കൊല്ലം: ലോക് ഡൗണിനെത്തുടർന്ന് മദ്യം ലഭിക്കാത്തത് മൂലം ഇന്ന് സംസ്ഥാനത്ത് രണ്ട് പേർ ആത്മഹത്യ ചെയ്തു . കൊല്ലത്ത് കുണ്ടറയിലും മയ്യനാടുമാണ് രണ്ട് പേർ മരിച്ചത് . ഇതോടെ ലോക്ഡൗണിലെ മദ്യാസക്തിയെ തുടർന്നുള്ള മരണം നാലായി. അതേ സമയം മദ്യം കിട്ടാത്തതിനെ തുടർന്നു ശാരീരിക, മാനസിക പ്രശ്നങ്ങൾ അനുഭവിക്കുന്നവരെ ആശുപത്രിയിലേക്ക് മാറ്റാൻ ജില്ലാതലത്തിൽ എക്സൈസ് സംഘം രംഗത്തിറങ്ങി
കൊല്ലത്ത് കാൻസർ രോഗിയായ സുരേഷും മയ്യനാട് മുൻ ഐ എസ് ആർ ഒ ഉദ്യോഗസ്ഥനായ ബിജു വിശ്വനാഥുമാണ് മദ്യം കിട്ടാത്തതിനെ തുടർന്ന് ഇന്നു ആത്മഹത്യ ചെയ്തത്. കഴിഞ്ഞ ദിവസം തൃശൂരും കാക്കനാടുമായി രണ്ടു പേർ ആത്മഹത്യ ചെയ്തിരുന്നു . മദ്യം ലഭിക്കാത്തതിന്റെ പേരിൽ പത്തനംതിട്ട ഇരവിപേരൂർ യുവാവ് വീട് തല്ലിത്തകർത്തു .
യുവാവിനെ എക്സൈസ് ഉദ്യോഗസ്ഥർ എത്തി റാന്നിയിലെ ഡി-അഡിക്ഷൻ സെന്ററിലേക്ക് മാറ്റി . കോഴിക്കോട് മാങ്കാവ് കല്പകതിയറ്ററിനടുത്ത് കുട്ടി മരിച്ചുവെന്ന് പറഞ്ഞ് മണ്ണ് മാന്തി പരിഭ്രാന്തി സൃഷ്ടിച്ച യുവാവും മദ്യത്തിനടിയാണെന്ന് മനസിലായി .ഇയാളെ പൊലീസെത്തി വീട്ടിലെത്തിച്ചു . മദ്യം കിട്ടാതെ ശാരീരിക മാനസിക പ്രശ്നമുള്ളവരുടെ എണ്ണം കൂടിയതോടെ ഇവരെ ആശുപത്രിയിലെത്തിക്കാൻഡെപ്യൂട്ടി കമ്മിഷണർമാരുടെ നേതൃത്വത്തിൽ ജില്ലാ തലത്തിൽസമിതി രൂപീകരിച്ചു.
