തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിലെ വോട്ടുകണക്കിനെച്ചൊല്ലി കോൺഗ്രസ് നേതാവ് മാത്യൂ കുഴൽനാടനും ധനമന്ത്രി തോമസ് ഐസകും തമ്മിൽ ഫേസ്ബുക്കിൽ ചൂടൻ സംവാദം. കേരളത്തിൽ മൊത്തം പോൾ ചെയ്ത 21273417 വോട്ടിൽ യു.ഡി.എഫിന് ലഭിച്ചത് 7458516 വോട്ടുകളും എൽ.ഡി.എഫിന് 7437787ഉം ആണെന്ന് മാത്യൂ ഫേസ്ബുക്കിൽ കുറിച്ചിരുന്നു.
എന്നാൽ ഇതിന് മറുപടിയായി മലപ്പുറം ജില്ലയൊഴിച്ചുള്ള കണക്കു കൂടി ഒന്നു വിശകലനം ചെയ്യണമെന്നായിരുന്നു തോമസ് ഐസക്കിന്റെ മറുപടി. യു.ഡി.എഫിന്റെ പൊതുസ്ഥിതി വിശേഷിച്ച് കോൺഗ്രസിന്റെ മനസ്സിലാക്കാൻ അങ്ങനെയൊരു വിശകലനം വേണ്ടതാണെന്നും ഐസക് കൂട്ടിച്ചേർത്തു. തൊട്ടുപിന്നാലെ മറുപടിയുമായി മാത്യൂവിന്റെ ഫേസ്ബുക് പോസ്റ്റെത്തി. മലപ്പുറം എന്താ കേരളത്തിലല്ലേയെന്നും ബി.ജെ.പിയുടെ സവിശേഷ മലപ്പുറം വിരോധം സി.പി.എമ്മിനുമുണ്ടോയെന്നും മാത്യൂ തിരിച്ചുചോദിച്ചു
തോമസ് ഐസകിന്റെ ഫേസ്ബുക് പോസ്റ്റ്:
തദ്ദേശ ഭരണസ്ഥാപനങ്ങളിലേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ ദയനീയമായി പരാജയപ്പെട്ട യുഡിഎഫിനെ മൈക്രോസോഫ്റ്റ് എക്സെൽ ഉപയോഗിച്ച് വിജയിപ്പിക്കാനുള്ള മാത്യു കുഴൽനാടന്റെ നീക്കം രസകരമായി. ഗ്രാമപഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലെ ആകെ വോട്ടു കണക്കു പരിശോധിച്ചാൽ യുഡിഎഫിന് എൽഡിഎഫിനെക്കാൾ വോട്ടു കൂടുതലാണെന്നാണ് അദ്ദേഹത്തിന്റെ കണ്ടെത്തൽ. ജില്ലാ പഞ്ചായത്തൊന്നും അദ്ദേഹത്തിന്റെ വിശകലനത്തിൽ കണക്കിലെടുക്കേണ്ട പ്രാധാന്യമുള്ള സ്ഥാപനമല്ല. കാരണം, ആകെ പതിനാല് ജില്ലാ പഞ്ചായത്തിൽ പതിനൊന്നും ഭരിക്കുന്നത് എൽഡിഎഫാണല്ലോ. സ്വാഭാവികമായും അതിന്റെ വോട്ടു കണക്ക് അവഗണിക്കാനുള്ള ത്വര സ്വാഭാവികമാണ്. അതവിടെ നിൽക്കട്ടെ. നമുക്ക് അദ്ദേഹത്തിന്റെ കണക്കു നോക്കാം.
അദ്ദേഹം വാദിക്കുന്നത് ഇങ്ങനെയാണ്.
====”കേരളത്തിലെ ഗ്രാമ പഞ്ചായത്ത്–മുനിസിപ്പാലിറ്റി–കോർപറേഷൻ എന്നിവിടങ്ങളിൽ നടത്തിയ പരിശോധനയിൽ 2,12,73,417 പേർ വോട്ടു ചെയ്തതായി കണ്ടെത്തി. ഇതിൽ 74,58,516 പേർ യുഡിഎഫിനും, 74,37,787 പേർ എൽഡിഎഫിനും വോട്ടു ചെയ്തു. യുഡിഎഫിന് 35.06%, എൽഡിഎഫഇന് 34.96% വോട്ടുകൾ ലഭിച്ചു. സീറ്റുകൾ നേടിയെടുക്കുന്നതിൽ യുഡിഎഫ് സ്ഥാനാർഥികൾ പരാജയപ്പെട്ടെങ്കിലും വോട്ടുകൾ കൂടുതൽ ലഭിച്ചു”===.
