Tuesday, September 22, 2020

മുഖ്യമന്ത്രിയുടെ പത്ര സമ്മേളനം; വിശദവിവരങ്ങൾ

Must Read

കനത്ത മഴ ഇന്നും തുടരും :ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ചൊവ്വാഴ്ച കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഏഴു ജില്ലകളില്‍ ചൊവ്വാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്,...

ഇ​ന്ത്യ​-മാ​ലി​ദ്വീ​പ് കാ​ര്‍​ഗോ ഫെ​റി സ​ര്‍​വീ​സി​നു കൊ​ച്ചി​യി​ല്‍ ആരംഭിച്ചു

ഇ​ന്ത്യ​ക്കും മാ​ലി​ദ്വീ​പി​നും ഇ​ട​യി​ല്‍ ചെ​ല​വു​കു​റ​ഞ്ഞ ച​ര​ക്ക് ഗ​താ​ഗ​തം ല​ക്ഷ്യ​മാ​ക്കി​യു​ള്ള കാ​ര്‍​ഗോ ഫെ​റി സ​ര്‍​വീ​സി​നു കൊ​ച്ചി​യി​ല്‍ നി​ന്നു തു​ട​ക്ക​മാ​യി.200 ടി​ഇ​യു, 3000 മെ​ട്രി​ക് ട​ണ്‍ ശേ​ഷി​യു​ള്ള കാ​ര്‍​ഗോ...

തദ്ദേശ തെരഞ്ഞെടുപ്പില്‍ വീടുകളില്‍ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിർദേശം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭവന സന്ദര്‍ശനമെന്ന് പറഞ്ഞ് ഇനി വീടുകളില്‍ കയറി വോട്ട് ചോദിക്കാന്‍ കഴിയില്ല. സ്ഥാനാര്‍ത്ഥികള്‍ വീട്ടിനുള്ളില്‍ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ്...

സംസ്ഥാനത്ത് ഇന്ന് 1417 പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. രോഗമുക്തി നേടിയവരുടെ എണ്ണം 1426 ആണ്.

അഞ്ച് മരണം റിപ്പോര്‍ട്ട് ചെയ്തു. തിരുവനന്തപുരം വര്‍ക്കല സ്വദേശി ചെല്ലയ്യന്‍ (68), കണ്ണൂര്‍ കോളയാട് കുമ്പ മാറാടി (75), തിരുവനന്തപുരം വലിയതുറ മണിയന്‍ (80), എറണാകുളം ചെല്ലാനം സ്വദേശി റീത്ത ചാള്‍സ് (87), തിരുവനന്തപുരം വെള്ളനാട് സ്വദേശി പ്രേമ (52) എന്നിവരാണ് മരിച്ചത്. ഇവരുടെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തുന്നു.

1242 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ കോവിഡ് രോഗം ബാധിച്ചത്. അതില്‍ ഉറവിടമറിയാത്തത് 105. വിദേശത്തുനിന്ന് 62 പേര്‍. മറ്റു സംസ്ഥാനങ്ങളില്‍നിന്ന് 72 പേര്‍. ഹെല്‍ത്ത് വര്‍ക്കര്‍മാര്‍ 36 കഴിഞ്ഞ 24 മണിക്കൂറിനകം 21,625 പരിശോധനകള്‍ നടത്തി.

ജില്ലകളില്‍ പോസിറ്റീവായവരുടെ കണക്ക്:

തിരുവനന്തപുരം 297, മലപ്പുറം 242, കോഴിക്കോട് 158, കാസര്‍കോട് 147, ആലപ്പുഴ 146, പാലക്കാട് 141, എറണാകുളം 133, തൃശൂര്‍ 32, കണ്ണൂര്‍ 30, കൊല്ലം 25, കോട്ടയം 24, പത്തനംതിട്ട 20, വയനാട് 18, ഇടുക്കി 4.

കോവിഡ് പ്രതിരോധത്തിനൊപ്പം എലിപ്പനി, ഡെങ്കിപ്പനി എന്നിവയുടെ പ്രതിരോധ പ്രവര്‍ത്തനങ്ങളും നടക്കുന്നുണ്ട്.

ആലപ്പുഴ ജില്ലയില്‍ തീരപ്രദേശങ്ങളില്‍ കോവിഡ് രോഗവ്യാപനം തുടരുകയാണ്. ആറ് ക്ളസ്റ്ററുകളിലാണ് രോഗം വര്‍ദ്ധിക്കുന്നത്. കടക്കരപ്പള്ളി, ചെട്ടികാട്, പുന്നപ്ര നോര്‍ത്ത്, അമ്പലപ്പുഴ സൗത്ത്, വെട്ടയ്ക്കല്‍, പാണാവള്ളി എന്നിവയാണവ.

കോട്ടയം ജില്ലയില്‍ അതിരമ്പുഴ, ഏറ്റുമാനൂര്‍ മേഖലകളില്‍ കോവിഡ് സമ്പര്‍ക്ക വ്യാപനം ഇപ്പോഴും റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നുണ്ട്. ഈ സാഹചര്യത്തില്‍ ഏറ്റുമാനൂര്‍ ക്ലസ്റ്ററിന്‍റെ ഭാഗമായിരുന്ന അതിരമ്പുഴ ഗ്രാമപഞ്ചായത്തിനെ പ്രത്യേക ക്ലസ്റ്ററായി പ്രഖ്യാപിച്ചിട്ടുണ്ട്.

എറണാകുളം ജില്ലയില്‍ ഫോര്‍ട്ട് കൊച്ചി ക്ലസ്റ്ററില്‍ രോഗവ്യാപനം തുടരുകയാണ്. മട്ടാഞ്ചേരി, പള്ളുരുത്തി, കുമ്പളങ്ങി മേഖലകളില്‍ ആണ് കൂടുതല്‍ കേസുകള്‍ ഉള്ളത്. കണ്ടെയ്ന്‍മെന്‍റ് സോണുകളിലെ വ്യവസായ ശാലകള്‍ക്ക് പ്രവര്‍ത്തനാനുമതി നല്‍കി. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു മാത്രമേ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കു. ജില്ലയിലെ അടഞ്ഞു കിടക്കുന്ന മാര്‍ക്കറ്റുകള്‍ മാര്‍ഗനിര്‍ദേശം പാലിച്ചുകൊണ്ട് തുറന്നു പ്രവര്‍ത്തിക്കും

തൃശൂര്‍ ജില്ലയില്‍ മങ്കര, മിണാലൂര്‍ ക്ലസ്റ്ററുകള്‍ പുതുതായി രൂപംകൊണ്ടു

കോഴിക്കോട് ഒരു വീട്ടില്‍ തന്നെ അഞ്ചിലേറെ പേര്‍ രോഗികളായ 24 വീടുകള്‍ കോര്‍പറേഷന്‍ പരിധിയിലുണ്ട്. പുറത്തു പോയി വരുന്നവര്‍ വീടുകള്‍ക്കുള്ളിലും കോവിഡ് മുന്‍കരുതല്‍ സ്വീകരിക്കേണ്ടത് നിര്‍ബന്ധമാണ്. മത്സ്യബന്ധനത്തിനു എത്തിയ 68 അതിഥി തൊഴിലാളികള്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയുണ്ടായി. അതിഥി തൊഴിലാളികള്‍ മത്സ്യബന്ധനത്തിനു എത്തി കടലില്‍ തന്നെ ബോട്ടില്‍ കഴിഞ്ഞുകൂടുന്നത് ശ്രദ്ധയില്‍പെട്ടിട്ടുണ്ട്. ജാഗ്രതാ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയ്യാതേയും പാസ് ഇല്ലാതെയും വരുന്ന തൊഴിലാളികളെ മത്സ്യബന്ധനത്തിനു അനുവദിക്കില്ല. ബേപ്പൂര്‍ മേഖലയില്‍ പൊലിസ് നിരീക്ഷണം ശക്തിപ്പെടുത്തും.

