Sunday, December 5, 2021

നിയമസഭാ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസ്‌ വിട്ടു; രാജ്യസഭാമോഹം പൊലിഞ്ഞ്‌ മടക്കം

Must Read

തിരുവനന്തപുരം : രാജ്യസഭാ സീറ്റ്‌ കിട്ടാത്തതില്‍ പ്രതിഷേധിച്ച്‌ ഇടതുബന്ധം ഉപേക്ഷിച്ച ചെറിയാന്‍ ഫിലിപ്പ്‌ 20 വര്‍ഷം മുമ്പ്‌ നിയമസഭാ സീറ്റിന്റെ പേരിലാണ്‌ കോണ്‍ഗ്രസില്‍നിന്നു പുറത്തുവന്നത്‌. കോണ്‍ഗ്രസിന്റെ രാഷ്‌ട്രീയ ബുദ്ധികേന്ദ്രങ്ങളില്‍ പ്രമുഖനായിരുന്ന ചെറിയാന്റെ പുറത്തുപോക്ക്‌ അന്നു കോണ്‍ഗ്രസിനും, പ്രത്യേകിച്ച്‌ എ ഗ്രൂപ്പിനുമുണ്ടാക്കിയ ആഘാതം വലുതായിരുന്നു. അതേ ചെറിയാന്‍ ഇപ്പോള്‍ ഇടതുമുന്നണിയെ വിമര്‍ശിച്ച്‌ മടങ്ങിയെത്തുന്നതു കോണ്‍ഗ്രസിന്‌ പുതിയ ഉന്മേഷമാണു പകരുന്നത്‌.
54 വര്‍ഷം മുമ്പ്‌ കെ.എസ്‌.യുവിലൂടെ രാഷ്‌ട്രീയപ്രവര്‍ത്തനം തുടങ്ങിയ ചെറിയാന്‍ ഫിലിപ്പ്‌ പിന്നീട്‌ എ.കെ. ആന്റണി കെ.പി.സി.സി. പ്രസിഡന്റായിരിക്കെ സെക്രട്ടറി വരെയായി. ആന്റണിയുടെ പ്രതിച്‌ഛായാ നിര്‍മ്മാണത്തില്‍ സുപ്രധാന പങ്കുവഹിച്ച ചെറിയാന്‍ എ വിഭാഗത്തിന്റെ കരുത്തനായ പോരാളിയായിരുന്നു. കുപ്രസിദ്ധമായ ഐ.എസ്‌.ആര്‍.ഒ. ചാരക്കേസുമായി ബന്ധപ്പെട്ട്‌ നടത്തിയ ചില പ്രവര്‍ത്തനങ്ങളെക്കുറിച്ച്‌ വ്യക്‌തമായല്ലെങ്കിലും ചില സൂചനകള്‍ അദ്ദേഹം നല്‍കിയിട്ടുമുണ്ട്‌. ഉമ്മന്‍ ചാണ്ടിയുടെ ഏറ്റവും വിശ്വസ്‌തനായ അനുയായി എന്ന നിലയില്‍ നിന്നാണ്‌ ചെറിയാന്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ വിമര്‍ശകനായി മാറിയത്‌.
1991-ലാണ്‌ ആദ്യമായി നിയമസഭയിലേക്ക്‌ മത്സരിച്ചത്‌. അന്ന്‌ കോട്ടയം മണ്ഡലത്തില്‍ സി.പി.എം നേതാവായ ടി.കെ. രാമകൃഷ്‌ണനോടു പരാജയപ്പെട്ടു. തുടര്‍ന്ന്‌ തെരഞ്ഞെടുപ്പ്‌ രാഷ്‌ട്രീയത്തില്‍നിന്നു മാറിനിന്ന ചെറിയാന്‍ 2001-ല്‍ ഇഷ്‌ടപ്പെട്ട സീറ്റ്‌ ലഭിക്കാത്തതിന്റെ പേരിലാണ്‌ ഇടഞ്ഞത്‌. അന്ന്‌ തിരുവനന്തപുരം വെസ്‌റ്റ്‌ മണ്ഡലമാണ്‌ ചെറിയാന്‍ ഫിലിപ്പ്‌ ആവശ്യപ്പെട്ടത്‌. കോണ്‍ഗ്രസ്‌ നല്‍കാന്‍ തയാറായത്‌ തിരുവനന്തപുരം നോര്‍ത്ത്‌ മണ്ഡലം. അമര്‍ഷം പൂണ്ട അദ്ദേഹം ശക്‌തമായ വിമര്‍ശനങ്ങള്‍ ഉന്നയിച്ചുകൊണ്ട്‌ കോണ്‍ഗ്രസില്‍നിന്നു പുറത്തുവന്നു. ഇടതു പിന്തുണയോടെ പുതുപ്പള്ളിയില്‍ ഉമ്മന്‍ ചാണ്ടിക്കെതിരായി മത്സരിച്ചു. പുതുപ്പള്ളി ഉമ്മന്‍ ചാണ്ടിയെ കൈവിട്ടില്ല. ചെറിയാനു രണ്ടാം തോല്‍വി. ചെറിയാന്‍ നിരസിച്ച തിരുവനന്തപുരം നോര്‍ത്തില്‍ കോണ്‍ഗ്രസിന്റെ കെ. മോഹന്‍കുമാര്‍ വിജയിക്കുകയും ചെയ്‌തു.
