ലീ​ഗ് കൂടി ഇടത് മുന്നണിയിലെത്തിയാൽ സിപിഐ അപ്രസക്തം; എൽഡിഎഫ് വിപുലീകരണത്തെ കാനം എതിർക്കുന്നതിന് പിന്നിലെ രാഷ്ട്രീയ കാരണങ്ങൾ

0

തിരുവനന്തപുരം: മുസ്ലീം ലീ​ഗിന്റെ ഇടത് മുന്നണി പ്രവേശം വീണ്ടും സജീവ ചർച്ചയാകുകയാണ്. മുസ്ലീം ലീ​ഗിനെ സ്വാ​ഗതം ചെയ്ത് സിപിഎം നേതാക്കളും ആ നടപടിയെ എതിർത്ത് സിപിഎമ്മും രം​ഗത്തുണ്ട്. മുസ്ലീം ലീ​ഗിനെ സിപിഎം സഖ്യകക്ഷിയാക്കിയാൽ പ്രതിസന്ധിയിലാകുന്നത് സിപിഐയാണ്. പിണങ്ങിപ്പോകാൻ മറ്റൊരിടമില്ല എന്നതാണ് സിപിഐയുടെ മുന്നിലുള്ള പ്രതിസന്ധി. ദുർബലപ്പെട്ട കോൺ​ഗ്രസിനൊപ്പം ചേരുന്നത് കൊണ്ട് സിപിഐക്ക് പ്രത്യേകിച്ച് ​ഗുണമൊന്നുമില്ല എന്ന് മാത്രമല്ല, പാർട്ടി കൂടുതൽ ദുർബലപ്പെടുകയും ചെയ്യും എന്ന് സിപിഐ നേതൃത്വത്തിന് ബോധ്യമുണ്ട്. എന്നാൽ, മുസ്ലീം ലീ​ഗ് ഇടതു മുന്നണിയിലേക്ക് എത്തിയാൽ നഷ്ടം സഹിക്കേണ്ടി വരിക സിപിഐക്കാകും. സിപിഐക്ക് മുന്നണിയിലെ രണ്ടാം കക്ഷിയെന്ന സ്ഥാനം തന്നെ നഷ്ടമാകും. ഒപ്പം ലീ​ഗും കേരള കോൺ​ഗ്രസ് എമ്മും ചേർന്നുള്ള കുറുമുന്നണി സിപിഐയെ ഒതുക്കുകയും ചെയ്യും. ഇതിനിടയിലാണ് ആ പാർട്ടിക്കുള്ളിലെ രൂക്ഷമാകുന്ന വിഭാ​ഗീയത. ഇതെല്ലാം ചേർന്ന് അടുത്ത വർഷങ്ങളിൽ സിപിഐയെ കേരള രാഷ്ട്രീയത്തിൽ നിന്നും തീർത്തും അപ്രസക്തമാക്കും. ഒരു പരിധിവരെ സിപിഎം ആ​ഗ്രഹിക്കുന്നതും അതാണ്. രാജ്യത്തെ നിയമനിർമ്മാണ സഭകളിൽ പ്രാതിനിധ്യമുള്ള ഏക കമ്മ്യൂണിസ്ററ് പാർട്ടി എന്ന ലേബൽ സ്വന്തമാക്കുക എന്നതാണ് ഇതുവഴി സിപിഎമ്മിന് ലഭിക്കുന്ന ബോണസ്.