ഇരുമുന്നണികളിലെയും സ്വതന്ത്രരുടെ വോട്ടുവിഹിതം ഈ കണക്കിൽ ഉൾപ്പെടില്ല എന്നൊരു പോരായ്മയുണ്ട്. അതു സാരമില്ലെന്നു വെയ്ക്കാം. ഇപ്പോഴത്തെ സാഹചര്യത്തിൽ ഈ കണക്ക് അദ്ദേഹത്തിനും യുഡിഎഫിനും മനസമാധാനം നൽകുമെങ്കിൽ നാം തർക്കമുന്നയിക്കുന്നത് മുറിവിൽ ഉപ്പു പുരട്ടുന്ന പണിയാണ്. അതുകൊണ്ട്, അദ്ദേഹത്തിന്റെ കണക്കു തന്നെ തൽക്കാലത്തേയ്ക്ക് നമുക്കും സ്വീകരിക്കാം.
ചെറിയൊരു അഭ്യർത്ഥന കുഴൽനാടനു മുന്നിൽ വെയ്ക്കട്ടെ. ജില്ലാ പഞ്ചായത്തുകൾ ഒഴിവാക്കിയ സാഹചര്യത്തിൽ മലപ്പുറം ജില്ലയൊഴിച്ചുള്ള കണക്കു കൂടി ഒന്നു വിശകലനം ചെയ്യണം. യുഡിഎഫിന്റെ പൊതുസ്ഥിതി – വിശേഷിച്ച് കോൺഗ്രസിന്റെ – മനസിലാക്കാൻ അങ്ങനെയൊരു വിശകലനം വേണ്ടതാണ്. ആ കണക്ക് താഴെ കൊടുക്കുന്നു.
.ഗ്രാമപഞ്ചായത്ത് – മുനിസിപ്പാലിറ്റി – കോർപറേഷൻ എന്നിവിടങ്ങളിൽ യുഡിഎഫിന് ആകെ ലഭിച്ചത് 74,58,516 വോട്ടുകൾ.
മലപ്പുറത്തെ ഗ്രാമപഞ്ചായത്തുകളിൽ യുഡിഎഫിന് ലഭിച്ച വോട്ടുകൾ – 9,38,855
Also Read – ”ഗെയിൽ: സമരം നടത്തിയവർ ഫേസ്ബുക്ക് പ്രൊഫൈൽ ഫ്രെയിം ഉണ്ടാക്കി ആഘോഷിക്കുന്നതിനെ രാഷ്ട്രീയ പാപ്പരത്തം എന്നേ പറയാനാകൂ”
മലപ്പുറത്തെ മുനിസിപ്പാലിറ്റികളിൽ യുഡിഎഫിന് ലഭിച്ചത് – 1,96,693
ആകെ 11,35,548.
മറ്റു 13 ജില്ലകളിൽ യുഡിഎഫിന് ലഭിച്ചത് 63,22,968 വോട്ടുകൾ.
ഇനി എൽഡിഎഫിന്റെ കണക്കു നോക്കാം.
ഗ്രാമപഞ്ചായത്ത് – മുനിസിപ്പാലിറ്റി – കോർപറേഷൻ എന്നിവിടങ്ങളിൽ യുഡിഎഫിന് ആകെ ലഭിച്ചത് 74,37,787 വോട്ടുകൾ.
മലപ്പുറത്തെ ഗ്രാമപഞ്ചായത്തുകളിൽ എൽഡിഎഫിന് ലഭിച്ച വോട്ടുകൾ – 5,12,660
മലപ്പുറത്തെ മുനിസിപ്പാലിറ്റികളിൽ എൽഡിഎഫിന് ലഭിച്ചത് – 96,457
ആകെ 6,09,117.
മറ്റു 13 ജില്ലകളിൽ എൽഡിഎഫിന് ലഭിച്ചത് 68,28,670 വോട്ടുകൾ.
ഈ പതിമൂന്നു ജില്ലകളിലുമായി ഗ്രാമ പഞ്ചായത്ത്, മുനിസിപ്പാലിറ്റി, കോർപറേഷൻ എന്നിവിടങ്ങളിലായി എൽഡിഎഫിന് യുഡിഎഫിനെക്കാൾ 5,05,702 വോട്ടുകൾ അധികമുണ്ട്. അതുകൊണ്ടാണ് ആ ജില്ലകളിലെ ഭൂരിപക്ഷം പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും കോർപറേഷനുകളും എൽഡിഎഫ് ഭരിക്കുന്നത്.
യഥാർത്ഥത്തിൽ വോട്ടിംഗിലെ രാഷ്ട്രീയ പാറ്റേൺ മനസിലാക്കണമെങ്കിൽ, ജില്ലാ പഞ്ചായത്ത് – മുൻസിപ്പാലിറ്റി – കോർപറേഷൻ വോട്ടു കണക്കാണ് വിശകലനം ചെയ്യേണ്ടത്. അതെടുക്കുമ്പോൾ എൽഡിഎഫിന് ആകെ 84,58,037 വോട്ടുകളും യുഡിഎഫിന് 78,89,661 വോട്ടുകളുമാണ് ലഭിച്ചത്. 5,68,376 വോട്ടുകളുടെ വ്യത്യാസം. (സ്വതന്ത്രരുടെ വോട്ടുകൾ ഇവിടെയും കണക്കുകൂട്ടിയിട്ടില്ല).