കോഴിക്കോട് ബീച്ച് ആശുപത്രി കോവിഡ് ആശുപത്രിയാക്കി മാറ്റി. ആശുപത്രിയിലെ ഡയാലിസ് സെന്‍റര്‍ അവിടെ നിലനിര്‍ത്തിയിട്ടുണ്ട്.  രോഗികളുടെ സുരക്ഷിതത്വം ഉറപ്പാക്കാന്‍ കോവിഡ് വാര്‍ഡുമായി യാതൊരു ബന്ധവുമില്ലാത്ത രീതിയില്‍ ഡയാലിസിസ് സെന്‍ററിലേക്ക് ആശുപത്രിക്ക് ഉള്ളില്‍ നിന്നുള്ള പ്രവേശനം പൂര്‍ണമായും അടച്ചു. ആശുപത്രി കോമ്പൗണ്ടില്‍ നിന്നും നേരെ ഡയാലിസിസ് സെന്‍ററിലേക്ക് പ്രവേശിക്കാന്‍ റാമ്പ് സൗകര്യം ഒരുക്കിയിട്ടുണ്ട്.

കണ്ണൂര്‍ ജില്ലയിലെ കണ്ണൂര്‍ ഗവ. മെഡിക്കല്‍ കോളേജ്, ഡിഎസ്സി, ആസ്റ്റര്‍ മിംസ് എന്നിവിടങ്ങളില്‍ സ്ഥിതി നിയന്ത്രണ വിധേയമാണ്. സമ്പര്‍ക്കം വഴിയുള്ള രോഗബാധ കൂടുതല്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ചക്കരക്കല്‍ പൊലിസ് സ്റ്റേഷന്‍ പരിധിയിലെ കൂടുതല്‍ പ്രദേശങ്ങള്‍ പൂര്‍ണമായി അടച്ചിട്ടു.

പത്തു ദിവസത്തിനകം 1146 രോഗികളിലാണ് കാസര്‍കോട് ജില്ലയില്‍ കോവിഡ്  സ്ഥിരീകരിച്ചത്. കാസര്‍കോട് ബീച്ച് ക്ലസ്റ്ററുമായി ബന്ധപ്പെട്ടവരിലുള്ള രോഗ ബാധ വര്‍ദ്ധിക്കുകയാണ്. ഇതുവരെയായി കാസര്‍കോട് ബീച്ച് ക്ലസ്റ്ററില്‍ മാത്രം 128 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചിട്ടുള്ളത്.

കോവിഡ് പ്രതിരോധമേഖലയിലെ പൊലീസിന്‍റെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിട്ടുണ്ട്. ആരോഗ്യപ്രവര്‍ത്തകരുമായി ചേര്‍ന്ന് പൊലീസ് നടത്തുന്ന കോണ്‍ടാക്ട് ട്രെയിസിങ് പൊതുജനങ്ങള്‍ സ്വാഗതം ചെയ്യുന്നതായാണ് അനുഭവം. കോണ്‍ടാക്ട് ട്രെയിസിങ്, കണ്ടെയ്ന്‍മെന്‍റ് സോണ്‍ കണ്ടെത്തല്‍ എന്നീ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ കൃത്യതയോടെ ചെയ്യാനും തീരുമാനമായി.

രോഗവ്യാപനം വര്‍ദ്ധിക്കുന്ന തിരുവനന്തപുരം, ആലപ്പുഴ, മലപ്പുറം ജില്ലകളില്‍ പൊലീസ് നടപടികള്‍ കൂടുതല്‍ കര്‍ശനമാക്കും. ഐജി അശോക് യാദവ്, ഡിഐജി എസ് സുരേന്ദ്രന്‍ എന്നിവര്‍ മലപ്പുറത്ത് ക്യാമ്പ് ചെയ്ത് ആ ജില്ലയിലെ പൊലീസ് നടപടികള്‍ ഏകോപിപ്പിക്കും.

മാസ്ക് ധരിക്കാത്തതിന് നടപടി നേരിട്ടവരുടെ ഡേറ്റാബാങ്ക് തയ്യാറാക്കും. മാസ്ക് ധരിക്കാത്തതിന് രണ്ടാമതും പിടിയിലാകുന്നവരില്‍ നിന്ന് പിഴയായി 2000 രൂപ വീതം ഈടാക്കും.

തിരുവനന്തപുരം ജില്ലയിലെ കരമനയില്‍ കണ്ടെയ്ന്‍മെന്‍റ് സോണുകള്‍ സ്വയം നിശ്ചയിച്ച് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ ജനം മുന്‍കൈയെടുത്തതായി മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. ഈ മാതൃക ജനമൈത്രി പൊലീസിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുത്തും. ജനമൈത്രി പോലീസിന്‍റെ സഹായത്തോടെ സംസ്ഥാനത്തെമ്പാടും ബോധവല്‍കരണ പ്രവര്‍ത്തനങ്ങളും നിരീക്ഷണവും ശക്തിപ്പെടുത്തും. സ്വയരക്ഷയ്ക്കു മാത്രമല്ല, മറ്റുള്ളവരുടെ ആരോഗ്യം സംരക്ഷിക്കുന്നതിന് കൂടിയാണ് മാസ്ക് ധരിക്കുകയും സാമൂഹിക അകലം പാലിക്കുകയും ചെയ്യേണ്ടതെന്ന സന്ദേശം പ്രചരിപ്പിക്കും.

തീരദേശമേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് സാമൂഹികസാമ്പത്തിക സാംസ്കാരിക ഘടകങ്ങള്‍ പരിഗണിച്ച് പ്രത്യേക പദ്ധതി നടപ്പിലാക്കും.

കൊല്ലം റൂറലില്‍ വിജയകരമായി നടപ്പിലാക്കിയ മാര്‍ക്കറ്റ് കമ്മിറ്റി, മാര്‍ക്കറ്റ് എന്‍ഫോഴ്സ്മെന്‍റ് സ്ക്വാഡ് സംവിധാനങ്ങള്‍ എല്ലാ ജില്ലകളിലേയ്ക്കും വ്യാപിപ്പിക്കും. തൃശൂര്‍ സിറ്റിയില്‍ നിലവിലുള്ള മാതൃകയില്‍ മാര്‍ക്കറ്റ് മാനേജ്മെന്‍റ് സംവിധാനം സംസ്ഥാനത്തെ എല്ലാ വലിയ മാര്‍ക്കറ്റുകളിലും നടപ്പാക്കും. സംസ്ഥാനത്തിന് വെളിയില്‍ നിന്ന് ചരക്കുമായി എത്തുന്ന വാഹനങ്ങളിലെ ഡ്രൈവര്‍മാര്‍ക്ക് മാത്രമായി സുരക്ഷിതവും അണുവിമുക്തവുമായ താമസസൗകര്യം ഏര്‍പ്പെടുത്തുക എന്നതാണ് ഇതുവഴി ലക്ഷ്യമിടുന്നത്.

കൊല്ലം സിറ്റിയിലെ മാതൃകയില്‍ സംസ്ഥാനത്തെ എല്ലാ കണ്ടെയ്ന്‍മെന്‍റ് സോണുകളിലും ക്ലോസ്ഡ് ഗ്രൂപ്പുകള്‍ക്ക് രൂപം നല്‍കും.
   
മാസ്ക് ധരിക്കാത്ത 6954 സംഭവങ്ങള്‍ സംസ്ഥാനത്ത് ഇന്ന് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ക്വാറന്‍റൈയ്ന്‍ ലംഘിച്ച 10 പേര്‍ക്കെതിരെ ഇന്ന് കേസ് രജിസ്റ്റര്‍ ചെയ്തു.

കാലവര്‍ഷം

വരും ദിവസങ്ങളില്‍ കേരളത്തില്‍ മഴ കുറയുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചിട്ടുണ്ട്. കേന്ദ്ര കാലാവസ്ഥ വകുപ്പിന്‍റെ ദ്വൈവാര പ്രവചനത്തില്‍ അടുത്ത ആഴ്ച കേരളത്തില്‍ സാധാരണ മഴയാണ് പ്രവചിച്ചിട്ടുള്ളത്. ഓഗസ്റ്റ് 13 ന് മറ്റൊരു ന്യൂനമര്‍ദം കൂടി രൂപപ്പെടാന്‍ സാധ്യതയുണ്ടെങ്കിലും അത് കേരളത്തിലെ കാലാവസ്ഥയെ നേരിട്ട് ബാധിക്കില്ല എന്നാണ് ഇപ്പോഴത്തെ വിലയിരുത്തല്‍. ന്യൂനമര്‍ദത്തിന്‍റെ രൂപീകരണ സാധ്യതയും വികാസവും കേന്ദ്ര കാലാവസ്ഥ വകുപ്പും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റിയും സൂക്ഷ്മമായി നിരീക്ഷിക്കുന്നുണ്ട്.

