പെരുമ്പാവൂർ: കോവിഡ് സ്ഥിരീകരിച്ച ഇടുക്കിയിലെ കോൺഗ്രസ് നേതാവിന് രോഗം പടർന്നത് പെരുമ്പാവൂരിലെ സുഹൃത്തില്‍ നിന്നെന്നു സൂചന. വിദേശത്തുനിന്നെത്തിയവരുമായി നേതാവിന് ബന്ധമുണ്ടായിരുന്നോയെന്നും സ്പെഷൽ ബ്രാഞ്ച് അന്വേഷണം തുടങ്ങി. നോതാവിന്റെ സഞ്ചാരപഥം പുതുക്കി പ്രസിദ്ധീകരിച്ചു.
കോവിഡ് സ്ഥീരീകരിച്ച ഇടുക്കിയിലെ കോണ്‍ഗ്രസ് നേതാവ് ഈ മാസം 8 ന് രാത്രി പെരുമ്പാവൂരിൽ തങ്ങിയതായി കണ്ടെത്തി. നോതാവ് സുഹൃത്തിനൊപ്പമാണ് താമസിച്ചതെന്ന് ജില്ലാ ഭരണകൂടത്തിനു ലഭിച്ച റിപ്പോർട്ടിൽ പറയുന്നു.
ഈ മാസം 4ന് ഇയാള്‍ മുഴുവൻ സമയവും കൊച്ചി കടവന്ത്രയിലായിരുന്നെന്നും വിവരം ലഭിച്ചു. നേതാവിന്റെ സഞ്ചാരപഥം ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം പുറത്തു വിട്ടിരുന്നു എങ്കിലും അതിൽ, ഈ മാസം 4 ന് നേതാവ് എവിടെയായിരുന്നു എന്നതിനെക്കുറിച്ച് സൂചിപ്പിച്ചിട്ടുണ്ടായിരുന്നില്ല. മൊബൈല്‍ ടവർ ലൊക്കേഷൻ പരിശോധിച്ചപ്പോഴാണ് വിവരങ്ങള്‍ ലഭ്യമായത്.
രോഗിയുമായി അടുത്ത ബന്ധമുള്ള മുഴുവനാളുകളോടും ക്വാറന്റീനിൽ പോകാൻ ആരോഗ്യ വകുപ്പ് നിർദേശിച്ചിട്ടുണ്ട്. ഇന്നലെ മാത്രം 416 പേരെയാണ് നിരീക്ഷണത്തിൽ ഉൾപ്പെടുത്തിയത്. ഇതോടെ ജില്ലയിൽ നിരീക്ഷണത്തിൽ കഴിയുന്നവരുടെ എണ്ണം 1925 ആയി. 79 പേരുടെ സ്രവം പരിശോധനക്കായി അയച്ചു. ഏകാധ്യാപകരുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് ഇയാള്‍ നടത്തിയ സമരത്തിൽ പങ്കെടുത്ത ഇടുക്കി ജില്ലയിലെ 2 അധ്യാപികമാർക്ക് പനി ബാധിച്ചതിനെ തുടർന്ന് ഇവരും നിരീക്ഷണത്തിലാണ്.
തൊടുപുഴ ജില്ലാ ആശുപത്രിയിൽ കഴിയുന്ന നേതാവിന്റെ നില മെച്ചപ്പെട്ടു. സ്രവം വീണ്ടും പരിശോധനക്കായി എടുത്തു. തന്റെ പേര് മാധ്യമങ്ങളിലൂടെ പ്രസിദ്ധപ്പെടുത്തണം എന്നു നേതാവ് ഇടുക്കി കലക്ടറോട് അഭ്യർഥിച്ചിരുന്നു. ഇതേതുടർന്ന് അനവധി പേരാണ് ആരോഗ്യ വകുപ്പുമായി ബന്ധപ്പെടുകയും ഉപദേശങ്ങൾ തേടിയതും. സംസ്ഥാനത്തുടനീളം സഞ്ചരിച്ച രോഗിയുമായി ആയിരത്തിലേറെ പേരാണ് അടുത്തിടപഴകിയത്. അതിനിടെ, നേതാവിനെ സമൂഹമാധ്യമങ്ങളിലൂടെ ചിലർ അധിക്ഷേപിക്കുകയാണെന്ന് ആരോപിച്ച് കോൺഗ്രസ് നേതാക്കൾ രംഗത്തെത്തി. ചിലർ ഇടുക്കി കലക്ടർക്കും, ജില്ലാ പൊലീസ് മേധാവിക്കും പരാതി നൽകി.