കൊച്ചി: എറണാകുളം ജില്ലയിൽ നിരീക്ഷണത്തിലുണ്ടായിരുന്ന അഞ്ചു പേരിൽ കൂടി കോവിഡ് സ്ഥിരീകരിച്ചതായി മന്ത്രി വി.എസ്. സുനിൽ കുമാർ. യുകെയിൽ നിന്നെത്തി മൂന്നാർ സന്ദർശിച്ച് മടങ്ങുന്നതിന് എത്തിയപ്പോൾ നിരീക്ഷണത്തിലാക്കിയ ടൂറിസ്റ്റ് സംഘത്തിലെ അഞ്ചു പേരുടെ സാംപിളുകളാണ് പോസിറ്റീവായി കണ്ടെത്തിയിരിക്കുന്നത്. ഇവരിൽ 17 പേരുടെ സാംപിൾ അയച്ചതിൽ 12 പേർക്ക് രോഗമില്ലെന്ന് കണ്ടെത്തിയിട്ടുണ്ട്. പോസിറ്റീവ് ഫലമുള്ള അഞ്ചു പേരേയും നേരത്തേ ഐസലേഷനിലാക്കിയിരുന്ന യുകെ സ്വദേശിയുടെ ഭാര്യയെയും ഇന്ന് മെഡിക്കൽ കോളജ് ആശുപത്രിയിലെ ഐസലേഷൻ വാർഡിലേയ്ക്കു മാറ്റി.
രോഗം സ്ഥിരീകരിച്ചവരെല്ലാം 60 മുതൽ 80 വയസു വരെ പ്രായമുള്ളവരാണ്. ഇവരുടെ ആരോഗ്യ നില തൃപ്തികരമാണ്. അതേ സമയം രോഗമില്ലെന്നു വ്യക്തമായവർക്കു യാത്രാ രേഖകൾ ശരിയാക്കി നാട്ടിലേയ്ക്കു മടങ്ങുന്നതിനു തടസമില്ല. പോസിറ്റീവായി ഇപ്പോൾ കണ്ടെത്തിയിട്ടുള്ളവർ നേരത്തേ ട്രാക്ക് ചെയ്ത് നിരീക്ഷണത്തിലാക്കിയിരുന്നവരാണ്. ഇവരുടെ സഞ്ചാര പഥങ്ങളും ട്രാക് ചെയ്തിരുന്നു. ഇവരുടെയെല്ലാം പ്രാഥമിക ബന്ധങ്ങളും കണ്ടെത്തിയതാണ്. അതുകൊണ്ടു തന്നെ ആശങ്കയ്ക്ക് വകയില്ലെന്നു മന്ത്രി അറിയിച്ചു.
അതേസമയം കോവിഡിന്റെ പശ്ചാത്തലത്തിൽ നിരീക്ഷണത്തിലാക്കിയിട്ടുള്ളവരുടെ എണ്ണത്തിൽ ഇന്നു വൻ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇന്നലെവരെ വീടുകളിൽ നിരീക്ഷണത്തിലുള്ളത് 1158 പേർ എന്നായിരുന്നു കണക്കെക്കിങ്കിൽ ഇന്നത് 4194 ആയി ഉയർന്നിട്ടുണ്ട്. ക്വാറന്റീൻ ചെയ്യുന്നതിനുള്ള പ്രോട്ടോക്കോൾ കേന്ദ്രസർക്കാർ മാറ്റിയതോടെ കൂടുതൽ പേർ നിരീക്ഷണത്തിലായതും കഴിഞ്ഞ ദിവസങ്ങളിൽ ഫീൽഡിൽ നിന്നു ലഭിച്ച കണക്കുകൾ ഒരുമിപ്പിച്ചപ്പോൾ ഉണ്ടായ വർധനയുമാണ് എണ്ണം കൂടുന്നതിന് ഇടയാക്കിയതെന്നു കലക്ടർ വിശദീകരിച്ചു.
കോവിഡ് രോഗത്തെ നേരിടാൻ സർക്കാർ ആശുപത്രികളിൽ ഒരുക്കുന്ന എല്ലാ സംവിധാനങ്ങളും സ്വകാര്യ ആശുപത്രികളും ഒരുക്കണം എന്ന നിർദേശത്തെ തുടർന്ന് പ്രധാന 24 ആശുപത്രികളിലായി 197 ഐസലേഷൻ കിടക്കകൾ ഒരുക്കിയിട്ടുണ്ട്. 94 ഐസിയു കിടക്കകളും ആറു വാർഡുകളിലായി 120 ബെഡുകളും തയാറാണ്. സ്വകാര്യ ആശുപത്രികളിലടക്കം ഒപിയിലും ഐപിയിലുമെല്ലാം അഡ്മിഷനുകൾ എടുക്കുന്നതിനു നിയന്ത്രണം ഏർപ്പെടുത്താൻ നിർദേശമുണ്ട്. ക്വാറന്റീനിലുള്ളവർക്കു ഭക്ഷണം ആവശ്യമുള്ളവർക്ക് എത്തിക്കുന്നുണ്ട്. വിഡിയോ കോൺഫറൻസിലൂടെയുള്ള ചികിത്സാ സംവിധാനങ്ങൾ, കൗൺസിലിങ്ങ്, കോൾ സെന്റർ സർവീസുകൾ എല്ലാം നല്ല രീതിയിൽ പ്രവർത്തിക്കുന്നു. ഏതു സാഹചര്യത്തേയും നേരിടാവുന്ന സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നതെന്നു മന്ത്രി വിശദീകരിച്ചു.