മിഥുൻ പുല്ലുവഴി
കൊച്ചി
കൊറോണ വൈറസ് ബാധയെ തുടർന്ന് സംസ്ഥാനത്ത് നിരീക്ഷണത്തിലുള്ളത് 179 പേർ. ഇന്നലെ മാത്രം ചൈനയിൽ നിന്ന് 99 മലയാളികൾ സംസ്ഥാനത്തെത്തിയെന്ന് ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ മീഡിയ മലയാളത്തോട് പറഞ്ഞു. ജനുവരി 24 ന് 80 പേർ ചൈനയിൽ നിന്നും സംസ്ഥാനത്തേക്ക് എത്തിയിരുന്നു. ഇവരിൽ 7 പേരാണ് ആശുപത്രിയിലുള്ളത്. തിരുവനന്തപുരം, തൃശൂർ, മലപ്പുറം, പത്തനംതിട്ട ജില്ലകളിൽ ഓരോ ആളുകൾ വീതവും എറണാകുളത്ത് മൂന്നു പേരും ആശുപത്രികളിൽ പ്രത്യേക നിരീക്ഷണത്തിലാണ്. കൊറോണയുടെ ലക്ഷണങ്ങളായ പനി, തൊണ്ടവേദന, കഫക്കെട്ട് തുടങ്ങിയ അസുഖങ്ങളോടെ ചൈനയിൽ നിന്നും എത്തിയവരാണ് ഇവർ. ഇവരുടെ രക്തസാമ്പിളുകൾ പൂനെയിലേക്ക് അയച്ചിട്ടുണ്ട്. ഒരാഴ്ചക്കകം ഫലം വരുമെന്നാണ് പ്രതീക്ഷയെന്നും ആരോഗ്യ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥൻ മീഡിയ മലയാളത്തോട് പറഞ്ഞു. ബാക്കിയുള്ള 172 പേർ അവരുടെ വീടുകളിലാണുള്ളത്. ഇവർ ആരോഗ്യ വകുപ്പ് അധികൃതരുടെ പ്രത്യേക നിരീക്ഷണത്തിലാണ്. ചൈനയില്‍ നിന്നെത്തിയെ വിദ്യാര്‍ഥിയെ ഇന്നലെ എറണാകുളം മെഡിക്കൽ കോളജില്‍ പ്രവേശിപ്പിച്ചു.
രണ്ടുപേര്‍ എറണാകുളം മെഡിക്കല്‍ കോളജിലും ഒരാള്‍ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. കൊറോണ വൈറസ് ബാധയിൽ സംസ്ഥാനത്തു നിലവിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യ മന്ത്രി കെ.കെ. ശൈലജ നേരത്തെ വ്യക്തമാക്കിയിരുന്നു. ചൈനയിലെ മലയാളികള്‍ സുരക്ഷിതരെന്ന് നോര്‍ക്ക അറിയിച്ചു.
ചൈനയില്‍ നിന്ന് പനിയോടെ മടങ്ങിയെത്തിയവരാണ് നിരീക്ഷണത്തിലുള്ളത്. പെരുമ്പാവൂര്‍, ചങ്ങനാശേരി സ്വദേശികള്‍ എറണാകുളം മെഡിക്കല്‍ കോളജിലും സ്വകാര്യ ആശുപത്രിയിലുമുണ്ട്. പുണെ നാഷണല്‍ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നിന്ന് പരിശോധന ഫലം വരുന്നതുവരെ ഇവര്‍ ഐസലേഷന്‍ വാര്‍ഡുകളില്‍ തുടരും. പനി ഇല്ലെങ്കിലും ചൈനയില്‍ നിന്ന് മടങ്ങിയെത്തുന്നവര്‍ 28 ദിവസം നിരീക്ഷണത്തിലായിരിക്കും. നിരീക്ഷണത്തിലുള്ളവര്‍ക്ക് കാര്യമായ ആരോഗ്യ പ്രശ്നങ്ങളില്ലെന്ന് മന്ത്രി കെ.കെ.ശൈലജ അറിയിച്ചു.
പുണെയിൽ നിന്നുള്ള പരിശോധനാ ഫലം ശനിയാഴ്ച ലഭിച്ചേക്കും. അതേസമയം, ചൈനയിലെ മലയാളികള്‍ സുരക്ഷിതരെന്ന് നോര്‍ക്ക അറിയിച്ചു. സൗദിയില്‍ രോഗം സ്ഥിരീകരിച്ച മലയാളി നഴ്സിന്റെ സ്ഥിതി മെച്ചെപ്പെട്ടുവരുന്നതായും രണ്ടു ദിവസത്തിനകം ഇവർ ആശുപത്രി വിടുമെന്ന് നോര്‍ക്കയുടെ അറിയിപ്പില്‍ പറയുന്നു.