തുടര്‍ന്ന്‌ ഇടുതുമുന്നണിയുമായി സഹകരിച്ച്‌ പ്രവര്‍ത്തിക്കുകയായിരുന്നു. കൈരളി ചാനലില്‍ “ചെറിയാന്‍ ഫിലിപ്പ്‌ പ്രതികരിക്കുന്നു” എന്ന പരിപാടി ദീര്‍ഘനാള്‍ അവതരിപ്പിച്ചു. 2006-ലെ തെരഞ്ഞെടുപ്പില്‍ ക്രൈസ്‌തവ വോട്ട്‌ കൂടുതലുള്ള കല്ലൂപ്പാറ മണ്ഡലത്തില്‍ ചെറിയാന്‌ സി.പി.എം. സീറ്റ്‌ നല്‍കി. അവിടെ ജോസഫ്‌ എം. പുതുശേരിയോടു പരാജയപ്പെട്ടെങ്കിലും അധികാരത്തിലെത്തിയ വി.എസ്‌. സര്‍ക്കാര്‍ കെ.ടി.ഡി.സിയുടെ ചെയര്‍മാനായി നിയമിച്ചു. 2011-ലെ തെരഞ്ഞെടുപ്പില്‍ വട്ടിയൂര്‍ക്കാവിലായിരുന്നു മത്സരം. കെ. മുരളീധരനോടു പരാജയപ്പെട്ടു. 2016-ല്‍ പിണറായി സര്‍ക്കാര്‍ അധികാരത്തില്‍ വന്നയുടനെ സര്‍ക്കാരിന്റെ മുഖമുദ്രാ പരിപാടിയായ നാലു മിഷനുകളുടെ ഏകോപനച്ചുമതലയില്‍ ചെറിയാനെ നിയമിച്ചു. സെക്രട്ടേറിയറ്റില്‍ ഓഫീസ്‌ ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ നല്‍കുകയും ചെയ്‌തു.
ഇതിനിടയില്‍ രാജ്യസഭാ സീറ്റുകള്‍ ഒഴിവുവന്നപ്പോഴെല്ലാം ചെറിയാന്‍ മോഹം മറച്ചുവച്ചില്ല. എന്നാല്‍ സി.പി.എം. അവഗണിച്ചു. ഇക്കുറി രാജ്യസഭാസീറ്റ്‌ ഒഴിവുവന്നപ്പോള്‍ ചെറിയാന്‍ പ്രതീക്ഷിച്ചിരുന്നെങ്കിലും ജോണ്‍ ബ്രിട്ടാസിനാണു സി.പി.എം. സീറ്റ്‌ നല്‍കിയത്‌. ഇതോടെ ഇടഞ്ഞ ചെറിയാന്‍ രണ്ടാം പിണറായി സര്‍ക്കാര്‍ നല്‍കിയ ഖാദി ബോര്‍ഡ്‌ വൈസ്‌ ചെയര്‍മാന്‍ സ്‌ഥാനം നിരസിച്ചു. കേരളത്തിന്റെ രാഷ്‌ട്രീയചരിത്രമായ കാല്‍നൂറ്റാണ്ടിന്റെ രണ്ടാം ഭാഗം എഴുതാനായാണു സ്‌ഥാനം വേണ്ടെന്നുവയ്‌ക്കുന്നത്‌ എന്നായിരുന്നു വിശദീകരണം. എന്നാല്‍ സി.പി.എമ്മിനും മുഖ്യമന്ത്രിക്കുമെതിരേ വിമര്‍ശനത്തിനു മടിച്ചില്ല. അതോടെ കോണ്‍ഗ്രസിലേക്കുള്ള മടക്കം സംബന്ധിച്ച ചര്‍ച്ചകള്‍ സജീവമാകുകയായിരുന്നു.

Leave a Reply

Latest News

ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ പാമ്പ്! സ്റ്റിയറിങിന് മുന്നിലെത്തി തല പൊക്കി; പരിഭ്രാന്തി

തൃശൂർ: ദേശീയപാതയിൽ ഓടിക്കൊണ്ടിരുന്ന കാറിനുള്ളിൽ പാമ്പിനെ കണ്ടത് പരിഭ്രാന്തി പരത്തി. കാറിനുള്ളിലെ മീറ്റർ ബോർഡിലാണ് പാമ്പിനെ കണ്ടത്. ഇന്നലെ ഉച്ചയ്ക്ക് പുതുക്കാടാണ് സംഭവം.ബിജെപി മണ്ഡലം പ്രസിഡന്റുമാരായ...

More News