മറയൂർ: തമിഴ്നാട്ടിൽ ബോഡിനായ്ക്കന്നൂരിനു സമീപം ജക്കമ്മ നായ്ക്കൻപെട്ടി ഗ്രാമത്തിൽ തൊണ്ണൂറുകാരി യുവാവിന്റെ കടിയേറ്റു മരിച്ചു. മനോനില തകർന്നതിനെ തുടർന്നാണു യുവാവിന്റെ പ്രവൃത്തിയെന്നു പൊലീസ്. വെള്ളിയാഴ്ച വൈകിട്ട് 5.30 നാണു സംഭവം. ജക്കമ്മ നായ്ക്കൻപെട്ടിയിലെ നാച്ചിയമ്മാൾ ആണ് മരിച്ചത്.
ജക്കമ്മ നായ്ക്കൻപെട്ടി സ്വദേശി മണികണ്ഠനെ(34)യാണു പൊലീസ് അറസ്റ്റ് ചെയ്തത്. മനോദൗർബല്യത്തെ തുടർന്ന് പൊലീസ് കാവലിൽ മണികണ്ഠൻ ചികിത്സയിലാണ്. മണികണ്ഠൻ തമിഴ്നാട്ടിൽ നിന്നു വസ്ത്രങ്ങൾ ശ്രീലങ്കയിൽ എത്തിച്ചു വിൽപന നടത്തി വരുന്ന ആളാണ് എന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ ആഴ്ചയാണ് ശ്രീലങ്കയിൽ നിന്നു തിരിച്ചു വന്നത്. കോവിഡ്–19 ബാധിതനാണെന്ന സംശയത്താൽ മണികണ്ഠനെ ബന്ധുക്കൾ ഉൾപ്പെടെയുള്ളവർ അകറ്റിയാണ് നിർത്തിയിരുന്നത്. തുടർന്നു മണികണ്ഠൻ മാനസികമായി തളർന്നിരുന്നു.
മനോനില തകർന്ന മണികണ്ഠൻ വെള്ളിയാഴ്ച വൈകിട്ട് നഗ്നനായി റോഡിലൂടെ ഓടുന്ന വഴിയിൽ ഒരു വീടിനു മുൻവശത്തു കിടന്നിരുന്ന നാച്ചിയമ്മാളിനെ കഴുത്തിൽ കടിച്ച് ആഴത്തിൽ മുറിവേൽപിക്കുകയായിരുന്നു. ശബ്ദം കേട്ട് ഓടിയെത്തിയ സമീപവാസികൾ മണികണ്ഠനെ പിടികൂടി പൊലീസിനു കൈമാറി. സമീപവാസികളുടെ മർദനമേറ്റ് മണികണ്ഠനും പരുക്കേറ്റു. നാച്ചിയമ്മാളിനെയും മണികണ്ഠനെയും തേനി മെഡിക്കൽ കോളജിൽ എത്തിച്ചു. അന്നു രാത്രി 10 ന് നാച്ചിയമ്മാൾ മരിച്ചു. നാച്ചിയമ്മാളിന്റെ സംസ്കാരം നടത്തി.