കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നയങ്ങള്‍ രാജ്യതാത്പര്യങ്ങള്‍ക്കെതിരാണെന്നും ബദലുണ്ടാക്കാന്‍ കഴിയുക ഇടതുപക്ഷത്തിനെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി

0

കൊച്ചി:കേന്ദ്രം ഭരിക്കുന്ന ബിജെപിയുടെ നയങ്ങള്‍ രാജ്യതാത്പര്യങ്ങള്‍ക്കെതിരാണെന്നും ബദലുണ്ടാക്കാന്‍ കഴിയുക ഇടതുപക്ഷത്തിനെന്നും സിപിഐഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. കേരളം എക്കാലത്തും രാജ്യത്തിന് മാതൃകയായിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. സിപിഐഎം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു യെച്ചൂരി.
പ്രധാനമന്ത്രി നടത്തിയ അഭിമുഖത്തില്‍ ഇന്ത്യയില്‍ ഒരു മൂലയില്‍ മാത്രമാണ് ഇടതുപക്ഷമുള്ളത്. അത് കേരളത്തില്‍ മാത്രമാണെന്നും പറയുകയുണ്ടായി. ഏറെ അപകടകരമായ ഒരു പ്രത്യയ ശാസ്ത്രമാണ് അവര്‍ പ്രതിനിധികരിക്കുന്നത്. അത് ഈ രാജ്യത്തിന് അപകടം സൃഷ്ടിക്കുന്നതാണ്. അതുകൊണ്ട് അവരെ ഇല്ലാതാക്കുന്നത് ഞങ്ങളുടെ ലക്ഷ്യമാണെന്ന് അദ്ദേഹം പറയുന്നു. എന്തുകൊണ്ടാണ് ഞങ്ങളുടെ പ്രത്യയശാസ്ത്രം അപകടരമാകുന്നത്. ബിജെപി സര്‍ക്കാര്‍ മുന്നോട്ട് വെക്കുന്ന രാജ്യത്തിന് എതിരാകുന്ന രാജ്യത്തിന്റെ ഐക്യത്തിനെതിരായിട്ടുള്ള എല്ലാ നയങ്ങള്‍ക്കുമെതിരേയുള്ള ബദല്‍ ഇടതുപക്ഷം മുന്നോട്ട്‌വെക്കുന്നു. മനുഷ്യജീവിതത്തിനെതിരായിട്ടുള്ള വഴികള്‍ അടക്കുന്നതിനെതിരേയുള്ള ബദലായിട്ടുള്ള രീതികള്‍ ഇടതുപക്ഷം മുന്നോട്ട് വെക്കുന്നു. ഈ രാജ്യത്തെ പൊതുമുതല്‍ കൊള്ളയടിക്കുന്നതിനെതിരായുള്ള ബദല്‍ മുന്നോട്ട് വെക്കുന്നു. ആ ബദല്‍ നയത്തിന്റെ വേദിയായി കേരളം മാറുന്നു. അതുകൊണ്ടാണ് കേരളവും ഇടതുപക്ഷവും അപകടകരമായി കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും തോന്നുന്നതെന്നും യെച്ചൂരി പറഞ്ഞു.
ഈ ബദല്‍ ശക്തിപ്പെടുത്തുകയെന്നതാണ് സമ്മേളനങ്ങളുടെ ലക്ഷ്യം. ലോകമെമ്പാടും കേരളത്തിന്റെ വികസനകാഴ്ചപ്പാട് ചര്‍ച്ച ചെയ്യുന്നുവെന്നത് ശ്രദ്ധിക്കപ്പെടേണ്ടതാണ്. അത് ശരിയായ രീതിയില്‍ ബദല്‍ ശക്തിപ്പെടുത്തുന്നതിന് സഹായകരമായിരിക്കുമെന്ന് കരുതുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിജെപിയുടേയും ആര്‍എസ്എസിന്റെയും പ്രധാനമന്ത്രിയുടേയുമെല്ലാം രാജ്യത്തിനെതിരായ വെല്ലുവിളികളേയും നയങ്ങളേയും പ്രതിരോധിക്കാന്‍ കഴിയുന്ന കാഴ്ചപ്പാട് മുന്നോട്ട് വെക്കാന്‍ ഇടതുപക്ഷത്തിനും കേരളത്തിനും കഴിയണം. കേരളം എക്കാലത്തും രാജ്യത്തിന് മാതൃകയായിട്ടുണ്ടെന്നും യെച്ചൂരി.
പാര്‍ട്ടികോണ്‍ഗ്രസിനും സംസ്ഥാന സമ്മേളനത്തിനും ശേഷമുളള നാലുവര്‍ഷങ്ങളെന്നുള്ളത് വലതുപക്ഷ ആക്രമണോത്സുക രാഷ്ട്രീയ മുന്നേറ്റത്തിന്റെ കാലമായിരുന്നുവെന്നത് ശ്രദ്ധേയമാണ്. ഫാസിസ്റ്റ് ആര്‍എസ്എസിനാല്‍ നയിക്കപ്പെടുന്ന ബിജെപി ഈ രാജ്യത്തെ പ്രത്യേകമായി ഒരു അവസ്ഥയിലേക്കാണ് കൊണ്ടുപോകാന്‍ ശ്രമിക്കുന്നത്. ഒരു വശത്ത് ഉദാരവത്കരണ നയങ്ങള്‍ ശക്തിപ്പെടുന്നു. മറുവശത്ത് ദേശീയ സ്വത്തിന്റെ കൊള്ളയടിക്കലിന് രൂപം നല്‍കുന്നു. ദല്ലാള്‍ സംവിധാനത്തിലൂടെ കോര്‍പ്പറേറ്റ് ബന്ധം ശക്തിപ്പെടുത്തികൊണ്ടിരിക്കുന്നു. അമിതാധികാര പ്രവണത എല്ലാ തലങ്ങളിലേക്കും വ്യാപിക്കുന്നു. പൗരാവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു. ജനാധിപത്യ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്നു. ഇതാണ് ഈ നാലു വര്‍ഷത്തെ തീവ്രമായ വലതുപക്ഷ രാഷ്ട്രീയ ആധിപത്യത്തിന്റെ അനുഭവമെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply