തൃക്കാക്കരയിൽ സ്ഥാനാർത്ഥി ചർച്ചകൾക്ക് തുടക്കം കുറിച്ച് കോൺഗ്രസ്‌; പി.ടി.തോമസിന്റെ ഭാര്യ ഉമ തോമസും പരിഗണനയിൽ

0

കൊച്ചി: പി. ടി തോമസിന്‍റെ വിയോഗത്തെ തുടർന്ന് ഒഴിഞ്ഞു കിടക്കുന്ന തൃക്കാക്കര നിയമസഭാ മണ്ഡലം ഉപതെരഞ്ഞെടുപ്പ് ചൂടിലേക്ക് കടക്കുകയാണ്. ഇതിന് മുന്നോടിയായുള്ള സ്ഥാനാർത്ഥി ചർച്ചകൾക്ക് കോൺഗ്രസ് പാർട്ടി തുടക്കം കുറിച്ച് കഴിഞ്ഞു. പി. ടി. തോമസിന്റെ ഭാര്യ ഉമ തോമസിന്റെ പേരാണ് മണ്ഡലത്തിലേക്ക് പരിഗണിക്കുന്ന സ്ഥാനാർത്ഥി പട്ടികയിൽ കോൺഗ്രസ് കേന്ദ്രങ്ങളിൽ നിന്നും സജീവമായി ഉയർന്ന് കേൾക്കുന്നത്. ഇന്നലെ കെപിസിസി പ്രസിഡന്റ് കെ സുധാകരനും, പ്രതിപക്ഷ നേതാവ് വി ഡി സതീശനും ഉമാ തോമസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.

രാവിലെ 10 മണിയോടെ വീട്ടിലെത്തുമെന്നറിയിച്ചതിനെ തുടർന്ന് ജോലിക്ക് പോവാതെ നേതാക്കളുടെ വരവും പ്രതീക്ഷിച്ച് ഉമാ തോമസ് കാത്ത് നിന്നു. കൃത്യ സമയത്ത് തന്നെ എത്തിയ നേതാക്കൾ അര മണിക്കൂറോളം ഉമയുമായി കൂടിക്കാഴ്ച്ച നടത്തി. തൃക്കാക്കര തിരഞ്ഞെടുപ്പിനെ കുറിച്ചുള്ള ചർച്ചകളാണ് കൂടിക്കാഴ്ച്ചയിൽ പ്രധാനമായും ഉയർന്നത്.

തൃക്കാക്കരയിൽ ഉമയെ മത്സരിപ്പിക്കുന്നതിനെ കുറിച്ച് നേതാക്കൾ സൂചിപ്പിച്ചപ്പോൾ തനിക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് താൽപ്പര്യമില്ലെന്ന സൂചനയാണ് ഉമ നൽകിയത്. പ്രധാനമായും കുടുംബത്തിലെ സാമ്പത്തിക ബാദ്ധ്യതകളാണ് ഇതിന് കാരണമായി ഉമ പറഞ്ഞത്. എന്നാൽ നിലവിലെ കേരളത്തിലെ രാഷ്ട്രീയ സാഹചര്യവും, തൃക്കാക്കര മണ്ഡലം നില നിർത്തേണ്ടതിന്റെ ആവശ്യകതയും നേതാക്കൾ ഉമയെ ധരിപ്പിച്ചു. മത്സരിക്കുവാനുള്ള മാനസികാവസ്ഥയിലേക്ക് എത്തണമെന്ന നിർദേശമാണ് നേതാക്കൾ ഉമയ്ക്ക് നൽകിയത്.

LEAVE A REPLY

Please enter your comment!
Please enter your name here