നദികളിലെ ജലനിരപ്പ് അപകട നിരപ്പില്‍ നിന്ന് താഴ്ന്നിട്ടുണ്ട്. വെള്ളക്കെട്ട് രൂപപ്പെട്ട ഇടങ്ങളിലെല്ലാം സാധാരണ നിലയിലേക്ക് കാര്യങ്ങള്‍ മാറി വരുന്നുണ്ട്. ഉരുള്‍പൊട്ടല്‍ സാധ്യതയുള്ള മലയോര മേഖലയിലെവിടെയെങ്കിലും പ്രവചനങ്ങള്‍ തെറ്റിച്ച് മഴ ശക്തിപ്പെടുന്ന സാഹചര്യമുണ്ടായാല്‍ പ്രത്യേക ഇടപെടലിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

എല്ലാ ജില്ലകളിലും ദുരിതാശ്വാസ ക്യാമ്പുകള്‍ തുടങ്ങാന്‍ സംവിധാനം ഒരുക്കിയിരുന്നു. കോവിഡ് ക്വാറന്‍റൈനില്‍ ഉള്ളവര്‍ക്കായി പ്രത്യേകം ക്യാമ്പുകളും ഒരുക്കിയിരുന്നു. മഴക്കെടുതിയെ തുടര്‍ന്ന് സംസ്ഥാനത്താകെ 493 ക്യാമ്പുകള്‍ ഇന്ന് ഉച്ചവരെ തുറന്നു. അതില്‍ 21,205 പേരാണ് അവിടെയുണ്ടായിരുന്നത്. മഴ കുറഞ്ഞതോടെയും വെള്ളം ഇറങ്ങിയതോടെയും പലരും വീടുകളിലേക്ക് മടങ്ങി പോയിക്കൊണ്ടിരിക്കുന്നു. തിരികെ വീടുകളിലേക്ക് പോകുന്നവര്‍ പാലിക്കേണ്ട മുന്‍കരുതലുകള്‍ എല്ലാം പാലിക്കണം എന്ന് ഓര്‍മ്മപ്പെടുത്തുന്നു.

ഇടുക്കി രാജമല, പെട്ടിമുടി ദുരന്തത്തില്‍ മൂന്ന് മൃതദേഹങ്ങള്‍കൂടി ഇന്ന് കണ്ടെടുത്തു. ഇതോടെ മരിച്ചവരുടെ എണ്ണം 52 ആയി.

ഇഐഎ

പരിസ്ഥിതി ആഘാത വിജ്ഞാപനത്തിന്‍റെ കരട് ദൂരവ്യാപകവും വിപരീതവുമായ പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്നതാണ്. അതിലെ പല നിര്‍ദ്ദേശങ്ങളോടും യോജിക്കാനാവില്ല എന്നതാണ് സംസ്ഥാനത്തിന്‍റെ നിലപാട്. ഇക്കാര്യത്തില്‍ ബന്ധപ്പെട്ട എല്ലാ വിഭാഗങ്ങളുമായും കൂടുതല്‍ ഫലപ്രദമായ ചര്‍ച്ചകള്‍ നടത്തി മാത്രമേ അന്തിമ തീരുമാനത്തിലെത്താവൂ.

ഇതിനുപുറമെ സംസ്ഥാനത്തിന്‍റെ സാഹചര്യം കൂടി പരിശോധിച്ച് ചില കാര്യങ്ങളില്‍ മാറ്റം വേണമെന്ന അഭിപ്രായം പ്രത്യേകമായി പറയുന്നുണ്ട്.

പ്രധാനമായും ഖനനാനുമതിയുമായി ബന്ധപ്പെട്ട കാര്യത്തിലെ ഭേദഗതിയാണ് സംസ്ഥാനം ചൂണ്ടിക്കാട്ടുന്നത്. ഇടത്തരം വിഭാഗത്തിലെ കാറ്റഗറി ബി 1ല്‍ അഞ്ച് ഹെക്ടറില്‍ കൂടുതല്‍ നൂറ് ഹെക്ടര്‍ വരെ എന്ന വ്യവസ്ഥയാണ് അനുമതിനല്‍കുന്നതുമായി ബന്ധപ്പെട്ട് നിലനില്‍ക്കുന്നത്. അതായത്, അഞ്ച് ഹെക്ടറിനും നൂറ് ഹെക്ടറിനും ഇടയില്‍ ഖനന പ്രവര്‍നങ്ങള്‍ക്ക് അനുമതി നല്‍കുമ്പോള്‍ പരിസ്ഥിതി ക്ലിയറന്‍സ് ആവശ്യമാണ്. ഇതില്‍ അഞ്ച് ഹെക്ടര്‍ എന്നത് രണ്ട് ഹെക്ടര്‍ എന്നാക്കി ഭോദഗതി ചെയ്യണമെന്നാണ് സംസ്ഥാനത്തിന്‍റെ ആവശ്യം. അതായത്, രണ്ട് ഹെക്ടറിനു മുകളില്‍ ഖനന പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കുമ്പോള്‍ പരിസ്ഥിതി ക്ലിയറന്‍സ് ആവശ്യമായി വരും.

രണ്ട് ഹെക്ടറിന് താഴെയുള്ള ചെറുകിട ആവശ്യങ്ങള്‍ക്ക് നിലവിലുള്ള ആനുകൂല്യം തുടരും.  

പദ്ധതികളുടെ അനുമതിക്കു മുന്‍പ് പബ്ലിക്ക് ഹിയറിംഗിനായി നിലവില്‍ അനുവദിച്ചിട്ടുള്ള സമയം പുതിയ കരട് വിജ്ഞാപനത്തില്‍ 20 ദിവസമായി കുറച്ചിട്ടുണ്ട്. എന്നാല്‍, ഇത് 30 ദിവസം തന്നെയായി നിലനിര്‍ത്തണമെന്ന് സംസ്ഥാനത്തിന്‍റെ ആവശ്യം. ഇത്രയും കുറഞ്ഞ സമയം പല മേഖലകളിലും പര്യാപ്തമല്ല.

ചെറുകിട പദ്ധതികള്‍ക്ക് അനുമതി നല്‍കുന്നതിനു മുന്‍പുള്ള വിശദമായ പരിശോധന നടത്തുന്ന സംവിധാനമായിരുന്നു ജില്ലാ പാരിസ്ഥിതിക ആഘാത നിര്‍ണ്ണയ സമിതികള്‍. ഇതിനുപുറമേ സംസ്ഥാനതലത്തില്‍ കൈകാര്യം ചെയ്യേണ്ട അപേക്ഷകളില്‍ ജില്ലാതല സമിതികള്‍ക്ക് നിര്‍ണ്ണായക പങ്കുണ്ട്. ഈ സമിതികളെ കരട് വിജ്ഞാപനത്തില്‍ നിന്ന് ഒഴിവാക്കുകയാണ് ചെയ്തത്. ജില്ലാതല സമിതികളെ നിലനിര്‍ത്തണമെന്നാണ് നമ്മുടെ ആവശ്യം.

വികസനം

കോവിഡ് 19 വലിയൊരു പ്രതിസന്ധി തന്നെയാണ് സൃഷ്ടിച്ചിട്ടുള്ളത്. ഇവിടെ മാത്രമല്ല, ലോകമൊന്നാകെ സാമ്പത്തികമായ വലിയ വെല്ലുവിളിയാണ് അതുയര്‍ത്തിയിരിക്കുന്നത്. ഈ പ്രതിസന്ധിയെ കയ്യും കെട്ടി നോക്കി നില്‍ക്കാന്‍ അല്ല സര്‍ക്കാര്‍ തീരുമാനിച്ചിരിക്കുന്നത്. ഏറ്റെടുത്ത വികസനപ്രവര്‍ത്തനങ്ങള്‍ തടസ്സങ്ങള്‍ മറി കടന്നു മുന്നോട്ടു കൊണ്ടുപോകാനും, പുതിയ പദ്ധതികളും നിക്ഷേപങ്ങളും കൊണ്ടുവരാനുമാണ് ശ്രമിക്കുന്നത്.

