ഹൈക്കമാൻഡ് ഇടപെട്ട് പുന:സംഘടന നിർത്തിയതിനെ ചൊല്ലി സംസ്ഥാന കോൺഗ്രസ്സിലുണ്ടായ പ്രതിസന്ധി തീർക്കാൻ സമവായ നീക്കങ്ങൾ സജീവം

0

തിരുവനന്തപുരം:  ഹൈക്കമാൻഡ് ഇടപെട്ട് പുന:സംഘടന നിർത്തിയതിനെ ചൊല്ലി സംസ്ഥാന കോൺഗ്രസ്സിലുണ്ടായ പ്രതിസന്ധി തീർക്കാൻ സമവായ നീക്കങ്ങൾ സജീവം. കെ.സുധാകരനും വിഡി സതീശനും തമ്മിൽ നാളെ ചർച്ച നടത്തും. അതിനിടെ കെസി വേണുഗോപാൽ – വിഡി സതീശൻ ചേരിക്കെതിരെ കെ.സുധാകരനൊപ്പം കൈകോർത്ത് ചെന്നിത്തലയും മുരളീധരനും. പരാതിയുടെ പേരിൽ പുന:സംഘടന നിർത്തിയതിനെ ചെന്നിത്തല പരിഹസിച്ചപ്പോൾ എംപിമാർ പരാതി നൽകിയതായി അറിയില്ലെന്നായിരുന്നു മുരളീധരൻറെ പ്രതികരണം. പരാതികൾ തീർക്കണമെന്ന് എ ഗ്രൂപ്പ് നിലപാടെടുത്തത് സതീശന് ആശ്വാസമായി.

ഡിസിസി പുനസംഘടന നി‍ർത്തിവെച്ചതിൽ ക്ഷുഭിതനായി സ്ഥാനമൊഴിയാൻ വരെ തയ്യാറാണെന്ന് കടുപ്പിച്ച കെപിസിസി പ്രസിഡണ്ടുമായി സതീശൻ അനുകൂലികൾ ഇന്നലെ മുതൽ ചർച്ചയിലാണ്. എ.പി അനിൽകുമാർ അടക്കം സതീശനെ പിന്തുണക്കുന്ന നേതാക്കളും സുധാകരനും തമ്മിൽ കരട് പട്ടികയിന്മേൽ കൂടിയാലോചന തുടരുകയാണ്. ചെറിയ ചില മാറ്റങ്ങൾക്ക് സുധാകരൻ തയ്യാറാണെങ്കിലും കെ.സി – വി.ഡി അപ്രമാദിത്വം അംഗീകരിക്കാനികില്ലെന്ന കെപിസിസി പ്രസിഡണ്ട് വ്യക്തമാക്കിക്കഴിഞ്ഞു. 

തർക്കത്തിൽ പുന:സംഘടന നീളുന്നതിലും സുധാകരൻ്റെ കടുംപിടുത്തത്തിലും സമ്മർദ്ദത്തിലായ സതീശൻ പട്ടിക നീട്ടിക്കൊണ്ടുപോകുന്നത് അപകടമാണെന്ന് തിരിച്ചറിഞ്ഞു. അതിനിടെയാണ് കെസി-വിഡി ചേരിക്കെതിരെ സുധാകരനൊപ്പം ചെന്നിത്തലയും മുരളീധരനും കൈകോർക്കുന്നത്. മുരളിയും ചെന്നിത്തലയും തമ്മിലെ തർക്കം കൂടി തീർത്താണ് പഴയ ഐക്കാരുടെ യോജിപ്പ്. പുനസംഘടന നിർത്താൻ എഐസിസി പറഞ്ഞ എംപിമാരുടെ പരാതിയെ സംശയിച്ച സുധാകരൻറെ നിലപാടിനൊപ്പമാണ് ഇരുവരും

അതേ സമയം കെ.സി – വി.ഡി ഗ്രൂപ്പ് എന്ന പ്രചാരണത്തിന് പിന്നിൽ ചെന്നിത്തല ആണെന്നാണ് സതീശൻ പറയുന്നത്. സുധാകരനെ ഒപ്പം നിർത്തി ചെന്നിത്തലയാണ് പ്രശ്നങ്ങൾ ഉണ്ടാക്കുന്നതെന്നാണ് പരാതി. പരാതികൾ ഐ ഗ്രൂപ്പ് തള്ളുമ്പോൾ കരട് പട്ടികയിൽ പരാതികളുണ്ടെന്നും അത് തീർക്കണമെന്നുമാണ് എ ഗ്രൂപ്പ് നിലപാട്. ശാക്തിക ചേരികൾ മാറിമാറയുമ്പോൾ എ ഗ്രൂപ്പ് നിലപാട് സതീശന് ആശ്വാസമാകുന്നു. സംഘടനാ തെരഞ്ഞെടുപ്പിന് ഒരുമാസം മാത്രം ബാക്കി നിൽക്കെ ഡിസിസി പുനസംഘടനയിലൂടെ പദവി ലഭിക്കുന്നവ‍ർക്ക് പ്രവർത്തനത്തിന് കുറഞ്ഞ സമയം മാത്രമേ കിട്ടൂ. ഒരു താൽക്കാലിക സംവിധാനം സമവായത്തിലൂടെ ഉണ്ടാക്കാൻ പോലും പുതിയ നേതൃത്വത്തിന് കഴിയാത്തതിൽ എഐസിസിക്കും അണികൾക്ക് അമർഷമുണ്ട്. 

LEAVE A REPLY

Please enter your comment!
Please enter your name here