27 നിയമസഭാ സീറ്റുകളും നാല് പാർലമെന്റ് സീറ്റുകളുമാണ് സിപിഐക്ക് ഇടത് മുന്നണിയിൽ മത്സരിക്കാൻ ലഭിച്ചിരുന്നത്. ഇന്നാൽ, കഴിഞ്ഞ തവണ കേരള കോൺ​ഗ്രസ് എം കൂടി മുന്നണിയിലേക്ക് എത്തിയതിന്റെ ഫലമായി നിയമ സഭയിലേക്ക് മത്സരിക്കാൻ ലഭിച്ചിരുന്ന സീറ്റുകളുടെ എണ്ണം 25 ആയി ചുരുങ്ങിയിരുന്നു. ഇതിന് പിന്നാലെ മുസ്ലീം ലീ​ഗ് കൂടി എത്തിയാൽ അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ സിപിഐക്ക് മത്സരിക്കാനുള്ള സീറ്റുകളുടെ എണ്ണം ​ഗണ്യമായി കുറയും. 20 സീറ്റുകളിൽ താഴെ മാത്രമേ സിപിഐക്ക് മത്സരിക്കാൻ ലഭിക്കുള്ളൂ. അതിൽ ജയിക്കുക ഒരുപക്ഷേ പത്തിൽ താഴെ സീറ്റുകളിൽ മാത്രവും. അപ്പോഴും സിപിഎമ്മും കേരള കോൺ​ഗ്രസ് എമ്മും മുസ്ലീം ലീ​ഗും മികച്ച വിജയം കൊയ്യും. ഇതോടെ ഇടത് മുന്നണിയിൽ ഇപ്പോൾ രണ്ടാം കക്ഷിയായി വിലസുന്ന സിപിഐ മൂന്നാം സ്ഥാനത്തേക്കോ നാലാം സ്ഥാനത്തേക്കോ പിന്തള്ളപ്പെടാം. ഇതോടൊപ്പം പാർലമെന്റിലേക്ക് മത്സരിക്കാൻ ലഭിക്കുന്ന സീറ്റുകളുടെ എണ്ണം ഒന്നോ രണ്ടോ ആയി പരിമിതപ്പെടും. ഇതാണ് ഇടത് മുന്നണി വിപുലീകരണത്തിൽ സിപിഐയെ ഭയപ്പെടുത്തുന്നത്.

മുസ്ലീം ലീ​ഗിനെ ഇടത് മുന്നണിയിലേക്ക് സ്വാ​ഗതം ചെയ്ത എൽഡിഎഫ് കൺവീനർ ഇ പി ജയരാജന്റെ നിലപാടിനെ തള്ളി സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രൻ രം​ഗത്തെത്തിയതും അതുകൊണ്ട് തന്നെയാണ്. ജയരാജൻ പറഞ്ഞത് അദ്ദേഹത്തിന്റെ വ്യക്തിപരമായ അഭിപ്രായം മാത്രമാണെന്നും മുന്നണി വിപുലീകരണം ഇപ്പോൾ അജണ്ടയിലില്ലെന്നും കാനം വ്യക്തമാക്കി. അതേസമയം, സിപിഎം സംസ്ഥാന നേതൃത്വത്തിന്റെ നിലപാടാണ് ഇ പി പറഞ്ഞതെന്ന് രാഷ്ട്രീയ നിരീക്ഷകരും ചൂണ്ടിക്കാട്ടുന്നു.