സംസ്ഥാനത്തെ കൂടുതല്‍ സംരംഭക സൗഹ്യദമാകുന്നതിനായി രൂപം നല്‍കിയ കെസ്വിഫ്റ്റ് (കേരള സിംഗിള്‍ വിന്‍ഡോ ഇന്‍റര്‍ഫെയ്സ് ഫോര്‍ ഫാസ്റ്റ് ആന്‍ഡ് ട്രാന്‍സ്പരന്‍റ് ക്ലിയറന്‍സസ്) എന്ന ഏകജാലക സംവിധാനം  വഴി 2547 സൂക്ഷ്മ, ചെറുകിട ഇടത്തരം (എംഎസ്എംഇ) സംരംഭങ്ങള്‍ക്ക് സര്‍ക്കാര്‍ അംഗീകാര പത്രങ്ങള്‍ നല്‍കി. എംഎസ്എംഇയ്ക്കു പുറത്ത്  361 സേവനങ്ങള്‍ക്കുള്ള അംഗീകാരവും കെസ്വിഫ്റ്റ് വഴി നല്‍കിയിട്ടുണ്ട്. 717.80 കോടി രൂപയുടെ നിക്ഷേപമാണ് ഇതിലൂടെ വരുന്നത്. 2020 ജൂലൈ 22 വരെയുള്ള 2378 അപേക്ഷകളിേډല്‍ തീര്‍പ്പു കല്‍പിച്ചിട്ടുണ്ട്.

ബിസിനസ് അന്തരീക്ഷം അനായാസമാക്കുന്നതിനുള്ള (ഈസ് ഓഫ് ഡൂയിങ് ബിസിനസ്) പരിഷ്കരണ നടപടികളുടെ ഭാഗമായി രൂപം നല്‍കിയ കെസ്വിഫ്റ്റിലേയ്ക്ക് സംരംഭകര്‍ നിക്ഷേപ നിര്‍ദ്ദേശങ്ങള്‍ പൊതു അപേക്ഷാഫോമില്‍ സമര്‍പ്പിച്ചാല്‍ മതി. സംരംഭവുമായി ബന്ധപ്പെട്ട രേഖകള്‍ സമര്‍പ്പിക്കല്‍, ഓണ്‍ലൈനായി പണമടയ്ക്കല്‍, അപേക്ഷയുടെ തല്‍സ്ഥിതി നിര്‍ണയം, അന്തിമ അനുമതി പത്രം തുടങ്ങിയ സൗകര്യങ്ങളെല്ലാം കെ-സ്വിഫ്റ്റിലുള്ളതുകൊണ്ട് കാലതാമസം ഒഴിവാക്കാന്‍ സാധിക്കുന്നു.

തിരുവനന്തപുരമാണ് സംസ്ഥാനത്ത് കെ-സ്വിഫ്റ്റ് വഴി എംഎസ്എംഇകള്‍ക്കായി ഏറ്റവും കൂടുതല്‍ അപേക്ഷകള്‍ വന്ന ജില്ല.

കെസ്വിഫ്റ്റിനെ പത്തു കോടി രൂപ വരെ നിക്ഷേപമുള്ള പദ്ധതി നിര്‍ദ്ദേശങ്ങള്‍ക്ക് തല്‍ക്ഷണം അനുമതി നല്‍കുന്ന തരത്തില്‍ പരിഷ്കരിച്ചിട്ടുണ്ട്. സംരംഭങ്ങള്‍ തുടങ്ങുന്നതുമായി ബന്ധപ്പെട്ട് നിലവില്‍ 15 സര്‍ക്കാര്‍ വകുപ്പുകളെയും ഏജന്‍സികളെയും കെ-സ്വിഫ്റ്റ് വഴി ബന്ധപ്പെടാം. കെഎസ്ഇബി, ഇലക്ട്രിക്കല്‍ ഇന്‍സ്പെക്ടറേറ്റ്, തൊഴില്‍, ജല അതോറിറ്റി, മലിനീകരണ നിയന്ത്രണ ബോര്‍ഡ്, അഗ്നി സുരക്ഷ, മൈനിങ് ആന്‍ഡ് ജിയോളജി, സംസ്ഥാന പരിസ്ഥിതി ആഘാത നിര്‍ണയ അതോറിറ്റി (എസ്ഇഐഎഎ), ഫാക്ടറീസ് ആന്‍ഡ് ബോയ്ലേഴ്സസ് തുടങ്ങിയവ ഇതില്‍ പെടും.

നിലവില്‍ ഓണ്‍ലൈന്‍ സംവിധാനങ്ങളില്ലാത്ത വനം വകുപ്പ്, ഭൂഗര്‍ഭ ജലവകുപ്പ്, പഞ്ചായത്ത് ഡയറക്ടറേറ്റ്, നഗരകാര്യ വകുപ്പ്, ചീഫ് ടൗണ്‍ പ്ലാനിംഗ് തുടങ്ങിയവയെ ബന്ധിപ്പിക്കാനുള്ള സംവിധാനവും സ്യഷ്ടിക്കപ്പെട്ടിട്ടുണ്ട്. ആരോഗ്യം, കൃഷി, റവന്യൂ, ദേശീയ ഭക്ഷ്യസുരക്ഷാ അതോറിറ്റി (എഫ് എസ്എസ്എഐ), തീര സംരക്ഷണ മാനേജ്മെന്‍റ് അതോറിറ്റി (സിഇസെഡ്എംഎ) എന്നിവയെ കെസ്വിഫ്റ്റിന്‍റെ അടുത്ത ഘട്ടത്തില്‍ ഉള്‍പെടുത്തും. അതിലൂടെ നടപടിക്രമങ്ങള്‍ കൂടുതല്‍ സുഗമമാക്കാനും ഔദ്യോഗിക ഇടപെടലുകള്‍ പരമാവധി കുറയ്ക്കാനും കഴിയും.

വീഡിയോ കോണ്‍ഫറന്‍സ്

കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍റസ്ട്രി പ്രതിനിധികളുമായി വീഡിയോ കോണ്‍ഫറന്‍സ് വഴി സംസാരിച്ചു. സമ്പദ്ഘടന പുനരുജ്ജീവിപ്പിക്കാനും സ്ഥാപനങ്ങള്‍ തുറന്ന് പ്രവര്‍ത്തിക്കാനും ആവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നായിരുന്നു അവരുടെ പൊതുവായ അഭ്യര്‍ത്ഥന. നാടിന്‍റെ സാമ്പത്തിക നില നല്ലതുപോലെ ചലിക്കണമെന്നത് ഏതൊരു സര്‍ക്കാരിന്‍റെയും ആഗ്രഹമാണ്. എന്നാല്‍, കോവിഡ് സാഹച്യത്തില്‍ മുന്‍കരുതല്‍ ഇല്ലാതെ അതിലേയ്ക്ക് എടുത്തുചാടാനാവില്ല. അതേസമയം ഇക്കാര്യത്തില്‍ സര്‍ക്കാരിന് എതിരഭിപ്രായം ഇല്ലെന്നും ആവശ്യമായ സഹായം നല്‍കുമെന്നും അറിയിച്ചു.

സാധാരണ നിലയിലുള്ള സാമ്പത്തിക ചലനം ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ആവുന്നതെല്ലാം ചെയ്തുകൊണ്ടിരിക്കുകയാണ്. കോവിഡ് ഫസ്റ്റ്ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററുകളില്‍ സഹായം നല്‍കണമെന്നും പ്രളയ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാരിനെ സഹായിക്കാണമെന്നുമുള്ള അഭ്യര്‍ത്ഥനയില്‍ അനുഭാവപൂര്‍വ്വമായ സമീപനമാണ് പങ്കെടുത്തവര്‍ സ്വീകരിച്ചത്.  

ഉന്നതവിദ്യാഭ്യാസം

അടുത്ത അക്കാദമിക വര്‍ഷം ‘സീറോ അക്കാഡമിക് വര്‍ഷം’ ആക്കണമെന്ന ചര്‍ച്ച ദേശീയതലത്തില്‍ ഉയര്‍ന്നുവരുന്നുണ്ട്. അധ്യയനവും പരീക്ഷയും ഒഴിവാക്കുന്ന രീതിയാണ് ‘സീറോ അക്കാദമിക് വര്‍ഷം’ എന്ന് ഉദ്ദേശിക്കുന്നത്. യുജിസി ഇത് സംബന്ധിച്ച് അന്തിമ തീരുമാനം എടുത്തിട്ടില്ല.

