാബര്‍ അസം രണ്ടും കല്‍പ്പിച്ച് ഇന്ത്യയെ ബാറ്റ് ചെയ്യാന്‍ വിട്ടു. അസമിന്റെ കണക്കു കൂട്ടല്‍ ശരിയായിരുന്നു. ഓപ്പണര്‍മാരായ രോഹിത് ശര്‍മയെയും (0) ലോകേഷ് രാഹുലിനെയും (എട്ട് പന്തില്‍ മൂന്ന്) ആദ്യ മൂന്നോവറിനുള്ളില്‍ തന്നെ നഷ്ടമായി. ഇന്നിങ്‌സിലെ ആദ്യ ഓവറില്‍ തന്നെ രോഹിത് ഗോള്‍ഡന്‍ ഡക്കായി. ഷഹീനിന്റെ നാലാമത്തെ പന്തില്‍ വിക്കറ്റിനു മുന്നില്‍ കുടുങ്ങിയ രോഹിത് ഡി.ആര്‍.എസിനു കാത്തുനില്‍ക്കാതെ മടങ്ങി. മൂന്നാമത്തെ ഓവറിലെ ആദ്യ പന്തില്‍ രാഹുലും മടങ്ങി. പന്തിന്റെ ഗതി നിര്‍ണയിക്കുന്നതില്‍ പിഴച്ച രാഹുലിന്റെ വിക്കറ്റ് തെറിച്ചു.
അതേ ഓവറില്‍ സൂര്യകുമാര്‍ യാദവ് സിക്‌സറടിച്ച് വരവറിയിച്ചു. കോഹ്‌ലിയെ സാക്ഷിയാക്കി അടിച്ചു തുടങ്ങിയ സൂര്യകുമാറിന് (എട്ട് പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 11) നിലനില്‍ക്കാനായില്ല. ഹസന്‍ അലിയുടെ പന്ത് പുള്‍ ചെയ്ത സൂര്യയെ വിക്കറ്റ് കീപ്പര്‍ മുഹമ്മദ് റിസ്‌വാന്‍ തകര്‍പ്പന്‍ ഡൈവിങ് ക്യാച്ചിലൂടെ പുറത്താക്കി. പന്തും കോഹ്‌ലിയും ചേര്‍ന്നതോടെയാണ് ഇന്ത്യ കരകയറിയത്.

40 പന്തില്‍ 53 റണ്‍ നേടിയ കൂട്ടുകെട്ട് ഇന്ത്യയെ മത്സരത്തിലേക്ക് തിരികെ കൊണ്ടു വന്നു. 13-ാം ഓവറില്‍ പന്തിനെ നഷ്ടമായി. ഷാദാബ് ഖാന്‍ പന്തിനെ സ്വന്തം ബൗളിങ്ങില്‍ പിടികൂടി. രവീന്ദ്ര ജഡേജയുടെ കൂട്ടുപിടിച്ച് കോഹ്‌ലി ഇന്ത്യയുടെ സ്‌കോര്‍ 100 കടത്തി. 16 ഓവറുകള്‍ പിന്നിട്ടപ്പോള്‍ ഇന്ത്യ 110/4 എന്ന നിലയിലായിരുന്നു. നായകന്‍ 45 പന്തുകളില്‍ നിന്നാണ് അര്‍ധ സെഞ്ചുറി കടന്നത്. അതേ ഓവറില്‍ ജഡേജയുടെ (13 പന്തില്‍ 13) വിക്കറ്റ് ഹസന്‍ അലി സ്വന്തമാക്കി. 41 റണ്ണാണ് കോഹ്‌ലിയും ജഡേജയും ചേര്‍ന്നു നേടിയത്.

അവസാന ഓവര്‍ എറിയാനെത്തിയ അഫ്രീദി കോഹ്‌ലിയുടെ വിക്കറ്റും നേടി. പുള്‍ ചെയ്യാന്‍ ശ്രമിച്ച കോഹ്‌ലിയെ റിസ്‌വാന്‍ കൈയിലൊതുക്കി. പാകിസ്താനു വേണ്ടി ഷഹീന്‍ നാല് ഓവറില്‍ 31 റണ്‍ വഴങ്ങി മൂന്ന് വിക്കറ്റെടുത്തു. ഹസന്‍ അലി രണ്ടും ഷാദാബ് ഖാന്‍ ഒരു വിക്കറ്റുമെടുത്തു.

Leave a Reply

Latest News

ആഴ്ചയില്‍ മൂന്നു ദിവസം ഡയാലിസിസിന് വിധേയനായി ! മരിക്കണമെന്നുവരെ പ്രാര്‍ഥിച്ചുവെന്ന് സ്ഫടികം ജോര്‍ജ്…

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച വില്ലന്മാരില്‍ ഒരാളാണ് സ്ഫടികം ജോര്‍ജ്. താരത്തിന്റെ നെഗറ്റീവ് വേഷങ്ങള്‍ നിത്യഹരിതങ്ങളാണ്.എന്നാല്‍ ഇപ്പോള്‍ ഹാസ്യകഥാപാത്രങ്ങളാണ് താരം ചെയ്യുന്നത്. അപ്രതീക്ഷിതമായി തനിക്ക് രോഗം...

More News