Friday, July 30, 2021

കോവിഡ് കാലത്തെ സാമ്പത്തികപ്രതിസന്ധി മുതലെടുത്ത് വായ്പാതട്ടിപ്പുകാർ രംഗത്ത്

Must Read

പാലക്കാട്: കോവിഡ് കാലത്തെ സാമ്പത്തികപ്രതിസന്ധി മുതലെടുത്ത് വായ്പാതട്ടിപ്പുകാർ രംഗത്ത്. വായ്പത്തുകയുടെ രണ്ടിരട്ടിയിലധികം തിരിച്ചടച്ചിട്ടും വട്ടിപ്പലിശക്കാർ വീട്ടിലെത്തി ഭീഷണിപ്പെടുത്തിയെന്ന പരാതിയിൽ ഓപ്പറേഷൻ കുബേര പ്രകാരം യുവാവിനെ ടൗൺ സൗത്ത് പോലീസ് അറസ്റ്റ് ചെയ്തു. മൂത്താന്തറ സ്വദേശി പ്രസാദ് (33) ആണ് അറസ്റ്റിലായത്. കുന്നത്തൂർമേട് സ്വദേശിയായ ശൈലജയുടെ (42) പേരിൽ പോലീസ് കേസെടുത്ത് നോട്ടീസ് നൽകി. കേസിലെ ഒന്നാംപ്രതിയാണ് ശൈലജ. പ്രസാദിനെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പ്രതികളുടെ വീട്ടിൽ നടത്തിയ പരിശോധനയിൽ സ്ത്രീകൾ ഒപ്പിട്ട തുക രേഖപ്പെടുത്താത്ത അഞ്ച് ചെക്കുകൾ കണ്ടെടുത്തു. ശൈലജയുടെ വീട്ടിൽനിന്ന്‌ പരാതിക്കാരി ഒപ്പിട്ട രണ്ട് ചെക്കും പ്രസാദിന്റെ വീട്ടിൽനിന്ന്‌ മറ്റ്‌ മൂന്നാളുടെ ചെക്കുമാണ് കണ്ടെടുത്തത്.

കൽമണ്ഡപത്ത് വാടകയ്ക്ക് താമസിക്കുന്ന വായ്പയെടുത്ത സ്ത്രീ ജില്ലാ പോലീസ് മേധാവിക്ക് പരാതി നൽകിയതിനെത്തുടർന്നാണ് നടപടി. കഴിഞ്ഞ ഡിസംബറിൽ ഒരുലക്ഷംരൂപ വായ്പയെടുത്ത പരാതിക്കാരിക്ക് 10,000 രൂപ പലിശ ഈടാക്കിയശേഷം 90,000 രൂപയാണ് നൽകിയതെന്ന് പോലീസ് പറയുന്നു. ഏപ്രിൽവരെയുള്ള കാലയളവിൽ യുവതി 1.2 ലക്ഷംരൂപ തിരിച്ചടച്ചു. ശൈലജയിൽനിന്നും വായ്പയെടുത്ത രണ്ടുലക്ഷം രൂപയ്ക്കുപകരം ഒമ്പതുലക്ഷം രൂപയും തിരിച്ചടച്ചു. വീണ്ടും വട്ടിപ്പലിശക്കാർ പണം ആവശ്യപ്പെട്ടതോടെയാണ് പരാതി നൽകിയത്.

ജില്ലാ പോലീസ് മേധാവി ആർ. വിശ്വനാഥിന്റെ നിർദേശപ്രകാരം സി.ഐ. ഷിജു ടി.എബ്രഹാമിന്റെ നേതൃത്വത്തിലാണ് കേസന്വേഷണം.

സ്ത്രീകളെയും നിർധനരെയും ലക്ഷ്യമിട്ട് തട്ടിപ്പുകാർ

പ്രസാദിനെ ചോദ്യംചെയ്തതിൽനിന്ന്‌ ഇവർ ലക്ഷ്യംവെക്കുന്നത് സ്ത്രീകളെയും സാമ്പത്തികമായി പിന്നാക്കംനിൽക്കുന്നവരെയും ബാങ്ക് വായ്പയെടുക്കാൻ സാധ്യമല്ലാത്തവരെയുമാണെന്ന് തിരിച്ചറിഞ്ഞതായി പോലീസ്. ആവശ്യക്കാരിയുടെ പേരിൽ ബാങ്ക് ചെക്ക് ബുക്കില്ലെങ്കിൽ ബന്ധുക്കളുടെയോ പരിചയക്കാരുടെയോ പേരിൽ ചെക്ക് നൽകണം. പണം നൽകിയില്ലെങ്കിൽ ചെക്ക് മടക്കും. ഇത് വായ്പയെടുത്തയാളുടെപേരിൽ കേസും ബാങ്ക് നടപടികളും വരുന്നതിന്‌ കാരണമാകും.