കോവിഡ് പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മിക്ക സര്‍വകലാശാലകളിലും കോളേജുകളിലും കഴിഞ്ഞ സെമെസ്റ്ററുകളുടെ അവസാന ഭാഗങ്ങള്‍ ഓണ്‍ലൈന്‍ വഴിയാണ് പൂര്‍ത്തിയാക്കിയത്. എല്ലാ വിദ്യാര്‍ത്ഥികളിലും ഓണ്‍ലൈന്‍ പഠനം എത്തിക്കാനുള്ള ശ്രമങ്ങള്‍ പുരോഗമിക്കുന്നുണ്ട്. സാമൂഹ്യ അകലം പാലിച്ചുകൊണ്ട് സാധാരണ രീതിയില്‍ ക്ളാസ്സുകള്‍ ഉടനെ തുടങ്ങാവുന്ന സാഹചര്യം സംജാതമായിട്ടില്ല. ഷിഫ്റ്റ് അടിസ്ഥാനത്തില്‍ ക്ലാസ്സുകള്‍ ആരംഭിക്കാമെന്ന നിര്‍ദേശം ചില കോണുകളില്‍നിന്ന് വന്നിട്ടുണ്ട്. ഓണ്‍ലൈന്‍ രീതികളും തുടരേണ്ടിവരും. സംസ്ഥാന സര്‍ക്കാരിന്‍റെ മുന്‍ഗണന, സുരക്ഷയും വിദ്യാഭ്യാസവുമാണ്, സുരക്ഷയ്ക്കാണ് പ്രഥമ പരിഗണന.

എല്ലാ ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഓണ്‍ലൈന്‍ ക്ലാസ്സുകള്‍ റഗുലര്‍ ക്ലാസ്സുകള്‍പോലെ ടൈംടേബില്‍ അനുസരിച്ചാണ് നടത്തുന്നത്. അദ്ധ്യാപകര്‍ ക്ലാസെടുക്കുന്നുണ്ടെന്ന് കോളേജ് വിദ്യാഭ്യാസ ഡയറക്ടര്‍ ഉറപ്പുവരുത്തും. വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ ക്ലാസ്സുകളില്‍ പങ്കെടുക്കുന്നുണ്ടെന്ന് അദ്ധ്യാപകരും ഉറപ്പുവരുത്തുന്നു. പുതിയ കേന്ദ്ര തീരുമാനത്തിന്‍റെ പശ്ചാത്തലത്തില്‍ വിശദമായി പരിശോധനകള്‍ നടത്തി തുടര്‍നടപടികള്‍ സ്വീകരിക്കും.

എല്‍എല്‍ബി

ഈ വര്‍ഷത്തെ ത്രിവല്‍സര,പഞ്ചവല്‍സര എല്‍എല്‍ബി കോഴ്സുകളിലേയ്ക്ക് 60 വിദ്യാര്‍ത്ഥകളടങ്ങിയ ബാച്ചിനുമാത്രമേ അംഗീകാരം നല്‍കുകയുള്ളൂ എന്ന് ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ അറയിച്ചിരിക്കുകയാണ്. ഇത് പ്രകാരം സംസ്ഥാനത്തെ നാല് സര്‍ക്കാര്‍ ലോ കോളേജുകളിലായി 240 സീറ്റുകള്‍ നഷ്ടപ്പെടും. ഈ സാഹചര്യത്തില്‍ നഷ്ടപ്പെടുന്ന സീറ്റുകള്‍ മുഴുവന്‍ അഡീഷണല്‍ ബാച്ചുകള്‍ തുടങ്ങി നികത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ചു. ഫലത്തില്‍ ഒരു സീറ്റുപോലും കുറയില്ലെന്ന് മാത്രമല്ല കൂടുകയാണ് ചെയ്യുക.

കിറ്റ് വിതരണം

ഓണത്തോടനുബന്ധിച്ച് സംസ്ഥാനത്തെ 88 ലക്ഷത്തോളം വരുന്ന റേഷന്‍കാര്‍ഡ് ഉടമകള്‍ക്ക് 11 ഇനം പലവ്യഞ്ജനങ്ങള്‍ ഉള്‍പ്പെടുന്ന ഓണക്കിറ്റ് വ്യാഴാഴ്ച വിതരണം ചെയ്തു തുടങ്ങും.

രണ്ടായിരത്തോളം പാക്കിങ് കേന്ദ്രങ്ങളില്‍ ഗുണനിലവാരവും തൂക്കവുമെല്ലാം പരിശോധിച്ച് സന്നദ്ധപ്രവര്‍ത്തകരുള്‍പ്പെടെയുള്ളവരുടെ സഹായത്തോടെയാണ് കിറ്റുകള്‍ തയ്യാറാക്കുന്നത്. പ്രളയത്തിന്‍റെ പശ്ചാത്തലത്തില്‍ സാധനങ്ങള്‍ എത്തിച്ചേരുന്നതിന് ഉണ്ടായ ബുദ്ധിമുട്ടുകള്‍ തരണംചെയ്താണ് കിറ്റുകള്‍ തയ്യാറാക്കുന്ന ജോലികള്‍ നടന്നുവരുന്നത്. ഉദ്ദേശം 500 രൂപ വിലയുള്ള ഉല്‍പന്നങ്ങളാണ് കിറ്റില്‍ ഉണ്ടാകുക. സപ്ലൈകോ വിവിധ കന്ദ്രങ്ങളില്‍ പാക്ക് ചെയ്യുന്ന കിറ്റുകള്‍ റേഷന്‍ കടകളില്‍ എത്തിച്ചാണ് വിതരണം നടത്തുന്നത്.

ആദ്യഘട്ടത്തില്‍ വിതരണം നടത്തുന്നത് അന്ത്യോദയ വിഭാഗത്തില്‍പെട്ട 5.95 ലക്ഷം കുടുംബങ്ങള്‍ക്കാണ്. പിന്നീട് 31 ലക്ഷം മുന്‍ഗണനാ കാര്‍ഡുകള്‍ക്ക്. ആഗസ്റ്റ് 13, 14, 16 തീയതികളില്‍ അന്ത്യോദയ വിഭാഗത്തിനുള്ള (മഞ്ഞ കാര്‍ഡുകള്‍ക്ക്) വിതരണം ചെയ്യും. തുടര്‍ന്ന് 19, 20, 21, 22 തീയതികളിലായി മുന്‍ഗണനാ വിഭാഗങ്ങള്‍ക്കുള്ള (പിങ്ക് കാര്‍ഡുകള്‍ക്ക്) കിറ്റുകള്‍ വിതരണം ചെയ്യും.

ഓണത്തിന് മുമ്പായി ശേഷിച്ച 51 ലക്ഷത്തോളമുള്ള കുടുംബങ്ങള്‍ക്കുള്ള (നീല, വെള്ള കാര്‍ഡുകള്‍ക്ക്) കിറ്റുകളുടെ വിതരണവും നടക്കും. ഇതുകൂടാതെ ഓണം ചന്തകള്‍ എല്ലാ ജില്ലാ കേന്ദ്രങ്ങളിലും ആഗസ്റ്റ് 21 മുതല്‍ 10 ദിവസത്തേയ്ക്ക് നടത്തും. റേഷന്‍ കാര്‍ഡുടമകള്‍ ജൂലൈ മാസത്തില്‍ ഏത് കടയില്‍ നിന്നാണോ റേഷന്‍ വാങ്ങിയത് പ്രസ്തുത കടയില്‍ നിന്നും ഓണക്കിറ്റുകള്‍ വിതരണം ചെയ്യുന്നതായിരിക്കും.

ഇതുകൂടാതെ റേഷന്‍ കടകളില്‍ നിന്നും കുറഞ്ഞ അളവില്‍ ധാന്യം ലഭിച്ചുവന്നിരുന്ന മുന്‍ഗണനേതര കാര്‍ഡുകള്‍ക്ക് 15 രൂപ നിരക്കില്‍ കാര്‍ഡ് ഒന്നിന് 10 കിലോഗ്രാം സ്പെഷ്യല്‍ അരിയുടെ വിതരണവും ആഗ്സ്റ്റ് 13-ാം തീയതി മുതല്‍ ആരംഭിക്കും.

വ്യാജവാര്‍ത്തകള്‍

വോട്ടര്‍പട്ടികയില്‍ പേര് ചേര്‍ക്കാനുളള സൈറ്റ് ഓപ്പണ്‍ ആയിട്ടുണ്ടെന്ന പേരില്‍ വ്യാജപ്രചരണം നടക്കുന്നുണ്ട്. നിലവിലുളള വോട്ടര്‍മാരുടെ ലിസ്റ്റ് കാണുന്നതിനുളള ലിങ്ക് ആണ് തെറ്റിദ്ധാരണ ഉണ്ടാക്കി പ്രചരിപ്പിക്കുന്നത്. സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇത് തെറ്റാണെന്നു സ്ഥിരീകരിച്ചിട്ടുണ്ട്.

