കൊച്ചി: മലയാളികൾക്കു ദോശ, സാമ്പാർ, രണ്ടു മുട്ട, രണ്ടു ഓറഞ്ച്, ചായ, മിനറൽ വാട്ടർ എന്നിവ അടങ്ങുന്നതാണ് പ്രഭാതഭക്ഷണം. ഇത് ഹോട്ടൽ മെനു അല്ല. എറണാകുളം കളമശേരി മെഡിക്കൽ കോളജിൽ ഐസലേഷൻ വാർഡിൽ കഴിയുന്നവർക്ക് നൽകുന്ന ഭക്ഷണം ക്രമമാണ്. നിരീക്ഷണത്തിൽ കഴിയുന്നവർക്കു നൽകുന്ന ഭക്ഷണത്തിന്റെ മെനു ജില്ലാ ഇൻഫോർമേഷൻ ഓഫിസർ പ്രസിദ്ധീകരിച്ചു. മലയാളികൾക്കും വിദേശികൾക്കും പ്രത്യേക ഭക്ഷണക്രമമാണ് ഒരുക്കിയിരിക്കുന്നത്.
ഉച്ചയ്ക്കു 12 മണിക്കു ചപ്പാത്തി, ചോറ്, മീൻ വറുത്തത്, തോരൻ, തൈര്, മിനറൽ വാട്ടർ എന്നിവയാണ് മലയാളികൾക്കു നൽകുന്നത്. ടോസ്റ്റഡ് ബ്രഡ്, ചീസ്, പഴങ്ങൾ എന്നിവയാണ് വിദേശികൾക്കു നൽകുന്നത്. മലയാളികൾക്കു വൈകിട്ട് ചായക്കൊപ്പം പലഹാരവും നൽകും. ജ്യൂസാണ് വിദേശികൾക്ക്. രാത്രിയിൽ അപ്പത്തിനൊപ്പം വെജിറ്റബിൾ കറിയും രണ്ടു ഏത്തപ്പഴവുമാണ് മലയാളികളുടെ ഭക്ഷണം. വിദേശികൾക്ക് ടോസ്റ്റഡ് ബ്രഡും സ്ക്രാമ്പിൾഡ് മുട്ടയും പഴങ്ങളും. കുട്ടികൾക്കു പാലും നൽകും. ഭക്ഷണക്രമത്തെ പ്രകീർത്തിച്ചു കൊണ്ടു നിരവധി പേർ സമൂഹമാധ്യമങ്ങളിൽ എത്തുകയും ചെയ്തു.
കൊവിഡ് രോഗ ബാധയുടെ പശ്ചാത്തലത്തിൽ എറണാകുളത്ത് കൂടുതൽ നിരീക്ഷണ സൗകര്യങ്ങൾ ഏര്‍പ്പെടുത്താൻ ജില്ലാ ഭരണകൂടം തീരുമാനിച്ചു. രോഗലക്ഷണങ്ങൾ ഉള്ളവര്‍ക്ക് നിരീക്ഷണത്തിൽ കഴിയാനുള്ള സൗകര്യങ്ങളാണ് ഒരുക്കുന്നത്. വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ ഹോസ്റ്റലുകൾ, ഹോട്ടലുകൾ, സ്വകാര്യ ആശുപത്രികളുടെ ഉപയോഗിക്കാത്ത മുറികൾ എന്നിവ രോഗലക്ഷണം ഉള്ളവർക്ക് നിരീക്ഷണത്തിൽ കഴിയാൻ സജ്ജമാക്കണമെന്ന് ജില്ലാ മജിസ്ട്രേറ്റ് എസ് സുഹാസ് ഉത്തരവിട്ടു.
ആരോഗ്യ വകുപ്പ് അധികൃതരും പൊലീസും സംയുക്തമായി രോഗ പ്രതിരോധ ബോധവത്കരണ പ്രവര്‍ത്തനങ്ങൾക്ക് മുന്നിട്ടിറങ്ങും. ജില്ലാ ആരോഗ്യ വിഭാഗവുമായി ബന്ധപ്പെട്ട് രോഗികൾക്ക് നിരീക്ഷണത്തിൽ കഴിയാൻ സൗകര്യം ഒരുക്കണം. സിറ്റി പൊലീസ് കമ്മിഷണർ, എസ് പി എന്നിവർ ഉത്തരവ് നടപ്പണം എന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.