ഒരുലക്ഷം രൂപയെടുക്കുന്നതിന് പത്തുദിവസത്തേക്ക് 10,000 രൂപയാണ് പലിശ. സ്പോട്ട് പലിശയെന്ന പേരിൽ നിശ്ചിത തുകയും വാങ്ങും.വ്യാജ വെബ്സൈറ്റ് വഴി പണം തട്ടാൻ ശ്രമംബാങ്കിങ് ആപ്പിന്റെ സേവനംനിലച്ചെന്ന സന്ദേശമയച്ച് തട്ടിപ്പ്പാലക്കാട്: എസി.ബി.ഐ.യുടെ യോനോ ആപ്പിന്റെ പേരുപറഞ്ഞും തട്ടിപ്പുവീരന്മാർ. ആപ്പിന്റെ സേവനം നിലച്ചെന്നുകാണിച്ച് അയയ്‌ക്കുന്ന സന്ദേശത്തോടൊപ്പം നൽകുന്ന ലിങ്കിൽ കയറുന്നതുവഴി അക്കൗണ്ടിലെ പണം നഷ്ടപ്പെടുകയാണ് ചെയ്യുക. ഇത്തരത്തിൽവരുന്ന സന്ദേശംവഴി നിരവധിപേരുടെ പണം നഷ്ടമായതായി സൈബർപോലീസ് പറഞ്ഞു. സംസ്ഥാനത്ത് ഇതുവരെയായി പത്തിലധികം പരാതികൾ സൈബർസെല്ലിൽ ലഭിച്ചു.

ബാങ്കിൽനിന്നും എന്ന വ്യാജേനയാണ് സന്ദേശമയയ്‌ക്കുന്നത്. ലിങ്ക് ക്ലിക്ക് ചെയ്താൽ ബാങ്കിന്റേതെന്ന് തോന്നിപ്പിക്കുന്ന വെബ് സൈറ്റിലേക്ക് പ്രവേശിക്കയാണ് ചെയ്യുന്നതെന്ന് പോലീസ് പറയുന്നു. വെബ് പേജിൽ യൂസർനെയിം, പാസ്‌വേഡ്, ഒ.ടി.പി. എന്നിവ ടൈപ്പ് ചെയ്യാൻ ആവശ്യപ്പെടും. ഉപഭോക്താവ് അവരുടെ വിവരങ്ങൾ നൽകുന്നതോടെ ബാങ്ക് അക്കൗണ്ടിലെ പണം നഷ്ടപ്പെടുന്നു.

*ബാങ്കുകളിൽനിന്ന് എന്ന വ്യാജേന അപരിചിതങ്ങളായ സ്വകാര്യ മൊബൈൽനമ്പറുകളിൽനിന്നും വരുന്ന സന്ദേശങ്ങളിൽ വിശ്വസിക്കരുതെന്നും സംശയംതോന്നുന്ന പക്ഷം ബാങ്ക് ശാഖയുമായി ബന്ധപ്പെടണമെന്നുമാണ് പോലീസ് മുന്നറിയിപ്പ്.

ബാങ്ക് അക്കൗണ്ട് പഞ്ചാബിൽ, ഫോൺനമ്പർ ബിഹാറിൽ

യു.എ.ഇ. എംബസിയുടെ പേരിൽ വ്യാജ വെബ്സൈറ്റ് നിർമിച്ച് പണം തട്ടാൻ ശ്രമിച്ച പേരിൽ ബാങ്ക് അക്കൗണ്ട് പഞ്ചാബിലാണെന്ന് കണ്ടെത്തി. സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പഞ്ചാബിലെ ഗുർദാസ്‌പുരിലെ ശാഖയിലേക്ക് ഈ അക്കൗണ്ട് ജൂലായ്‌ 16-ന് മാറ്റിയതായാണ് കേസന്വേഷിക്കുന്ന പാലക്കാട് സൈബർ പോലീസ് കണ്ടെത്തിയത്.

