ദിലീപിനെതിരായ ഗൂഢാലോചനക്കേസ്‌ : പോലീസ്‌ പറഞ്ഞതു പൊളിഞ്ഞു; പ്രോസിക്യുഷന്‌ അപ്പാടെ പാളി

0

കൊച്ചി : നടന്‍ ദിലീപ്‌ പ്രതിയായ വധഗൂഢാലോചനക്കേസില്‍ പ്രോസിക്യൂഷനു തിരിച്ചടിയായതു പോലീസിന്റെ ഭാഗത്തുണ്ടായ പാളിച്ചകള്‍. പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാര്‍ ഹാജരാക്കിയ ശബ്‌ദരേഖകള്‍ ഗൂഢാലോചനാ ആരോപണം തെളിയിക്കാന്‍ കഴിയുന്നതായിരുന്നില്ല. ഇരുപതോളം ശബ്‌ദസാമ്പിളുകള്‍ക്കു തുടര്‍ച്ചയില്ലായിരുന്നെന്നു മാത്രമല്ല, ദിലീപിന്റേതെന്നു പറയുന്ന സംഭാഷണം റെക്കോഡ്‌ ചെയ്‌ത ടാബ്‌ലെറ്റും ശബ്‌ദരേഖ പകര്‍ത്തിയ ലാപ്‌ടോപ്പും ഹാജരാക്കാന്‍ കഴിഞ്ഞതുമില്ല.
2017-ല്‍ നടന്ന ഗൂഢാലോചന നടപ്പാക്കാന്‍ ദിലീപ്‌ ശ്രമിച്ചെന്ന വാദം തെളിയിക്കാനുള്ള ശ്രമം പോലീസിന്റെ വിശ്വാസ്യത കളഞ്ഞുകുളിക്കുകയും ചെയ്‌തു. അന്വേഷണ ഉദ്യോഗസ്‌ഥനായ ബൈജു പൗലോസിനോട്‌ എറണാകുളം സെഷന്‍സ്‌ കോടതി പരിസരത്തുവച്ചു 2018 ജനുവരി 31-നു ദിലീപ്‌ ഭീഷണി സ്വരത്തില്‍ സംസാരിച്ചതായി പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. എന്നാല്‍, അന്ന്‌ അങ്കമാലി മജിസ്‌ട്രേറ്റ്‌ കോടതിയില്‍നിന്നു കേസ്‌ എറണാകുളം സെഷന്‍സ്‌ കോടതിയിലേക്കു കൈമാറുന്ന നടപടി നടക്കുന്നതേയുണ്ടായിരുന്നുള്ളൂ എന്നു കോടതി കണ്ടെത്തി. ഈ മൊഴി തെറ്റാണെന്നു വ്യക്‌തമായതോടെ, ദിലീപിനെതിരേ പരാതിക്കാരന്‍ ഉന്നയിച്ച മറ്റെല്ലാ ആരോപണവും തെറ്റാണെന്ന നിഗമനത്തില്‍ ഹൈക്കോടതി എത്തിച്ചേരുകയായിരുന്നു.
ദിലീപ്‌ ഏഴു ഫോണുകള്‍ ഉപയോഗിച്ചിരുന്നതായും അവയിലൊന്ന്‌ ഇതുവരെയും ഹാജരാക്കിയിട്ടില്ലെന്നുമായിരുന്നു പ്രോസിക്യൂഷന്‍ കോടതിയില്‍ ആരോപിച്ചത്‌. ഈ ഫോണ്‍ ദിലീപ്‌ 221 ദിവസം ഉപയോഗിച്ചിരുന്നു. അഞ്ചു മാസംമുമ്പ്‌ കേടായതോടെ ഈ ഫോണ്‍ മാറ്റിയെന്നു ദിലീപ്‌ അറിയിച്ചെങ്കിലും അന്വേഷണവുമായി ദിലീപ്‌ സഹകരിക്കുന്നില്ലെന്നായിരുന്നു പോലീസിന്റെ വാദം. എന്നാല്‍, കേടായ ഫോണുകള്‍ സാധാരണഗതിയില്‍ ആരും അധികകാലം സൂക്ഷിക്കാറില്ലെന്നു ചൂണ്ടിക്കാട്ടി ഈ വാദം കോടതി തള്ളിക്കളഞ്ഞു.
