പി ശശിയെ വീണ്ടും സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുത്തത്  തെറ്റായ സന്ദേശം നല്‍കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍

0

കൊച്ചി: പി ശശിയെ വീണ്ടും സംസ്ഥാന സമിതിയിലേക്ക് തെരഞ്ഞെടുത്തത്  തെറ്റായ സന്ദേശം നല്‍കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. തെറ്റുകള്‍ തിരുത്തുന്നവരെ പാര്‍ട്ടി പ്രോത്സാഹിപ്പിക്കും. സംസ്ഥാന സമിതി അംഗങ്ങളെ തെരഞ്ഞടുക്കാനുള്ള അവകാശം സംസ്ഥാന സമ്മേളനത്തിനാണെന്നും കോടിയേരി പറഞ്ഞു.

പിണറായി വിജയനാണ് പാര്‍ട്ടി സെക്രട്ടറി സ്ഥാനത്തേക്ക് തന്റെ പേര് നിര്‍ദ്ദേശിച്ചത്. അതിനെ എല്ലാവരും പിന്താങ്ങുകയായിരുന്നു. 89 അംഗ സംസ്ഥാന സമിതിയെയും 17 അംഗ സെക്രട്ടറിയറ്റിനേയും 5 അംഗ കണ്‍ട്രോള്‍ കമീഷനെയും തെരഞ്ഞെടുത്തു. സംസ്ഥാന സമിതിയില്‍ ഒരു സീറ്റ് ഒഴിച്ചിട്ടതായും കോടിയേരി പറഞ്ഞു.  175 അംഗ പാര്‍ട്ടി കോണ്‍ഗ്രസ് പ്രതിനിധികളെയും സമ്മേളനം തെരഞ്ഞെടുത്തതായി കോടിയേരി പറഞ്ഞു.

സ്ത്രീകളെ രണ്ടാം കിടമായി കാണുന്ന സമീപനത്തില്‍ മാറ്റമുണ്ടാകണം. ഇക്കാര്യത്തില്‍ ആശയപ്രചരണം വഴി കൂടുതല്‍ ഇടപെടണമെന്നാണ് സംസ്ഥാന സമ്മേളനം തീരുമാനിച്ചത്. പാര്‍ശ്വവത്കരിക്കപ്പെട്ടവരുടെ കാര്യത്തില്‍ സര്‍ക്കാര്‍ കൂടുതല്‍ ഇടപെടണം. കേന്ദ്രം കേരളത്തോട് കാണിക്കുന്ന നിഷേധാത്മക സമീപനത്തിനെതിരെ മെയ് മാസം പ്രതിഷേധപരിപാടികള്‍ സംഘടിപ്പിക്കും.

സംസ്ഥാനസമ്മേളനത്തില്‍ അവതരിപ്പിച്ച നയരേഖ പാര്‍ട്ടി കോണ്‍ഗ്രസിന് ശേഷം എല്ലാ പാര്‍ട്ടി ഘടകങ്ങളിലും വിശദികരിക്കും. ഒപ്പം ഘടകക്ഷികള്‍ക്കും നല്‍കും. ശാസ്ത്രബോധവും യുക്തിചിന്തയും ചരിത്രബോധമുള്ള ജനതയായി കേരളത്തെ മാറ്റാന്‍ വിദഗ്ധരെ ഏകോപിച്ച് പ്രത്യേക പരിപാടികള്‍ സംഘടിപ്പിക്കും. ഒരുവര്‍ഷം കൊണ്ട് ആയിരം വീടുകള്‍ കൂടി നിര്‍മ്മിച്ച് നല്‍കും. ഇത്തരത്തില്‍ 30 പരിപാടികളാണ് സമ്മേളനം അംഗീകരിച്ചിട്ടുള്ളതെന്നും കോടിയേരി പറഞ്ഞു.
 

Leave a Reply