മുസ്ലീം ലീ​ഗിന്റെ ഇടത് മുന്നണി പ്രവേശനത്തെ എതിർത്ത് പ്രതികരിച്ചെങ്കിലും സിപിഎം അത്തരം ഒരു തീരുമാനവുമായി മുന്നോട്ട് പോയാൽ നിശബ്ദം പിന്തുണയ്ക്കുക മാത്രമേ സിപിഐക്ക് വഴിയുള്ളൂ. സംസ്ഥാനത്തെ ഇടത് ഭരണത്തുടർച്ച ഉറപ്പാണെന്ന സ്ഥിതിയിൽ മുന്നണി വിട്ട് കോൺ​ഗ്രസ് ചേരിയിലേക്ക് പോകുന്നത് ആത്മഹത്യാപരമാണെന്ന് സിപിഐ നേതൃത്വത്തിനും അറിയാം. സിപിഐ സമ്മേളനങ്ങൾ നടക്കുന്നതിന്റെ ഭാ​ഗാമായാണ് കാനം രാജേന്ദ്രൻ സിപിഎം വിരുദ്ധ പ്രസ്താവനകൾ നടത്തുന്നത് എന്ന കണക്കുകൂട്ടലിലാണ് സിപിഎം നേതൃത്വം. എല്ലാക്കാലവും സിപിഐയുടെ സമ്മേളനങ്ങൾ നടക്കുമ്പോൾ അണികളുടെ വികാരം ഉണർത്താൻ സിപിഎം വിരുദ്ധ പ്രസ്താവനകൾ നടത്തുന്ന സിപിഐ നേതാക്കൾ പതിവ് കാഴ്ച്ചയാണെന്നും സമ്മേളനം കഴിയുന്നതോടെ യാഥാർത്ഥ്യത്തെ ഉൾക്കൊള്ളാൻ സിപിഐ നേതാക്കൾ തയ്യാറാകും എന്നുമാണ് സിപിഎം നേതാക്കൾ സൂചിപ്പിക്കുന്നത്.
അതിരപ്പിള്ളി തുടങ്ങി കെ റെയിലിൽ വരെ സിപിഎമ്മിന്റെ പ്രഖ്യാപിത ലക്ഷ്യത്തന് എതിരാണ് സിപിഐ. എന്ന് മാത്രമല്ല, തങ്ങൾക്ക് വില്ലൻ പരിവേഷം നൽകി സിപിഐ ആദർശ നായകന്റെ റോൾ എടുക്കുന്നു എന്ന പരിഭവം എല്ലാ സിപിഎമ്മുകാർക്കുമുണ്ട്. പാർട്ടിക്ക് വലിയ സാമ്പത്തിക ലാഭമുണ്ടാക്കാൻ കഴിയുന്ന പദ്ധതികൾക്ക് തുരങ്കം വെക്കുന്ന സിപിഐയെ ഒതുക്കി മൂലയ്ക്കിരുത്തുക എന്നത് മാത്രമല്ല, നല്ല ജനകീയ അടിത്തറയുള്ള ഒരു കക്ഷിയെ ഒപ്പം കിട്ടിയാൽ നല്ലതാണ് എന്നതാണ് സിപിഎം ചിന്ത. അതിന് ഇന്ന് കേരളത്തിൽ മുസ്ലീം ലീ​ഗിനോളം ലക്ഷണമൊത്തൊരു പാർട്ടി മറ്റൊന്നില്ല എന്ന് മുസ്ലീം ലീ​ഗുകാർ പോലും സമ്മതിക്കുകയും ചെയ്യും.

സിപിഎമ്മും കോൺ​ഗ്രസും കഴിഞ്ഞാൽ പിന്നെ തനിച്ച് മത്സരിച്ച് ശക്തി തെളിയിക്കാൻ കഴിയുന്ന ഏക പാർട്ടിയും മുസ്ലീം ലീ​ഗാണ്. തെക്കൻ കേരളത്തിലും കണ്ണൂരിലും കോഴിക്കോടുമുള്ള ശക്തി സിപിഎമ്മിന് ഇല്ലാത്ത ജില്ലയാണ് മലപ്പുറം. അവിടെയാകട്ടെ നിർണായക ശക്തിയാണ് മുസ്ലീം ലീ​ഗ്. മറ്റ് വടക്കൻ ജില്ലകളിൽ നല്ല സ്വാധീനവും തെക്കൻ ജില്ലകളിൽ സാന്നിധ്യവുമുള്ള പാർട്ടിയുമാണ് മുസ്ലീം ലീ​ഗ്. അതിനുമപ്പുറം സിപിഎമ്മിന്റെ അണികളിൽ ഭൂരിപക്ഷവും ഹിന്ദുക്കളെങ്കിൽ മുസ്ലീം ലീ​ഗിന്റെ അണികളിൽ ബഹുഭൂരിപക്ഷവും മുസ്ലീങ്ങളും.

