ദില്ലി: എന്‍ജിനീയറിങ് വിദഗ്ധന്‍ ഇ ശ്രീധരന് കേരള രാഷ്ട്രീയത്തില്‍ വളരെ ചെറിയ സ്വാധീനം മാത്രമേ ഉണ്ടാക്കാന്‍ സാധിക്കൂവെന്ന് കോണ്‍ഗ്രസ് നേതാവും എംപിയുമായ ശശി തരൂര്‍. ചില സീറ്റുകളില്‍ മാത്രമാണ് ബിജെപി എതിരാളികളാകുകയെന്നും കേരള രാഷ്ട്രീയത്തില്‍ ബിജെപി വലിയ വെല്ലുവിളിയല്ലെന്നും തരൂര്‍ വ്യക്തമാക്കി.
‘2016ലെ തെരഞ്ഞെടുപ്പില്‍ നിന്ന് പുരോഗതിയുണ്ടാക്കുക എന്നത് ബിജെപിയെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ടേറിയ കാര്യമാണ്. ബിജെപിയില്‍ ചേര്‍ന്ന ശ്രീധരന്റെ തീരുമാനം അത്ഭുതപ്പെടുത്തി. സാങ്കേതിക വിദഗ്ധന്‍ എന്ന നിലയില്‍ പദ്ധതികള്‍ നടപ്പാക്കുന്നതില്‍ ശ്രീധരന് മികച്ചതാണ്. എന്നാല്‍ ജനാധിപത്യത്തില്‍ നയരൂപീകരണത്തില്‍ അദ്ദേഹത്തിന് പരിചയ സമ്പത്തില്ല. അതുകൊണ്ട് തന്നെ അദ്ദേഹത്തിന്റെ സ്വാധീനം വളരെ ചെറിയതായിരിക്കും. രാഷ്ട്രീയം വളരെ വ്യത്യസ്തമായ ലോകമാണ്’-ശശി തരൂര്‍ പറഞ്ഞു.
53ാം വയസ്സില്‍ താന്‍ രാഷ്ട്രീയത്തില്‍ പ്രവേശിച്ചത് വളരെ വൈകിയെന്ന് എനിക്ക് തോന്നുന്നു. അപ്പോള്‍ 88ാം വയസ്സില്‍ രാഷ്ട്രീയത്തില്‍ എത്തുന്നതിനെക്കുറിച്ച് എന്ത് പറയാനാണെന്നും തരൂര്‍ വ്യക്തമാക്കി. കഴിഞ്ഞ ദിവസമാണ് രാജ്യത്തെ പ്രധാന എന്‍ജിനീയറിങ് വിദഗ്ധനായ ഇ ശ്രീധരന് ബിജെപിയില്‍ ചേര്‍ന്നത്. പാര്‍ട്ടി പറഞ്ഞാല്‍ മത്സരിക്കുമെന്നും ബിജെപി അധികാരത്തിലെത്തിയാല്‍ മുഖ്യമന്ത്രിയാകാന്‍ തയ്യാറാണെന്നും ശ്രീധരന് പറഞ്ഞിരുന്നു.
English summary
Congress leader and MP Shashi Tharoor has said that engineering expert E Sreedharan can have very little influence in Kerala politics.