മാത്യൂ കുഴൽനാടന്റെ ഫേസ്ബുക് പോസ്റ്റ്:
ധനമന്ത്രി ഡോ. തോമസ് ഐസക്കിൻ്റെ ആക്ഷേപം വരവ് വച്ചിരിക്കുന്നു. എന്താണെങ്കിലും ഞാൻ ഉദ്ധരിച്ച കണക്കുകൾ തെറ്റാണെന്നോ വ്യാജമാണെന്നോ ഉള്ള ആക്ഷേപം അങ്ങേയ്ക്ക് ഇല്ലല്ലോ.
പിന്നെ ഗ്രാമപഞ്ചായത്തിലെയും മുനിസിപ്പാലിറ്റിയിലെയും കോർപ്പറേഷനിലെയും വോട്ട് മാത്രം പരിഗണിച്ചതിന്റെ യുക്തി അങ്ങേയ്ക്ക് മനസ്സിലാകാഞ്ഞിട്ടല്ല എന്ന് എനിക്കറിയാം. സാമ്പിൾ സെലക്ഷൻ ഒരു പാറ്റേണിലുള്ളത് ആകണമെന്ന റിസർച്ചിലെ പ്രാഥമിക പാഠം അങ്ങേയ്ക്ക് പറഞ്ഞു തരേണ്ടതില്ലല്ലോ. അപ്പോ അത് അവിടെ നിൽക്കട്ടെ.
പിന്നെ അങ്ങ് മലപ്പുറം ഒഴിവാക്കി ഒന്ന് കണക്കുകൂട്ടാൻ ആവശ്യപ്പെട്ടത് കണ്ടു. എന്താണ് മലപ്പുറത്തിന്റെ പ്രത്യേകത? മലപ്പുറം എന്താ കേരളത്തിലല്ലേ..?
ബിജെപിയുടെ സവിശേഷ മലപ്പുറം വിരോധം നമ്മൾ കണ്ടിട്ടുണ്ട്.. സിപിഎമ്മിനും അതേ നിലപാടാണോ?
ഓ.. ഇപ്പോ ബിജെപിക്കും സിപിഎമ്മിനും ഒരേസ്വരം ആണല്ലോ.. കേവലം വോട്ട് രാഷ്ട്രീയത്തിനു വേണ്ടി നിങ്ങൾ മുസ്ലിം ലീഗിനെയും കുഞ്ഞാലിക്കുട്ടിയെയും മലപ്പുറത്തെയും വേറിട്ടു കാണാൻ സമൂഹത്തെ പ്രേരിപ്പിക്കുമ്പോൾ നിങ്ങൾ ബിജെപിക്കും ആർഎസ്എസിനും വേണ്ടി വിറക് വെട്ടുകയാണ് എന്നത് വിസ്മരിക്കേണ്ട. ബിജെപിയുടെ പാട്ടിനൊപ്പം നൃത്തം ചവിട്ടി സിപിഎം എങ്ങോട്ടാണ് പോകുന്നത്?
പിന്നെ എക്സെൽ ഷീറ്റിലെ കണക്കുകൾ കൂടാതെ ഏതാനും കാര്യങ്ങൾ കൂടി ഞാൻ സൂചിപ്പിച്ചിരുന്നു. സംസ്ഥാനത്തെമ്പാടും, സിപിഎമ്മിൻ്റെ ശക്തികേന്ദ്രങ്ങളിൽ പോലും സിപിഎമ്മിന് ഒറ്റയക്ക വോട്ടുകൾ ലഭിച്ചപ്പോൾ അവിടെയൊക്കെ ബിജെപിയെയും എസ്ഡിപിഐയെയുമാണ് നിങ്ങൾ വിജയിപ്പിച്ചത്.
എസ്എഫ്ഐ രക്തസാക്ഷി അഭിമന്യുവിന്റെ ചിത്രം ‘വർഗീയത തുലയട്ടെ’ എന്ന മുദ്രാവാക്യം ചേർത്ത് സംസ്ഥാനം മുഴുവൻ ഒട്ടിച്ച സിപിഎം, അഭിമന്യുവിന്റെ പഞ്ചായത്തായ വട്ടവടയിൽ ബിജെപിക്ക് വോട്ടു നൽകി കോൺഗ്രസിനെ പരാജയപ്പെടുത്തിയ തെളിവും പുറത്തുവിട്ടിരുന്നു. എസ്ഡിപിഐക്ക് കേരളത്തിൽ 100 സീറ്റുകൾ സംഭാവന ചെയ്ത അഭിമന്യുവിന് ഉപഹാരം നൽകിയവരാണ് നിങ്ങൾ. അതിനെക്കുറിച്ചൊക്കെയുള്ള അങ്ങയുടെ മൗനം, സമ്മതം ആണ് എന്ന് കരുതാം അല്ലെ..
പിന്നെ എക്സെൽ ഷീറ്റിലെ കണക്കുകൾക്ക് സിപിഎം മറുപടി പറയേണ്ടി തന്നെ വരും..
English summary
Congress leader Mathew Kuzhalnadan and Finance Minister Thomas Isaac have a heated discussion on Facebook over the turnout in the local body elections.