2011 ൽ മത്സരിച്ച 24 സീറ്റുകളിൽ 20ലും വിജയിച്ച പാർട്ടിയാണ് മുസ്ലീം ലീ​ഗ്. പിന്നീട് നടന്ന 2016ലെ തെരഞ്ഞെടുപ്പിൽ മുസ്ലീം ലീ​ഗ് ഉൾപ്പെടുന്ന യുഡിഎഫിന് ഭരണം നഷ്ടമായെങ്കിലും അന്നും മത്സരിച്ച 23 സീറ്റുകളിൽ 18 സീറ്റുകൾ മുസ്ലീം ലീ​ഗ് വിജയിച്ചു. 87 സീറ്റുകളിൽ മത്സരിച്ച കോൺ​ഗ്രസിന് ആ തെരഞ്ഞെടുപ്പിൽ വിജയിപ്പിക്കാനായത് വെറും 21 പേരെ മാത്രമായിരുന്നു. അതിന് ശേഷം 2021ൽ നടന്ന തെരഞ്ഞെടുപ്പിൽ പിണറായി സർക്കാർ അധികാരം നിലനിർത്തിയെങ്കിലും മുസ്ലീം ലീ​ഗിന്റെ കോട്ട തകർക്കാൻ അവർക്കായില്ല. 2016ൽ 59 സീറ്റുകൾ വിജയിച്ച സിപിഎം 2021ൽ വിജയിച്ച സീറ്റുകളുടെ എണ്ണം 62 ആയി ഉയർത്തിയിരുന്നു. പക്ഷേ സിപിഐ കഴിഞ്ഞ തവണയുണ്ടായിരുന്ന 19ൽ നിന്നും 17ലേക്ക് ചുരുങ്ങി. കോൺ​ഗ്രസ് ആകട്ടെ 21ൽ നിന്നും 21ലേക്ക് താണു. മുസ്ലീം ലീ​ഗിന് അപ്പോഴും 15 പേരെ ജയിപ്പിച്ചെടുക്കാൻ കഴിഞ്ഞു. ഏറ്റവും കുറച്ച് സീറ്റുകളിൽ പരാജയപ്പെടുന്ന കേരളത്തിലെ ഏക പാർട്ടിയാണ് മുസ്ലീം ലീ​ഗ്. അഥവാ മുസ്ലീം ലീ​ഗ് മത്സരിക്കുന്ന ബഹുഭൂരിപക്ഷം സീറ്റുകളിലും ഏത് പ്രതികൂല തരം​ഗത്തിലും അവർ തന്നെ ജയിക്കും.
ഇത്ര നല്ലൊരു ട്രാക്ക്റെക്കോഡുള്ള മറ്റൊരു പാർട്ടിയുണ്ടെങ്കിൽ അത് സിപിഎം മാത്രമാണ്. കാലങ്ങളായി മത്സരിച്ച് ജയിക്കുന്ന സീറ്റുകളുടെ എണ്ണം അവർ വർധിപ്പിക്കുന്നുണ്ട്. സിപിഐയാകട്ടെ, ചില പോക്കറ്റുകളിലെ സ്വാധീനം വെച്ച് കേരളത്തിലെ എല്ലാ ജില്ലകളിലും സീറ്റ് ചോദിച്ച് വാങ്ങി മത്സരിക്കുന്നു. അവിടെയൊന്നും ജയിക്കാനുമാകുന്നില്ല. എന്ന് മാത്രമല്ല, തരം കിട്ടുമ്പോഴൊക്കെ സിപിഎമ്മിനിട്ട് പണികൊടുക്കുകയും ചെയ്യുന്നു. ഇതിന് പരിഹാരം എന്ന നിലയിലാണ് വികസന – ഫണ്ട് സമാഹരണ പ്രവർത്തനങ്ങളിൽ സമാനചിന്താ​ഗതി വെച്ചുപുലർത്തുന്ന മുസ്ലീം ലീ​ഗിനെ ഒപ്പം കൂട്ടാൻ സിപിഎം ശ്രമിക്കുന്നത്.

