കോഴിക്കോട്: സി.പി.എം. സംസ്ഥാന നേതൃത്വത്തിന്റെ അനുവാദം വാങ്ങിയ ശേഷമാണ് കേരള കോൺഗ്രസ്(എം) തന്റെ സ്ഥാനാർഥിത്വം പ്രഖ്യാപിച്ചതെന്ന് പിറവത്തെ എൽ.ഡി.എഫ്. സ്ഥാനാർഥി ഡോ. സിന്ധുമോൾ ജേക്കബ്. ഇനി കേരള കോൺഗ്രസിൽ അംഗത്വം എടുക്കുമെന്നും രണ്ടില ചിഹ്നത്തിൽ തന്നെ പിറവത്ത് മത്സരിക്കുമെന്നും സിന്ധുമോൾ ജേക്കബ് പറഞ്ഞു.
സി.പി.എം. ഉഴവൂർ ബ്രാഞ്ച് കമ്മിറ്റിയിൽനിന്ന് പുറത്താക്കിയത് പ്രാദേശിക നേതൃത്വത്തിന്റെ നടപടി മാത്രമാണ്. പുറത്താക്കിയത് സംബന്ധിച്ച് തനിക്ക് യാതൊരു അറിയിപ്പും ലഭിച്ചിട്ടില്ല. ചില വ്യക്തികൾ മാത്രമാണ് ഇതിനു പിന്നിൽ. അതിന് പാർട്ടി താക്കീത് നൽകിയിട്ടുണ്ടെന്നും സിന്ധുമോൾ പറഞ്ഞു.
പിറവത്തും കടുത്തുരുത്തിയിലും തന്റെ പേര് ചർച്ച ചെയ്തിരുന്നതായി അറിഞ്ഞിരുന്നെങ്കിലും സ്ഥാനാർഥിത്വം ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. സി.പി.എമ്മിന് സമ്മതമാണെങ്കിൽ മുന്നണി സ്ഥാനാർഥിയായി മത്സരിക്കാൻ കുഴപ്പമില്ലെന്നായിരുന്നു തന്റെ നിലപാട്. കഴിഞ്ഞദിവസം വൈകീട്ട് ജോസ് കെ.മാണി നേരിട്ട് വിളിച്ചറിയിച്ചപ്പോഴാണ് സ്ഥാനാർഥിയായി തീരുമാനിച്ച വിവരമറിഞ്ഞത്. ഇനി കേരള കോൺഗ്രസിൽ ചേരണം. രണ്ടില ചിഹ്നത്തിൽ തന്നെ പിറവത്ത് മത്സരിക്കും.
സി.പി.എമ്മിന്റെ സംഘടനാസംവിധാനം നല്ലരീതിയിൽ പ്രവർത്തിക്കുന്ന, ഏറെ വിജയസാധ്യതയുള്ള മണ്ഡലമാണ് പിറവം. ഇടതുമുന്നണിക്ക് വേരോട്ടമുള്ള സ്ഥലമാണ്. താൻ പഠിച്ചതും വളർന്നതുമെല്ലാം പിറവത്താണ്. ആദ്യത്തെ ചില പ്രശ്നങ്ങൾ ഒഴിച്ചുനിർത്തിയാൽ മണ്ഡലത്തിൽ മറ്റു കുഴപ്പങ്ങളൊന്നുമില്ല. ഈ പ്രശ്നങ്ങളും പ്രാദേശികമായ എതിർപ്പുകളുമെല്ലാം ഒന്നോ രണ്ടോ ദിവസം കൊണ്ട് മാറും. എൽ.ഡി.എഫ് സർക്കാരിന്റെ തുടർ ഭരണമാണ് ഏവരുടെയും ലക്ഷ്യമെന്നും സിന്ധുമോൾ ജേക്കബ് പറഞ്ഞു.
English summary
CPM The Kerala Congress (M) announced its candidature after obtaining the permission of the state leadership. Candidate Dr. Sindhumol Jacob