കൊല്ലം: ക്വാറന്റീനിൽ കഴിയുകയായിരുന്ന കൊല്ലം സബ് കലക്ടർ ക്വാർട്ടേഴ്സ് വിട്ടുപോയി. ഉത്തർപ്രദേശ് സ്വദേശി അനുപം മിശ്രയാണ് ആരോടും പറയാതെ സ്ഥലം വിട്ടത്. ഏറെ നേരത്തെ അന്വേഷണത്തിനൊടുവിൽ അദ്ദേഹം ജില്ലാ കലക്ടർ ബി. അബ്ദുൽ നാസറിനെ ഫോണിൽ ബന്ധപ്പെട്ടു. ബെംഗളൂരുവിലേക്കു പോയെന്നാണു അറിയിച്ചതെന്നു കലക്ടർ പറഞ്ഞു. എന്നാൽ അദ്ദേഹത്തിന്റെ ഔദ്യോഗിക നമ്പർ ഉത്തർപ്രദേശിലെ കാൻപുർ ടവർ ലൊക്കേഷനിലാണ്.
വിവാഹത്തിനായി നാട്ടിലേക്കു പോയ സബ് കലക്ടർ കഴിഞ്ഞ 18നാണു കൊല്ലത്തു തിരിച്ചെത്തി ഡ്യൂട്ടിയിൽ പ്രവേശിച്ചത്. മധുവിധുവിനു വിദേശത്തു പോകാൻ ജില്ലാ കലക്ടറോട് നേരത്തെ അനുമതി ചോദിച്ചിരുന്നതിനാൽ, ക്വാറന്റീനിൽ പോകാൻ നിർദേശിച്ചു. കൊല്ലത്തു സബ് കലക്ടറുടെ യാത്രയിൽ ഒപ്പമുണ്ടായിരുന്ന ഡ്രൈവറോടും ഗൺമാനോടും ക്വാറന്റീനിൽ പോകാൻ നിർദേശിച്ചിരുന്നു. തേവള്ളിയിലെ ഗവ. ഓഫിസേഴ്സ് ക്വാർട്ടേഴ്സിലേക്കു പോയ സബ് കലക്ടർ വൈകാതെ ബെംഗളൂരുവിലേക്കു പോയതാകാമെന്നു കലക്ടർ പറയുന്നു. അദ്ദേഹത്തിന്റെ ബന്ധു അവിടെയുണ്ട്.

രണ്ടു ദിവസമായി സബ് കലക്ടറുടെ ക്വാർട്ടേഴ്സിൽ വെളിച്ചം കാണാതിരുന്നതിനെത്തുടർന്നു സമീപത്തെ ക്വാർട്ടേഴ്സിലെ ഉദ്യോഗസ്ഥർ വിവരമറിയിച്ചതോടെയാണു സബ് കലക്ടർ ക്വാറന്റീൻ ലംഘിച്ചതു പുറത്തറിഞ്ഞത്.
തുടർന്നു പൊലീസും ആരോഗ്യ- റവന്യൂ വകുപ്പ് അധികൃതരും സ്ഥലത്തെത്തിയെങ്കിലും ക്വാർട്ടേഴ്സ് പൂട്ടിയിട്ട നിലയിലായിരുന്നു. തുടർന്നാണു ജില്ലാ കലക്ടറെ അദ്ദേഹം ബന്ധപ്പെട്ടത്. ഇവിടെ പരിചയക്കാരില്ലാത്തതിനാലും ഭാഷ വശമില്ലാത്തതിനാലുമാണു ബെംഗളൂരുവിലേക്കു പോയതെന്നാണു കലക്ടർക്കു നൽകിയ വിശദീകരണം. ക്വാറന്റീൻ ലംഘിച്ചതു ഗുരുതരമായ കുറ്റമാണെന്നും സർവീസ് റൂളിനു വിരുദ്ധമാണെന്നും കലക്ടർ പറഞ്ഞു. ഇതേക്കുറിച്ചു സർക്കാരിനു റിപ്പോർട്ടു നൽകിയതായും കലക്ടർ പറഞ്ഞു.