കൂടാതെ പച്ച നമ്പര്‍ ബോര്‍ഡുളള സംസ്ഥാന ഊര്‍ജ്ജവകുപ്പിന്‍റെ കാറിന്‍റെ പടം മതസ്പര്‍ദ്ദ, രാഷ്ട്രീയ വിദ്വേഷം എന്നിവ ഉണ്ടാക്കുന്ന രീതിയില്‍ സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്നുണ്ട്. രാജ്യത്ത് ഇലക്ട്രിക് വാഹനങ്ങളില്‍ രജിസ്ട്രേഷന്‍ നമ്പര്‍ പ്രദര്‍ശിപ്പിക്കുന്നത് പച്ച നിറത്തിലുള്ള ബോര്‍ഡിലാണ്.
 
ഈ രണ്ട് പ്രചാരണങ്ങളും വസ്തുതാപരമായി തെറ്റാണെന്ന് പിആര്‍ഡിയുടെ ഫാക്ട് ചെക്ക് വിഭാഗം കണ്ടെത്തിയിട്ടുണ്ട്. പ്രചരിക്കുന്ന വ്യാജ വാര്‍ത്തകളില്‍ ചിലതു മാത്രമാണ് ഇവിടെ പറയുന്നത്. പിആര്‍ഡിയുടെ ഫാക്ട് ചെക്ക് സംവിധാനം ഫലപ്രദമായി ഇടപെടാന്‍ തീരുമാനിച്ചിട്ടുണ്ട്. തെറ്റായ പ്രചാരണങ്ങള്‍ക്കെതിരെ തുറന്നുകാട്ടലിനു പുറമെ നിയമനടപടികളുമുണ്ടാകും.

അഭിനന്ദനം

മനുഷ്യന്‍റെ അപരനോടുള്ള കരുതലും സ്നേഹവുമാണ് ഏതു പ്രതിസന്ധിഘട്ടത്തെ മറികടക്കാനും ഒരു സമൂഹത്തിന്‍റെ കരുത്തായി മാറുന്നത്. ചെല്ലാനത്ത് ദുരിതമനുഭവിക്കുന്നവര്‍ക്കായി പൊലീസ് ശേഖരിച്ചു നല്‍കിയ ഭക്ഷണപ്പൊതിയില്‍ തനിക്ക് തൊഴിലുറപ്പിലൂടെ ലഭിച്ച 100 രൂപ വച്ചുകൊണ്ട് കുമ്പളങ്ങി സ്വദേശിനി മേരി സെബാസ്റ്റ്യന്‍ നമുക്ക് കാണിച്ചുതന്നത് ഈ മാതൃകയാണ്.

തന്‍റെ അധ്വാനത്തിന്‍റെ ഒരു പങ്ക് അവര്‍ കഷ്ടപ്പാടനുഭവിക്കുന്നവര്‍ക്കായി മാറ്റിവെയ്ക്കുകയായിരുന്നു. മനുഷ്വത്വത്തിന്‍റെ നിഷ്കപടമായ ഈ ആവിഷ്കാരങ്ങള്‍ നമുക്ക് ഏവര്‍ക്കും പ്രചോദനമായിത്തീരട്ടെ.

പൊലീസിനെ നിയോഗിച്ച് കോവിഡ് നിയന്ത്രണം നടത്തുയകാണ്; ആരോഗ്യ സംവിധാനം പരാജയമെന്ന ആരോപണം

ആരോഗ്യപ്രവര്‍ത്തകരുടെ മനോവീര്യം തകര്‍ക്കുക എന്ന ദുഷ്ട ലാക്കോടെയായിരുന്നു കോവിഡ് മഹാമാരിയുടെ ആദ്യഘട്ടം മുതല്‍ ചിലരുടെ അജണ്ട. ഞാന്‍ ആദ്യമേ പറഞ്ഞു: ‘കക്ഷിരാഷ്ട്രീയാതീതമായി ജനങ്ങള്‍ക്കു വേണ്ടി നില്‍ക്കേണ്ട സമയമാണിതെന്ന്. നിര്‍ഭാഗ്യവശാല്‍ ബധിരകര്‍ണങ്ങളിലാണ് അതൊക്കെ പതിച്ചത്. കുറച്ചു ദിവസം മുന്‍പ് ആരോഗ്യപ്രവര്‍ത്തകരെ മാറ്റി, പകരം പൊലീസിനെ ചുമതല ഏല്‍പിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു എന്ന ആരോപണവുമായി വന്നു. ആരോഗ്യപ്രവര്‍ത്തകരുടെ ജോലിഭാരം കുറയ്ക്കാന്‍ ചില കാര്യങ്ങളില്‍ അവര്‍ക്ക് പൊലീസിന്‍റെ സേവനം ലഭ്യമാക്കിയതിനാണങ്ങനെ പ്രചരിപ്പിച്ചത്. ആ സത്യം ജനങ്ങള്‍ക്ക് മനസ്സിലായി എന്നു കണ്ടപ്പോള്‍ പുതിയ ആരോപണവുമായി വീണ്ടും വന്നിരിക്കുന്നു. കോവിഡ് തടയാന്‍ കേരളത്തിലെ പൊതു ആരോഗ്യ സംവിധാനം പരാജയപ്പെട്ടു എന്നാണ് പറയുന്നത്.

എന്താണ് യഥാര്‍ഥ വസ്തുതകള്‍? ഇന്ത്യയില്‍ ഏറ്റവും ആദ്യം കോവിഡ് റിപ്പോര്‍ട്ട് ചെയ്ത സംസ്ഥാനമാണ് നമ്മുടേത് രാജ്യത്തെ ഏറ്റവും ജനസാന്ദ്രത കൂടിയ പ്രദേശങ്ങളിലൊന്നാണ് കേരളം. വയോജനങ്ങളുടേയും ഹൃദ്രോഗികളുടേയും പ്രമേഹ രോഗികളുടേയും കാന്‍സര്‍ രോഗികളുടേയും ജനസംഖ്യാനുപാതം രാജ്യത്ത് ഏറ്റവും കൂടുതലുള്ള പ്രദേശമാണിത്. പ്രവാസികള്‍ ഏറ്റവും കൂടുതല്‍ മടങ്ങിവന്ന സംസ്ഥാനമാണിത്. എന്നിട്ടും രാജ്യത്തിലെ ഏറ്റവും കുറഞ്ഞ മരണനിരക്ക് കേരളത്തിലാണ്.

രോഗം ഇരട്ടിക്കുന്നതിനുള്ള സമയം, അതായത് ഡബ്ളിങ് ടൈം നോക്കിയാല്‍ ദേശീയ ശരാശരിയേക്കാള്‍ 4 ദിവസം കൂടുതലാണ് കേരളത്തില്‍. അക്കാര്യത്തില്‍ രാജ്യത്ത് രണ്ടാം സ്ഥാനത്താണ് നമ്മള്‍. മറ്റു സംസ്ഥാനങ്ങളില്‍ ലക്ഷണങ്ങള്‍ കുറഞ്ഞാല്‍ വീട്ടിലേയ്ക്ക് അയക്കുമ്പോള്‍ ടെസ്റ്റ് റിസള്‍ട്ട് നെഗറ്റീവ് ആയതിനു ശേഷം മാത്രം ഇവിടെ ഡിസ്ചാര്‍ജ് ചെയ്യുന്നു.
 
റിക്കവറി റേറ്റ് കുറവാണത്രേ. രോഗലക്ഷണങ്ങളില്‍ കുറവു കണ്ടാല്‍ പറഞ്ഞു വിടുന്നിടങ്ങളില്‍, രോഗം ഭേദമായിട്ട് വീട്ടിലേയ്ക്ക് മടക്കി അയക്കുന്ന സ്ഥലത്തേക്കാള്‍ റിക്കവറി റേറ്റ് ഉണ്ടാകും. അതു സ്വാഭാവികമാണ്. പക്ഷേ, അങ്ങനെയൊരു റിക്കവറി ആണോ നമുക്ക് വേണ്ടതെന്ന് ആരോപണമുന്നയിക്കുന്നവര്‍ ആലോചിക്കുക.

