Thursday, September 23, 2021

കണ്ണമ്പ്ര അരിമില്ലിനുള്ള ഭൂമി സംബന്ധിച്ച അഴിമതി ആരോപണത്തിൽ സി.പി.എം. അന്വേഷണ കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കുംമുമ്പേ പുറത്തുവരുന്നത് കോടികളുടെ അഴിമതിക്കഥകൾ

Must Read

കണ്ണമ്പ്ര അരിമില്ലിനുള്ള ഭൂമി സംബന്ധിച്ച അഴിമതി ആരോപണത്തിൽ സി.പി.എം. അന്വേഷണ കമ്മിഷൻ റിപ്പോർട്ട് സമർപ്പിക്കുംമുമ്പേ പുറത്തുവരുന്നത് കോടികളുടെ അഴിമതിക്കഥകൾ. വിവാദമായ കണ്ണമ്പ്ര അരിമിൽ അഴിമതിക്കുപുറമേ, സി.പി.എമ്മിലെ ഒരു വിഭാഗം നേതാക്കളും ഭരണസ്വാധീനമുള്ള വ്യക്തികളും ചേർന്ന് 50 കോടിയിലധികം രൂപയുടെ വൻ സാമ്പത്തികത്തട്ടിപ്പ് നടത്തിയതായി പ്രവർത്തകർ പരാതിപ്പെട്ടതായാണ് സൂചന. പാർട്ടി അന്വേഷണ കമ്മിഷന്റെ നേതൃത്വത്തിൽ കണ്ണമ്പ്ര അരിമിൽ അഴിമതി ആരോപണം അന്വേഷിക്കുന്നതിനിടെയാണ് മറ്റ് സാമ്പത്തികത്തട്ടിപ്പുകളും പുറത്തുവന്നത്. വ്യാഴാഴ്ച ചേർന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിൽ അന്വേഷണ കമ്മിഷൻ ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിച്ച് വിശദമായ ചർച്ചകൾ നടത്തിയതായാണ് വിവരം. സഹകരണസംഘങ്ങളുടെ നേതൃത്വത്തിൽ നിർമിക്കുന്ന ആധുനിക അരിമില്ലിനുവേണ്ടി കണ്ണമ്പ്ര മാങ്ങോട്ടിൽ 27.66 ഏക്കർ ഭൂമി വാങ്ങിയതിൽ അഴിമതി നടന്നിട്ടുണ്ടെന്ന പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. ഏക്കറിന് 15 ലക്ഷം രൂപ മാത്രം വിലയുള്ള ഭൂമി 23.5 ലക്ഷം രൂപയ്ക്ക് വാങ്ങി സാമ്പത്തികത്തട്ടിപ്പ് നടത്തിയെന്നായിരുന്നു പരാതി. ഇതിൽ കഴമ്പുണ്ടെന്ന കണ്ടെത്തലിനൊപ്പം ആരോപണം നേരിടുന്ന സഹകരണസംഘം ജീവനക്കാരന്റെ നേതൃത്വത്തിൽ നോട്ടുനിരോധനസമയത്ത് 10 കോടിയിലധികം രൂപ വെളുപ്പിച്ചെടുത്തതായി പ്രവർത്തകർ കമ്മിഷനെ അറിയിച്ചതായാണ് വിവരങ്ങൾ. ഇതുകൂടാതെ ഭരണസ്വാധീനമുപയോഗിച്ച് വടക്കഞ്ചേരി ഏരിയ കമ്മിറ്റിയിലെ നാല് അംഗങ്ങൾ ചേർന്ന് വടക്കഞ്ചേരി ടൗണിലെ കുളം നികത്തി 30 കോടിയോളം രൂപയ്ക്ക് മറിച്ചുവിറ്റതായും തെളിവുസഹിതം ഒരു എൽ.സി. അംഗം അന്വേഷണ കമ്മിഷന് മൊഴി നൽകിയതായാണ് വിവരം. വടക്കഞ്ചേരി പഞ്ചായത്ത് കല്യാണമണ്ഡപനിർമാണവുമായി ബന്ധപ്പെട്ടും വടക്കഞ്ചേരി ബസാർ റോഡിന്റെ നവീകരണവുമായി ബന്ധപ്പെട്ടും വൻ അഴിമതി നടന്നിട്ടുണ്ടെന്നും കണ്ടെത്തിയതായാണ് സൂചന. അരിമിൽ അഴിമതിയാരോപണം നേരിടുന്ന ജില്ലാസെക്രട്ടേറിയറ്റംഗമായ ജനപ്രതിനിധിക്കെതിരെയും ഇദ്ദേഹത്തിന്റെ ബന്ധുകൂടിയായ സഹകരണബാങ്ക് ജീവനക്കാരനെതിരെയും കർശനനടപടികളുണ്ടായേക്കും. ജനപ്രതിനിധിയെ പ്രശ്നത്തിൽനിന്ന് ഒഴിവാക്കിയെടുക്കുമെന്ന് ഒരു വിഭാഗം കരുതുന്നുണ്ട്.

