വെളിച്ചെണ്ണയുടെ ഹോള്‍സെയില്‍ വില ഏറെ താഴ്‌ന്നിട്ടും ഗുണം ലഭിക്കാതെ ഉപഭോക്‌താക്കള്‍

0

വാഴക്കുളം : വെളിച്ചെണ്ണയുടെ ഹോള്‍സെയില്‍ വില ഏറെ താഴ്‌ന്നിട്ടും ഗുണം ലഭിക്കാതെ ഉപഭോക്‌താക്കള്‍. ഇടനിലക്കാരും റീട്ടെയില്‍ കച്ചവടക്കാരും വില കുറയ്‌ക്കാന്‍ തയാറാകാത്തതാണ്‌ കാരണം.
മില്ലുകള്‍ ഇന്നലെ ലിറ്ററിന്‌ 142 രൂപയ്‌ക്ക്‌ വരെ പാക്ക്‌ ചെയ്‌ത വെളിച്ചെണ്ണ മൊത്തക്കച്ചവടക്കാര്‍ക്ക്‌ നല്‍കി. പാമോയിലിന്‌ 145 രൂപയും സണ്‍ഫ്‌ളവര്‍ ഓയിലിന്‌ 155 രൂപയും ശരാശരി വില കിട്ടിയപ്പോഴാണിത്‌.
മറ്റ്‌ എണ്ണകള്‍ അഞ്ചോ ആറോ രൂപ ലാഭമെടുത്ത്‌ വില്‍ക്കുന്ന വ്യാപാരികള്‍ വെളിച്ചെണ്ണക്ക്‌ ലിറ്ററിന്‌ 30 മുതല്‍ 50 രൂപ വരെ ലാഭമെടുക്കുന്നതായി മില്ലുടമകള്‍ പറയുന്നു. ഇത്‌ വെളിച്ചെണ്ണക്ക്‌ വില കൂടുതലാണെന്ന പ്രതീതി സൃഷ്‌ടിക്കുന്നതായി ചോംസ്‌ വെളിച്ചെണ്ണയുടെ നിര്‍മാതാക്കളായ ചേറ്റൂര്‍ ഓയില്‍ മില്‍സ്‌ എം.ഡി. ലിജു ചേറ്റൂര്‍ പറഞ്ഞു.
കഴിഞ്ഞ വര്‍ഷത്തെ അനുകൂല കാലാവസ്‌ഥ മൂലം നാളികേര ഉത്‌പാദനം വര്‍ധിച്ചിരുന്നു. ഇത്‌ സ്വാഭാവികമായ എണ്ണയുടെ വില കുറയ്‌ക്കുകയും ചെയ്‌തു. 2020 ല്‍ ഏറ്റവും വില കൂടിയ സമയത്ത്‌ 247 രൂപയ്‌ക്ക്‌ വരെ വിറ്റിരുന്ന വെളിച്ചെണ്ണ ഇപ്പോള്‍ 142 രൂപയ്‌ക്ക്‌ നല്‍കേണ്ടി വരുന്നതും അതുകൊണ്ട്‌ തന്നെ. ഈ വിലക്കുറവ്‌ സാധാരണ ജനങ്ങളിലേക്കെത്തുന്നുമില്ല. മുന്‍പ്‌ നാളികേരത്തിന്‌ വിലയിടിഞ്ഞപ്പോള്‍ കൃഷിഭവനുകള്‍ വഴി സംഭരിച്ച്‌ കേരഫെഡിന്‌ കൈമാറുകയായിരുന്നു. ഈ നാളികേരം കേരഫെഡിന്റെ കരുനാഗപ്പള്ളി, കോഴിക്കോട്‌ യൂണിറ്റുകളിലും ചില സ്വകാര്യ സ്‌ഥാപനങ്ങളിലും കൊപ്രയും പിന്നീട്‌ വെളിച്ചെണ്ണയുമാക്കി പൊതുവിപണിയില്‍ എത്തിച്ചെങ്കിലും ലാഭകരമായിരുന്നില്ലെന്ന്‌ പറയുന്നു.
ഇപ്പോള്‍ നാളികേരത്തിന്റെ വില പിടിച്ചുനിറുത്തുന്നതിനായി സഹകരണ സംഘങ്ങള്‍ വഴി സംഭരണം നടത്തി കൊപ്രയാക്കി നാഫെഡിന്‌ കൈമാറാനാണ്‌ നീക്കം. സഹകരണ സംഘങ്ങളില്‍ തേങ്ങ കൊപ്രയാക്കി മാറ്റാനുള്ള ഡ്രയര്‍ ഉള്ളവ വിരളമായതിനാല്‍ ഇത്‌ പ്രായോഗികമായേക്കില്ല.
നാളികേരത്തിന്റെയും വെളിച്ചെണ്ണയുടെയും വില എത്ര ഇടിഞ്ഞാലും പൊതുജനങ്ങള്‍ക്ക്‌ അതിന്റെ ഗുണം ലഭിക്കാത്ത അവസ്‌ഥയാണ്‌ നിലവിലുള്ളത്‌.

Leave a Reply