ടെസ്റ്റ് പോസിറ്റിവിറ്റി റേറ്റ് എടുത്താല്‍ ഇന്ത്യയിലെ മികച്ച നാലു സംസ്ഥാനങ്ങളില്‍ ഒന്നാണ് കേരളം. ടെസ്റ്റ് പെര്‍ മില്യണ്‍ ബൈ കേസ് പെര്‍ മില്യണ്‍ എടുത്താലും കേരളം ബഹുദൂരം മുന്നിലാണ്. എന്നിട്ടും കേരളം ടെസ്റ്റ് ചെയ്യുന്നില്ല എന്നാണ് ആരോപണം. പ്രതിദിന പരിശോധന 25,000 കടന്നിട്ടും ഒന്നും നടക്കുന്നില്ല എന്നാണ് പ്രതിപക്ഷ നേതാവ് പറയുന്നത്. പിആര്‍ വര്‍ക്കിന്‍റെ ഭാഗമായി രോഗികളുടെ എണ്ണം കുറയ്ക്കാനാണ് പരിശോധന കുറയ്ക്കുന്നതെന്നാണ് പറയുന്നത്. എത്ര അസംബന്ധമായ കാര്യമാണിത്. 24 മണിക്കൂറിനിടെ 25,205 സാമ്പിളുകളാണ് കഴിഞ്ഞ ദിവസം നടത്തിയത്. അതില്‍ നിന്നും 1298 പേര്‍ക്കാണ് ഇന്നലെ കോവിഡ്19 സ്ഥിരീകരിച്ചത്.
 
ആകെ പരിശോധനകള്‍ 9 ലക്ഷം കഴിഞ്ഞു. ലക്ഷക്കണക്കിന് പരിശോധനകള്‍ ഒരുമിച്ച് നടത്തിയാല്‍ എല്ലാം ആകുമെന്നാണ് ചിലരുടെ ധാരണ. ഇന്ന് മാത്രം പരിശോധനകള്‍ നടത്തിയിട്ട് കാര്യമില്ല. ബഹുഭൂരിപക്ഷത്തിനും പരിശോധിച്ചെന്ന് കരുതി അവര്‍ക്ക് വീണ്ടും രോഗം വരാം. രോഗമില്ലാത്ത ലക്ഷങ്ങളെ ഒന്നിച്ച് പരിശോധിച്ച് കിറ്റുകള്‍ തീര്‍ക്കാനാണ് ചിലരുടെ ആഗ്രഹം. അപ്പോള്‍ യഥാര്‍ത്ഥ രോഗികള്‍ വരുമ്പോള്‍ എന്ത് ചെയ്യും? അത്തരമൊരു കരുതലോടെയുള്ള പരിശോധനാ തന്ത്രമാണ് കേരളം ഒരുക്കുന്നത്.
 
മറ്റൊരു പ്രധാന സംശയം ഉയര്‍ത്തിയത് പിപിഇകളുടെ പുനരുപയോഗമാണ്. എയിംസ് പോലുളള രാജ്യത്തെ പല പ്രമുഖ മെഡിക്കല്‍ ഗവേഷണ അക്കാദമിക് സ്ഥാപനങ്ങളും സിഡിസി പോലുളള ഇന്‍റര്‍നാഷണല്‍ ഏജന്‍സികളും പിപിഇ, എന്‍ 95 മാസ്കുകള്‍ തുടങ്ങിയവയുടെ പുനരുപയോഗത്തെ പറ്റി പറയുന്നുണ്ടെങ്കിലും നമ്മുടെ സംസ്ഥാനം നാളിതുവരെ ഇത്തരത്തില്‍ വ്യക്തിഗത സുരക്ഷ ഉപകരണങ്ങള്‍ പുനരുപയോഗിച്ചിട്ടില്ല. അതിനാല്‍ അവിടെയും ആശങ്കകള്‍ ഉയരേണ്ട കാര്യമില്ല.

ആശുപത്രികളില്‍ 1.25 ലക്ഷത്തോളം കിടക്കകള്‍ നിലവിലുണ്ട്. ആശുപത്രികളുടെ എണ്ണം പരിശോധിച്ചാല്‍ സര്‍ക്കാര്‍ തലത്തില്‍ 50,000 മുതല്‍ 60,000 വരെ കിടക്കകളും സ്വകാര്യ മേഖലയില്‍ 75,000നുമേല്‍ കിടക്കളും നിലവിലുണ്ട്. ഇതുപയോഗിച്ച് തന്നെയാണ് ജനങ്ങളുടെ ആരോഗ്യ പ്രശ്നങ്ങളെ നാളിതുവരെ വളരെ ഫലപ്രദമായി നേരിട്ട് കൊണ്ടിരുന്നതും. ഈ പ്രത്യേക ഘട്ടത്തില്‍ ആദ്യമേ തന്നെ ജില്ലാ തലത്തില്‍സര്‍വെയും ജിഐഎസ് മാപ്പിങ്ങും നടത്തിയ ശേഷം അനുഗുണമായ ബെഡ് സ്ട്രെങ്ത് സംസ്ഥാനത്തുടനീളം നിജപ്പെടുത്തിയിട്ടുണ്ട്.

കോവിഡ് രോഗികളെ ചികിത്സിക്കുന്നതിനായി പ്രാദേശിക തലത്തില്‍ സിഎഫ്എല്‍ടിസികള്‍ അഥവാ ഫസ്റ്റ് ലൈന്‍ കോവിഡ് ട്രീറ്റ്മെന്‍റ് സെന്‍ററുകളും സ്ഥാപിച്ചിട്ടുണ്ട്. സംസ്ഥാനത്തുടനീളം ഇത്തരത്തില്‍ 16,435 ബെഡുകള്‍ ഇത്തരത്തില്‍ സിഎഫ്എല്‍ടിസികളില്‍ ക്രമീകരിച്ചിട്ടുണ്ട്. ശരിയായ റഫറല്‍ സിസ്റ്റമുള്ളതിനാല്‍ രോഗലക്ഷണം ഗുരുതരമാകുന്ന വേളയില്‍ തന്നെ അനുബന്ധ കോവിഡ് ആശുപത്രികളിലേക്ക് രോഗികളെ മാറ്റുന്നതിനും സാധിക്കുന്നു.

ഇത്തരത്തില്‍ 8742 ബെഡുകള്‍ സര്‍ക്കാര്‍ മേഖലയില്‍ മാത്രം കോവിഡ് രോഗികള്‍ക്കായി മാറ്റിവച്ചിട്ടുണ്ട്. ഐസിയു സംവിധാനം പരിഗണിച്ചാല്‍ 871 ബെഡുകള്‍ ഐസിയുവില്‍ തന്നെ സജ്ജീകരിച്ചിട്ടുണ്ട്. അതില്‍തന്നെ 532 വെന്‍റിലേറ്റര്‍ സൗകര്യമുള്ള ബെഡുകളും നിലവിലുണ്ട്. 14 ജില്ലകളിലും ഉള്ള ഈ സ്ഥാപനങ്ങള്‍ ശരിയായ രീതിയില്‍ തന്നെയാണ് പ്രവര്‍ത്തിച്ചുവരുന്നത്.

ഇതൊക്കെ പലവട്ടം പറഞ്ഞതാണ്. ജനങ്ങള്‍ കാണുന്നതുമാണ്.

സഹായം

കണ്ണൂരിലെ ദയ ചാരിറ്റബിള്‍ ട്രസ്റ്റ്, അഴീക്കോട് ഗ്രാമപഞ്ചായത്തിലെ കോവിഡ് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍ററിന് ആംബുലന്‍സ് സൗകര്യമൊരുക്കിയിട്ടുണ്ട്.

ഹയര്‍സെക്കന്‍ററി നാഷണല്‍ സര്‍വ്വീസ് സ്കീം തിരുവനന്തപുരം ജില്ലയുടെ നേതൃത്വത്തില്‍ തീരപ്രദേശങ്ങളിലെ 4770 ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും 5 ലക്ഷം രൂപയുടെ പോഷകാഹാരങ്ങള്‍ വിതരണം ചെയ്തു.

കേരളാ സ്റ്റേറ്റ് റോഡ് ട്രാന്‍സ്പോര്‍ട്ട് എംപ്ലോയീസ് അസോസിയേഷന്‍ അട്ടപ്പാടി മേഖലയിലെ അഗളിപുതുര്‍ പഞ്ചായത്തുകളിലെ സിഎഫ്എല്‍ടിസിയിലേക്ക് 1,06,500 രൂപയുടെ സാധനങ്ങള്‍ കൈമാറി.