പാർട്ടിയുടെ പ്രതിച്ഛായയെ ബാധിച്ച വിഷയമായതിനാൽ സമ്മേളനങ്ങൾ തുടങ്ങുംമുമ്പ് നടപടിയെടുക്കേണ്ടതുമുണ്ട്. പാർട്ടിസമ്മേളനങ്ങൾ അടുത്ത മാസം തുടങ്ങുകയും ചെയ്യും. സി.പി.എം. ജില്ലാസെക്രട്ടേറിയറ്റംഗം ഇ.എൻ. സുരേഷ്ബാബു, തൃത്താല ഏരിയാസെക്രട്ടറി പി.എൻ. മോഹനൻ എന്നിവരുടെ നേതൃത്വത്തിലാണ് അന്വേഷണം നടന്നത്.

വടക്കഞ്ചേരി ഏരിയാസെക്രട്ടറിക്കെതിരേയും അന്വേഷണ കമ്മിഷൻ

പാർട്ടിയുടെ പഴയ റെസീപ്റ്റ് ബുക്കുപയോഗിച്ച് വടക്കഞ്ചേരി ഏരിയാസെക്രട്ടറി ലക്ഷങ്ങൾ പിരിവ് നടത്തിയെന്ന പരാതിയിലും പാർട്ടി അന്വേഷണ കമ്മിഷൻ അന്വേഷണം പൂർത്തിയാക്കി. ജില്ലാസെക്രട്ടേറിയറ്റംഗം ടി.എൻ. കണ്ടമുത്തന്റെ നേതൃത്വത്തിലായിരുന്നു അന്വേഷണം. വടക്കഞ്ചേരി ഏരിയ കമ്മിറ്റിയംഗം തന്നെയാണ് സെക്രട്ടറിക്കെതിരെ പരാതി നൽകിയത്.

കിഴക്കഞ്ചേരി സഹകരണസംഘത്തിൽ

കിഴക്കഞ്ചേരി: സി.പി.എമ്മിന്റെ കീഴിലുളള കിഴക്കഞ്ചേരി അഗ്രികൾച്ചർ ഇംപ്രൂവ്‌മെന്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയിൽ 31 ലക്ഷം രൂപയുടെ വെട്ടിപ്പ് നടത്തിയതായും പരാതി. പാർട്ടിയിലെ ലോക്കൽ കമ്മിറ്റിയംഗമാണ് ഇതുസംബന്ധിച്ച് സംസ്ഥാന സെക്രട്ടറിക്ക് പരാതി നൽകിയിട്ടുളളത്. അയൽക്കൂട്ടങ്ങളറിയാതെ ഇവരുടെപേരിൽ വായ്പയെടുത്തും ചിട്ടികൾ വഴിയും ഉടമയറിയാതെ ആധാരം പണയംവെച്ച് വായ്പയെടുത്തും പണം കൈപ്പറ്റിയതായാണ് പരാതി. സംഭവം നടന്നതായി പറയുന്ന രണ്ടുവർഷംമുമ്പ് മുതൽ സെക്രട്ടറി അവധിയിലാണ്. തട്ടിപ്പ് കണ്ടെത്തിയതിനെത്തുടർന്ന് പാർട്ടിയുടെ നിർദേശപ്രകാരം ഇവർ നിർബന്ധിത അവധിയിൽ പ്രവേശിച്ചതായാണ് വിവരം. എന്നാൽ, സൊസൈറ്റിയിൽ ക്രമക്കേടുകളൊന്നും നടന്നിട്ടില്ലെന്നും പരാതി അടിസ്ഥാനരഹിതമാണെന്നും സെക്രട്ടറി അവധിയിൽ പോയത് കുടുംബപരമായ കാരണങ്ങൾക്കൊണ്ടാണെന്നും പ്രസിഡന്റ് വി. രാധാകൃഷ്ണൻ പറഞ്ഞു.

Leave a Reply

Latest News

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ യാത്രയ്ക്കിടയിലെ ചിത്രത്തെ ട്രോളി കോണ്‍ഗ്രസ്

ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അമേരിക്കൻ യാത്രയ്ക്കിടയിലെ ചിത്രത്തെ ട്രോളി കോണ്‍ഗ്രസ്. മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ് വിദേശ യാത്രയ്ക്കിടെ വിമാനത്തിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുന്ന ചിത്രം...

More News