ഭരണമില്ലാതെ അഞ്ച് വർഷത്തിലേറെ സമാധാനത്തോടെ ജീവിക്കാൻ പറ്റാത്ത പാർട്ടിയാണ് മുസ്ലീം ലീ​ഗ്. കോൺ​ഗ്രസിന് ഇനി ഒരു തിരിച്ചുവരവ് സാധ്യമല്ലെന്ന് മറ്റാരെക്കാളും നന്നായി ലീ​ഗ് തിരിച്ചറിയുന്നുമുണ്ട്. തങ്ങൾ മലപ്പുറത്ത് ജയിക്കുന്നത് കോൺ​ഗ്രസിന്റെ സഹായം കൊണ്ടല്ലെങ്കിലും മലബാറിൽ കോൺ​ഗ്രസ് എവിടെയെങ്കിലും ജയിക്കുന്നുണ്ടെങ്കിൽ അത് തങ്ങളുടെ സഹായം കൊണ്ടാണെന്നും ലീ​ഗിന് ബോധ്യമുണ്ട്. ഇതിനിടയിലാണ് മുസ്ലീം സമുദായത്തിനിടയിലേക്ക് കടന്നുവരുന്ന തീവ്രസ്വഭാവമുള്ള പാർട്ടികളും സിപിഎമ്മും ഉയർത്തുന്ന ഭീഷണി. തീവ്രവാദ സ്വഭാവമുള്ള പാർട്ടികളെ പോലെ തന്നെ സിപിഎമ്മും മലപ്പുറത്തേക്കാണ് കണ്ണുപായിക്കുന്നത്. മുസ്ലീം സമുദായത്തിന്റെ പിന്തുണ കൂടിയുണ്ടെങ്കിൽ ദീർഘകാല ഭരണം എന്ന ആ​ഗ്രഹം സാധ്യമാകുകയും ചെയ്യും. ഈ അവസരത്തിലാണ് സിപിഎമ്മിന് മുസ്ലീം പിന്തുണ മുസ്ലീം ലീ​ഗിലൂടെ എന്ന ആശയം ലീ​ഗ് നേതൃത്വം ചർച്ച ചെയ്യുന്നത്. മലബാറിൽ നിന്നുള്ള കേരളത്തിലെ ഒരു മന്ത്രി പ്രമുഖനാണ് ഇതിന് ഇടനില നിൽക്കുന്നത് എന്നാണ് വിവരം.
ഇസ്ലാമും കമ്മ്യൂണിസ്റ്റും കൈകോർത്താൽ കേരളത്തിൽ സുസ്ഥിര ഭരണകൂടം സ്ഥാപിക്കപ്പെടും എന്ന ചർച്ച ഉയർത്തിയാകും മുസ്ലീം ലീ​ഗ് സിപിഎമ്മിനൊപ്പം ചേരുക. ബിജെപി ഉയർത്തുന്ന ഭീഷണിയെ ചെറുക്കാൻ അത് അത്യാവശ്യമാണെന്നും പറഞ്ഞുവെക്കുന്നതോടെ പുതിയ സഖ്യം സാധ്യമാകും. ഇപ്പോൾ തന്നെ തമിഴ്നാട് ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ലീ​ഗും സിപിഎമ്മും ഒരു മുന്നണിയിലാണെന്ന ന്യായവും പറയും. അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിന് മുമ്പ് ഈ സഖ്യം സാധ്യമാകാനാണ് സാധ്യതയെന്ന് സിപിഎം നേതാക്കൾ പോലും പറയുന്നതും അതുകൊണ്ടാണ്.

Leave a Reply