തിരുവനന്തപുരത്തെ  സെന്‍റ്. മേരിസ് ഹയര്‍സെക്കന്‍ററി സ്കൂള്‍ അധ്യാപകരും പൂര്‍വ്വ വിദ്യാര്‍ത്ഥികളും പൂര്‍വ്വ അധ്യാപകരും ചേര്‍ന്ന് ഓണ്‍ലൈന്‍ പഠന സഹായമായി 3 കുട്ടികള്‍ക്ക് ടിവിയും 230 കുട്ടികള്‍ക്ക് മൊബൈല്‍ ഫോണും  കൈമാറി.

കെജിഒഎ തിരുവനന്തപുരം സിഎഫ്എല്‍ടി സി കളിലേക്ക് 80 ബെഡ്, 80 തലയിണ, 80 ബഡ്ഷീറ്റ് എന്നിവ കൈമാറി.

ദുരിതാശ്വാസം

തിരൂര്‍ താലൂക്ക് എംപ്ലോയീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി 1,71,125 രൂപ.

കേരളാ മഹിള സംഘം കണ്ണൂര്‍ ജില്ലാ കമ്മിറ്റി 1 ലക്ഷം രൂപ.

കേരള സ്റ്റേറ്റ് ഗവണ്‍മെന്‍റ് ഫാം വര്‍ക്കേഴ്സ് യൂണിയന്‍ (സിഐടിയു) 1 ലക്ഷം രൂപ.

എഐവൈഎഫ് കോതമംഗലം മണ്ഡലം കമ്മിറ്റി 75,000 രൂപ.

എഐവൈഎഫ് മണ്ണാര്‍ക്കാട് മേഖല കമ്മറ്റി  51,033 രൂപ.

അഴീക്കോടന്‍ സ്മാരക വായനശാല, കുഞ്ഞാലി സ്മാരക സ്പോര്‍ട്ട്സ് ക്ലബ് പെനാങ്കിമെട്ട 50,000 രൂപ.

കടലുണ്ടിയിലെ മണ്ണൂര്‍ കൃഷ്ണ എയുപി സ്കൂള്‍ അധ്യാപിക കെ പി സുജാത 50,000 രൂപ.

ധര്‍മ്മടത്തെ പരേതയായ തിരുവാനത്ത് മാണിയത്ത് രോഹിണിയുടെ മരണാനന്തര ചടങ്ങുകള്‍ക്കായി നീക്കിവെച്ച 50,000 രൂപ കുടുംബാംഗങ്ങള്‍ കൈമാറി.

കേരള ജയില്‍ സബോര്‍ഡിനേറ്റ് ഓഫീസേഴ്സ് അസോസിയേഷന്‍ കണ്ണൂര്‍ സെന്‍ട്രല്‍ പ്രിസണ്‍ യൂണിറ്റ് കമ്മിറ്റി 40,000 രൂപ.

സിപിഐ ഏലംകുളം ലോക്കല്‍ കമ്മിറ്റി 40,000 രൂപ.

മടിക്കൈ സ്വദേശി ബാലകൃഷ്ണന്‍, മുന്‍സിപ്പല്‍ കോമണ്‍ സര്‍വ്വീസില്‍ നിന്നും റിട്ടയര്‍ ചെയ്യമ്പോള്‍ സഹജീവനക്കാര്‍ നല്‍കിയ 1 പവന്‍ സ്വര്‍ണനാണയം കൈമാറി.

കൂത്തുപറമ്പ് രക്തസാക്ഷി സ. സി ബാബു സ്മാരക മന്ദിരം, കുണ്ടുചിറ ദുരിതാശ്വാസ നിധിയിലേക്ക് 36,000 രൂപയും കതിരൂര്‍ ഗ്രാമപഞ്ചായത്ത് ഫസ്റ്റ് ലൈന്‍ ട്രീറ്റ്മെന്‍റ് സെന്‍റിന്  15,000 രൂപയും കൈമാറി.

കേരളാ ഭാഷ ഇന്‍സ്റ്റിറ്റ്യൂട്ട് രണ്ടാം ഗഡു 25,000 രൂപ.

കതിരൂര്‍ നാലാം മൈലിലെ റിട്ടയേര്‍ഡ് നഴ്സ് പി ജാനകി പെന്‍ഷന്‍ തുക 25,000 രൂപ.

റെഡ് സ്റ്റാര്‍ വില്ലേജ്മുക്ക് 27,300 രൂപ.
 
മഹിള അസോസിയേഷന്‍ മടിക്കൈ സെന്‍റര്‍ വില്ലേജ് കമ്മറ്റി എരിക്കുളം 20,000 രൂപ.

English summary

Covid confirmed 1417 cases in the state today. The number of survivors is 1426.

Leave a Reply

Latest News

കനത്ത മഴ ഇന്നും തുടരും :ഏഴു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: മധ്യകേരളത്തിലും വടക്കന്‍ കേരളത്തിലും ചൊവ്വാഴ്ച കനത്ത മഴയുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷണ വകുപ്പ്. ഏഴു ജില്ലകളില്‍ ചൊവ്വാഴ്ച യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്,...

ഇ​ന്ത്യ​-മാ​ലി​ദ്വീ​പ് കാ​ര്‍​ഗോ ഫെ​റി സ​ര്‍​വീ​സി​നു കൊ​ച്ചി​യി​ല്‍ ആരംഭിച്ചു

ഇ​ന്ത്യ​ക്കും മാ​ലി​ദ്വീ​പി​നും ഇ​ട​യി​ല്‍ ചെ​ല​വു​കു​റ​ഞ്ഞ ച​ര​ക്ക് ഗ​താ​ഗ​തം ല​ക്ഷ്യ​മാ​ക്കി​യു​ള്ള കാ​ര്‍​ഗോ ഫെ​റി സ​ര്‍​വീ​സി​നു കൊ​ച്ചി​യി​ല്‍ നി​ന്നു തു​ട​ക്ക​മാ​യി.200 ടി​ഇ​യു, 3000 മെ​ട്രി​ക് ട​ണ്‍ ശേ​ഷി​യു​ള്ള കാ​ര്‍​ഗോ ക​പ്പ​ല്‍ സ​ര്‍​വീ​സ് തി​ങ്ക​ളാ​ഴ്ച​യാ​ണ് യാ​ത്ര തു​ട​ങ്ങി​യ​ത്....

തദ്ദേശ തെരഞ്ഞെടുപ്പില്‍ വീടുകളില്‍ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിർദേശം

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പില്‍ ഭവന സന്ദര്‍ശനമെന്ന് പറഞ്ഞ് ഇനി വീടുകളില്‍ കയറി വോട്ട് ചോദിക്കാന്‍ കഴിയില്ല. സ്ഥാനാര്‍ത്ഥികള്‍ വീട്ടിനുള്ളില്‍ കയറി വോട്ട് ചോദിക്കരുതെന്ന് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ നിര്‍ദ്ദേശം. പുറത്ത് നിന്ന് അകലം...

കാര്‍ഷിക ബില്ലിനെതിരെ പ്രതിഷേധിക്കുന്നവര്‍ തീവ്രവാദികളെന്ന് നടി കങ്കണ റണാവത്ത്

അഭിപ്രായങ്ങളിലൂടെയും പ്രവൃത്തികളിലൂടെയും വിവാദങ്ങള്‍ സൃഷ്ടിച്ചുകൊണ്ടേയിരിക്കുകയാണ് ബോളിവുഡ് താരം കങ്കണ. സുശാന്തിന്റെ മരണത്തിനു പിന്നാലെ വിവാദ പരാമര്‍ശങ്ങള്‍ നടത്തി മുന്നോട്ടുവന്ന കങ്കണ അനുരാഗ് കശ്യപിനെതിരായ പീഡനാരോപണത്തിലും അഭിപ്രായം പറഞ്ഞിരുന്നു. കങ്കണയ്ക്കെതിരെ ഇതിനോടകം നിരവധിപേര്‍ രംഗത്ത്...

മഹാരാഷ്ട്രയിൽ ബഹുനില കെട്ടിടം തകർന്ന് അപകടം :മരണം 16ആയി

മുംബൈ: മഹാരാഷ്ട്രയിലെ ഭീവണ്ടി നഗരത്തില്‍ ബഹുനില കെട്ടിടം തകര്‍ന്നുവീണുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 16 ആയി. ഇതില്‍ ഏഴുപേര്‍ കുട്ടികളാണ്. രാത്രിയോടെയാണ് കൂടുതല്‍ മരണങ്ങള്‍ സ്ഥിരീകരിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ 3.40 ഓടെയാണ് ഭീവണ്ടിയിലെ...

More News