സിപിഎം സംസ്ഥാന സമ്മേളനത്തിന്റെ പതാക ഉയരുന്നത് പെരുമ്പാവൂരിലെ കൊടിമരത്തിൽ; ജന്മനാ ഇടതു കൈപ്പത്തിയില്ലാത്ത അനിൽകുമാറും സുഹൃത്തും കൊടിമരം നിർമ്മിച്ചത് ഒരാഴ്ച കൊണ്ട്

0

കൊച്ചി: ചൊവ്വാഴ്‌ച മറൈൻഡ്രൈവിൽ ബി രാഘവൻ നഗറിൽ സിപിഐഎം സംസ്ഥാന സമ്മേളനത്തിന്റെ ചെമ്പതാക ഉയരുമ്പോൾ  അനിൽകുമാറിന്റെ മനസ്സും ആവേശക്കൊടുമുടിയേറും. ജന്മനാ ഇടതു കൈപ്പത്തിയില്ലാത്ത പെരുമ്പാവൂർ മാറമ്പിള്ളി സ്വദേശി കെ പി അനിൽകുമാറും സുഹൃത്തും ചേർന്ന്‌ ഒരാഴ്ചകൊണ്ടാണ്‌ കൊടിമരം നിർമിച്ചത്‌. സഹായിയായി സുഹൃത്ത്‌ എ കെ രാജേഷും ഒപ്പംചേർന്നു. കവുങ്ങും പ്ലൈവുഡും ഉപയോഗിച്ചുള്ള കൊടിമരത്തിന്‌ 27 അടി ഉയരമുണ്ട്‌.

അനിൽകുമാർ ആദ്യമായല്ല കൊടിമരം നിർമിക്കുന്നത്‌. ഡിവൈഎഫ്‌ഐ ബ്ലോക്ക്‌ ഭാരവാഹിയായിരിക്കെ തുടങ്ങിയതാണ്‌. അന്ന്‌ കൊടിമരജാഥയുടെ ക്യാപ്റ്റനായിരുന്നു. പിന്നീട്‌ നിരവധി സമ്മേളനങ്ങൾക്ക്‌ കൊടിമരം നിർമിച്ചു. ഏറ്റവും ഒടുവിൽ സിഐടിയു എറണാകുളം ജില്ലാ സമ്മേളനത്തിനും സിപിഐ എം 23-ാം പാർടി കോൺഗ്രസിന്റെ ഭാഗമായി ചേർന്ന പെരുമ്പാവൂർ ഏരിയ സമ്മേളനത്തിനും കൊടിമരം നിർമിച്ചു. സഹകരണസംഘം ജീവനക്കാരനായതിനാൽ ജോലിക്കുശേഷമുള്ള വൈകുന്നേരങ്ങളിലാണ്‌ കൊടിമരനിർമാണം. നാൽപ്പത്തൊന്നുകാരനായ അനിൽകുമാർ സിപിഐ എം മാറമ്പിള്ളി ലോക്കൽ കമ്മിറ്റി അംഗമാണ്‌.

മുപ്പതടിയോളം നീളമുള്ള കവുങ്ങ്‌ ചെത്തിമിനുക്കിയാണ്‌ കൊടിമരത്തിന്റെ കാല്‌ ഒരുക്കുന്നത്‌. പിന്നീട്‌ വെള്ള ചായം പൂശിയശേഷം വെള്ളതുണിയും അതിനുപുറത്തായി ചുവച്ച്‌ തുണിയും ചുറ്റും. പ്ലൈവുഡ്‌ ഉപയോഗിച്ച്‌ ചെറിയ ചതുര ബോക്സുകൾ തയ്യാറാക്കി കൊടിമരത്തിൽ സ്ക്രൂ ചെയ്യുന്നതോടെ നിർമാണം ഏറക്കുറെ പൂർത്തിയാകും. തുടർന്ന്‌ പതാക ഉയർത്താനുള്ള കാലുകൂടി സ്ഥാപിച്ചശേഷം അവസാന മിനുക്കുപണികൾകൂടി പൂർത്തിയാക്കി കൊടിമരം സമ്മേളന നഗരിയിലേക്ക്‌ എത്തിക്കും.

Leave a Reply