ലണ്ടൻ / ബെയ്ജിങ്: കോവിഡ് ബാധയെത്തുടർന്നുള്ള മരണസംഖ്യയിൽ ചൈനയെ മറികടന്ന് ഇറ്റലി. ചൈനയിൽ ഇതുവരെ 3245 പേർ മരിച്ചപ്പോൾ ഇറ്റലിയിൽ മരണം 3405 ആയി. രോഗബാധ നിയന്ത്രിക്കാൻ യൂറോപ്പിനു പിന്നാലെ ലണ്ടനും അടച്ചുപൂട്ടലിനൊരുങ്ങുന്നു.
ലോകമാകെ രോഗികൾ 2,40,565 ആയി. മരണം 9,953. ഇന്നലെ മാത്രം മരിച്ചത് 1002 പേർ. ജർമനി, ഫ്രാൻസ്, യുഎസ് എന്നീ രാജ്യങ്ങളിൽ രോഗികൾ 10,000 കടന്നു. ഇറാനിലും സ്ഥിതി ഗുരുതരമായി തുടരുമ്പോൾ, രോഗികളുടെ എണ്ണം ക്രമാതീതമായി വർധിച്ച് സ്പെയിനും കടുത്ത പ്രതിസന്ധിയിലേക്ക്. നെതർലൻഡ്സ്, ഓസ്ട്രിയ, സ്വിറ്റ്സർലൻഡ്, യുകെ എന്നീ രാജ്യങ്ങളിൽ രോഗികൾ 2000 കടന്നു. ഓസ്ട്രേലിയയും ന്യൂസീലൻഡും അതിർത്തികൾ പൂർണമായി അടയ്ക്കുകയാണ്. ദക്ഷിണാഫ്രിക്ക സിംബാബ്വെയുമായുള്ള അതിർത്തിയിൽ വേലി കെട്ടുന്നു.