വെബ്സൈറ്റിൽ നൽകിയ ഫോൺനമ്പർ ബിഹാറിൽ രജിസ്റ്റർചെയ്തതാണെന്നും വ്യക്തമായി. സി.പി.എം. കേന്ദ്രകമ്മിറ്റി അംഗവും മുൻമന്ത്രിയുമായ എ.കെ. ബാലന്റെ മകൻ നവീൻ ബാലന്റെ ഭാര്യ നമിത വേണുഗോപാലായിരുന്നു പരാതിക്കാരി.

വിസയുടെ കാലാവധി തീരുന്നതിനുമുമ്പ് യു.എ.ഇ.യിലേക്ക് തിരികെപ്പോകുന്നതിന് യു.എ.ഇ. എംബസിയുമായി നമിത ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചിരുന്നു. നെറ്റിൽ എംബസിയുടെ വിലാസം തേടിയപ്പോഴെല്ലാം തട്ടിപ്പുകാരുടെ വെബ്സൈറ്റിലാണ് എത്തിയത്. ഇടനിലക്കാരന് പണം കൈമാറാൻ ആവശ്യപ്പെട്ടതോടെയാണ് സൈറ്റിന്റെ ആധികാരികത സംബന്ധിച്ച് സംശയമുണ്ടാവുന്നത്.

തുടർന്ന്, നമിത വേണുഗോപാലും നവീൻ ബാലനും സൈബർ പോലീസിൽ പരാതി നൽകുകയായിരുന്നു. യു.എ.ഇ. എംബസിയുമായും സൈറ്റിന്റെ ഉടമയുമായും ബന്ധപ്പെടാൻ സൈബർ പോലീസ് ശ്രമിച്ചുവരികയാണെന്ന്‌ അന്വേഷണ ഉദ്യോഗസ്ഥനായ സ്റ്റേഷൻ ഹൗസ് ഓഫീസർ എ. പ്രതാപ് പറഞ്ഞു. സംഭവത്തിൽ മുഖ്യമന്ത്രി മുഖേന യു.എ.ഇ. എംബസിക്കും കേന്ദ്ര ആഭ്യന്തരമന്ത്രിക്കും പരാതി നൽകിയിട്ടുണ്ട്.

വ്യാജ ഐ.ഡി.യും തിരിച്ചറിയൽരേഖകളും ഉപയോഗിച്ച് പാക്കിസ്താനിലെ പഞ്ചാബ് പ്രവിശ്യയിലാണ് സൈറ്റ് തയ്യാറാക്കിയിട്ടുള്ളതെന്നാണ് പ്രാഥമിക നിഗമനം. യു.എ.ഇ. എംബസിയുടെ ലോഗോ ഉൾപ്പെടെ ഉപയോഗിച്ചിരുന്നു. രണ്ടുദിവസംമുമ്പ്‌ പരാതി നൽകിയെങ്കിലും തിങ്കളാഴ്ച വൈകീട്ടും സൈറ്റ് പ്രവർത്തിച്ചിരുന്നു. പണം നഷ്ടപ്പെട്ടിട്ടില്ലെങ്കിലും അപേക്ഷയ്ക്കൊപ്പം കൈമാറിയ രേഖകളുടെ പകർപ്പ് തട്ടിപ്പുകാർ ദുരുപയോഗം ചെയ്യുമോയെന്ന ആശങ്കയിലാണ് അപേക്ഷ നൽകിയവർ

Leave a Reply

Latest News

അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം

പാലക്കാട്: അമ്പലപ്പാറയില്‍ ചിക്കന്‍ മാലിന്യ നിര്‍മ്മാര്‍ജന ഫാക്ടറിയില്‍ വന്‍ തീപിടിത്തം. തീ അണയ്ക്കുന്നതിനിടയില്‍ ഫാക്ടറിയിലെ ഓയില്‍ ടാങ്ക് പൊട്ടിത്തെറിച്ച് മണ്ണാര്‍ക്കാട് ഫയര്‍ ഫോഴ്‌സ് അംഗങ്ങള്‍ക്കും നാട്ടുകാര്‍ക്കും...

More News