ഗൂഢാലോചനയ്‌ക്കുള്ള തെളിവായി പ്രതിയുടെ ഫോണുകളല്ല ഹാജരാക്കേണ്ടതെന്ന വാദം പ്രതിരോധിക്കാന്‍ പ്രോസിക്യൂഷനു കഴിഞ്ഞില്ല. പരാതി നല്‍കാന്‍ വൈകിയതും കസ്‌റ്റഡി ആവശ്യം നിരാകരിക്കാന്‍ കാരണമായി.
പരാതിക്കാരനായ ഇന്‍സ്‌പെക്‌ടര്‍ ബൈജു പൗലോസിനും പ്രധാന സാക്ഷിയായ ബാലചന്ദ്രകുമാറിനും തന്നോടു വ്യക്‌തിവൈരാഗ്യമുണ്ടെന്നു സ്‌ഥാപിക്കാന്‍ ദിലീപിനു കഴിഞ്ഞു. അഞ്ചു വര്‍ഷമായി പരാതി നല്‍കാതിരിക്കാനുള്ള സാഹചര്യമായി പ്രോസിക്യൂഷന്‍ പറഞ്ഞതു ബാലചന്ദ്രകുമാറിന്റെ ഭാര്യ തടഞ്ഞുവെന്നാണ്‌. ഇതെല്ലാം പ്രോസിക്യൂഷന്‍ കെട്ടിച്ചമച്ചതാണെന്ന പ്രതിഭാഗം വാദമാണു കോടതിക്കു കൂടുതല്‍ വിശ്വസനീയമായി തോന്നിയത്‌.
നടി ആക്രമിക്കപ്പെട്ട കേസിലെ വിചാരണ തീരാനിരിക്കേ പുതിയ കേസെടുത്തതു വേട്ടയാടലായി ദിലീപ്‌ അവതരിപ്പിച്ചു. നടി ആക്രമിക്കപ്പെട്ട കേസിന്റെ വിചാരണ പൂര്‍ത്തിയാക്കാന്‍ കൂടുതല്‍ സമയം വേണമെന്ന പ്രോസിക്യൂഷന്റെ ആവശ്യം സുപ്രീംകോടതി തള്ളിയതു ദിലീപിന്‌ ആത്മവിശ്വാസം പകര്‍ന്നു. ആറു ഫോണുകള്‍ കൈമാറിയതോടെ അന്വേഷണവുമായി സഹകരിക്കുന്നില്ലെന്ന വാദം മറികടക്കാനായി. ഫോണുകളുടെ പാസ്‌വേഡ്‌ കൈമാറിയില്ലെന്ന തെറ്റായ വാദം ഉന്നയിച്ചതും കേസ്‌ കെട്ടിച്ചമച്ചതാണെന്ന പ്രതീതിയുണ്ടാക്കി. ഫോണുകള്‍ തുറന്നു പരിശോധിക്കാന്‍ തയാറാകാതെ ആലുവ മജിസ്‌ട്രേറ്റ്‌ കോടതി ഫോറന്‍സിക്‌ ലാബിലേക്ക്‌ അയച്ചതും പ്രോസിക്യൂഷനു തിരിച്ചടിയായി.
കഴിഞ്ഞദിവസങ്ങളില്‍ സുപ്രീംകോടതി, ഹൈക്കോടതി, വിചാരണക്കോടതി, ആലുവ മജിസ്‌ട്രേറ്റ്‌ കോടതി എന്നിവിടങ്ങളില്‍ നിന്നു പ്രോസിക്യൂഷനു തിരിച്ചടി നേരിട്ടത്‌ അന്വേഷണസംഘത്തെ സമ്മര്‍ദത്തിലാക്കിയിരുന്നു.
വാദത്തിനു പിന്‍ബലമായി കൃത്യതയുള്ള തെളിവുകള്‍ ഹാജരാക്കാന്‍ പോലീസിനായില്ല. ദിലീപ്‌ നേര്‍ക്കുനേര്‍ ഭീഷണിപ്പെടുത്തിയെന്ന ബൈജു പൗലോസിന്റെ പരാതി തെറ്റാണെന്നു കോടതി കണ്ടെത്തിയതോടെ പ്രോസിക്യൂഷന്റെ വിശ്വാസ്യതയില്‍ വിള്ളലുണ്ടാകുകയും ചെയ്‌തു. തന്റെ അഭിഭാഷകന്‍ ബി. രാമന്‍ പിള്ളയെ ദിലീപ്‌, സഹോദരന്‍ അനൂപ്‌, അളിയന്‍ സൂരജ്‌ തുടങ്ങിയവര്‍ ഇന്നലെ രാത്രി ഏഴരയോടെ എത്തി നന്ദി അറിയിച്ചു.

Leave a Reply