Sunday, December 5, 2021

മുല്ലപ്പെരിയാറില്‍ ബേബി ഡാം ബലപ്പെടുത്തുന്നതിന്‌ അതിനു താഴെയുള്ള 15 മരങ്ങളും വെട്ടിനീക്കാന്‍ തമിഴ്‌നാടിനു കേരളം അനുമതി നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ വിവാദവും

Must Read

തിരുവനന്തപുരം: മുല്ലപ്പെരിയാറില്‍ ബേബി ഡാം ബലപ്പെടുത്തുന്നതിന്‌ അതിനു താഴെയുള്ള 15 മരങ്ങളും വെട്ടിനീക്കാന്‍ തമിഴ്‌നാടിനു കേരളം അനുമതി നല്‍കി മണിക്കൂറുകള്‍ക്കുള്ളില്‍ വിവാദവും. അനുമതി നല്‍കിയത്‌ താനറിയാതെയാണെന്നാണ്‌ വനംമന്ത്രിയുടെ നിലപാട്‌. തുടര്‍ന്ന്‌ മന്ത്രി അനുമതി ഉത്തരവിറക്കിയ പി.സി.സി.എഫ്‌. ബന്നിച്ചന്‍ തോമസിനോട്‌ റിപ്പോര്‍ട്ടുതേടി. പാട്ടത്തിനു നല്‍കിയ 40 സെന്റ്‌ സ്‌ഥലത്തെ 15 മരങ്ങള്‍ മുറിക്കാനാണ്‌ അനുമതി നല്‍കിയിട്ടുള്ളത്‌.
അതേസമയം ബേബി ഡാം ശക്‌തിപ്പെടുത്തുന്നതിന്‌ അനുകൂല നടപടി സ്വീകരിച്ചതിനു മുഖ്യമന്ത്രി പിണറായി വിജയനെ നന്ദിയറിയിച്ചു തമിഴ്‌നാട്‌ മുഖ്യമന്ത്രി എം.കെ. സ്‌റ്റാലിന്‍ കത്തയച്ചു.
മരങ്ങള്‍ വെട്ടിനീക്കുന്നതോടെ ബേബി ഡാം ബലപ്പെടുത്തല്‍ തമിഴ്‌നാട്‌ ആരംഭിക്കും. കഴിഞ്ഞ ദിവസം മുല്ലപ്പെരിയാര്‍ സന്ദര്‍ശിച്ച തമിഴ്‌നാട്‌ ജലവിഭവ മന്ത്രി എസ്‌. ദുരൈമുരഗനും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍, ജലനിരപ്പ്‌ 152 അടി ആക്കുന്നതിനെക്കുറിച്ചു സ്‌റ്റാലിന്‍ കത്തില്‍ പരാമര്‍ശിച്ചിട്ടില്ല. “ബേബി ഡാമിനു താഴെയുള്ള 15 മരങ്ങള്‍ മുറിച്ചുമാറ്റാന്‍ ജലവകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ക്കു നിര്‍ദേശം നല്‍കിയിട്ടുണ്ട്‌. കേരളത്തിന്റെ അനുമതി ബേബി ഡാം ബലപ്പെടുത്തല്‍ നടപടികള്‍ക്കുള്ള തുടക്കമാണ്‌. തമിഴ്‌നാട്ടിലെ തെക്കന്‍ ജില്ലകളിലെ ജനങ്ങള്‍ക്കും തമിഴ്‌നാട്‌ സര്‍ക്കാരിനും വേണ്ടി കേരള സര്‍ക്കാരിനോടു നന്ദിപറയുന്നു. രണ്ടു സംസ്‌ഥാനങ്ങളിലെ ജനങ്ങള്‍ക്കും ഇതിന്റെ ഗുണം ലഭിക്കും. ഇരു സംസ്‌ഥാനങ്ങളും തമ്മിലുള്ള സഹകരണം എന്നും തുടരുമെന്നു പ്രത്യാശിക്കുന്നു. മുല്ലപ്പെരിയാറിനെ ബലപ്പെടുത്താനുള്ള നടപടികള്‍ സ്വീകരിച്ചുവരികയാണ്‌. ഡാമിനു താഴെ താമസിക്കുന്ന കേരളത്തിലെ ജനങ്ങളുടെ സുരക്ഷിതത്വം ഉറപ്പാക്കും”- കത്തില്‍ പറയുന്നു.
പെരിയാര്‍ ഡാമിനെയും വണ്ടിപെരിയാറിനെയും ബന്ധിപ്പിക്കുന്ന റോഡിന്റെ അറ്റകുറ്റപ്പണിക്ക്‌ അനുമതി നല്‍കണമെന്ന്‌ അഭ്യര്‍ഥിക്കുന്ന സ്‌റ്റാലിന്‍, ഡാം ബലപ്പെടുത്തുന്നതിന്‌ യന്ത്രങ്ങളും മറ്റും സുഗമമായി എത്തിക്കാന്‍ റോഡ്‌ നന്നാക്കേണ്ടത്‌ അത്യാവശ്യമാണെന്നു കത്തിലുണ്ട്‌.

Leave a Reply

Latest News

ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ

തൊടുപുഴ: ലോക്കപ്പിൽ നിന്നു രക്ഷപ്പെട്ടോടിയ യുവാവു പുഴയിൽ മുങ്ങി മരിച്ച സംഭവത്തിൽ എസ്ഐ അടക്കം രണ്ട് ഉദ്യോഗസ്ഥർക്കു സസ്പെൻഷൻ. കോലാനി പാറക്കടവ് കുളങ്ങാട്ടു ഷാഫിയാണു (29)...

More News