തിരുവനന്തപുരം: സോളാർ പീഡനക്കേസിൽ അന്വേഷണം സിബിഐക്ക് വിടാനുള്ള തീരുമാനം സർക്കാരിനു തന്നെ തിരിച്ചടിയാകുമെന്ന് കോൺഗ്രസ് നേതാവ് ഉമ്മൻ ചാണ്ടി. സർക്കാരിന്റെ നടപടി സർക്കാരിനു തന്നെ തിരിച്ചടിയാകും. ഏതന്വേഷണത്തിനും കോൺഗ്രസും താനും എതിരല്ലെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് വർഷം കേസിൽ തുടർനടപടികളൊന്നും എടുക്കാൻ സാധിക്കാത്തതിന്റെ ജാള്യത മറയ്ക്കാനാണ് കേന്ദ്രം ഭരിക്കുന്ന കക്ഷിയുമായി ചങ്ങാത്തം കൂടി പുതിയ തീരുമാനം. വേങ്ങര ഉപതെരഞ്ഞെടുപ്പിന്റെ അന്ന് രാവിലെ കമ്മീഷൻ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ കേസ് എടുക്കുമെന്ന് പ്രഖ്യാപിച്ചു. ഇതുവരെ ഒരനടപടിയും ഉണ്ടായില്ല. ജാമ്യം ലഭിക്കാത്ത വകുപ്പുകൾ പ്രകാരം കേസെടുത്തിട്ടും നടപടിയില്ല.
കമ്മീഷന്റെ പ്രധാന കണ്ടെത്തലുകൾ ഹൈക്കോടതി സിംഗിൾ ബെഞ്ച് തള്ളിക്കളഞ്ഞിട്ടും സർക്കാർ അപ്പീൽ പോയില്ല. തങ്ങളാരും സർക്കാരിന്റെ കൈകൾ കെട്ടിയില്ല. ഇത്രയും നാൾ അനങ്ങാതിരുന്ന സർക്കാർ പഴയ കേസിൽ പുതിയ അടവ് പ്രയോഗിക്കുകയാണ്.
യുഡിഎഫ് ഭരണകാലത്ത് സോളാർ പ്രതികൾ നിയമത്തിനു മുന്നിലായിരുന്നു. ഇന്നവർ വെളിയിൽ സ്വതന്ത്രരായി നടക്കുകയാണ്. കേരളത്തിലെ ജനങ്ങളോട് മുഖ്യമന്ത്രിക്ക് മറുപടി പറയേണ്ടിവരും. ജനങ്ങളുടെ കണ്ണിൽ പൊടിയിടാൻ കഴിയില്ല. ഇത് കേരളമാണെന്നും ഉമ്മൻ ചാണ്ടി പറഞ്ഞു.
English summary
Congress leader Oommen Chandy says decision to hand over probe in solar scam to CBI will backfire on govt