ധീരജിന്റെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ സംഭവങ്ങളുടെ പേരില്‍ മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസ്‌ – സി.പി.എം. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി

0

മൂവാറ്റുപുഴ: ഇടുക്കി എന്‍ജിനീയറിങ്‌ കോളജ്‌ വിദ്യാര്‍ഥി ധീരജിന്റെ കൊലപാതകത്തെത്തുടര്‍ന്നുണ്ടായ സംഭവങ്ങളുടെ പേരില്‍ മൂവാറ്റുപുഴയില്‍ കോണ്‍ഗ്രസ്‌ – സി.പി.എം. പ്രവര്‍ത്തകര്‍ ഏറ്റുമുട്ടി. നിരവധിപേര്‍ക്കു പരുക്കേറ്റു. വൈകിട്ട്‌ അഞ്ചിന്‌ ആരംഭിച്ച സംഘര്‍ഷം രണ്ടുമണിക്കൂറോളം നീണ്ടു. അക്രമം തടയാന്‍ ശ്രമിക്കുന്നതിനിടയില്‍ കല്ലേറില്‍ പുത്തന്‍കുരിശ്‌ ഡിവൈ.എസ്‌.പി. അജയ നാഥിന്റെ തലയ്‌ക്കു പരുക്കേറ്റു. മാത്യു കുഴല്‍നാടന്‍ എം.എല്‍.എ., കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ വൈസ്‌ പ്രസിഡന്റ്‌ സാബു ജോണ്‍, ഡി.വൈ.എഫ്‌.ഐ. പ്രവര്‍ത്തകനായ അജാസ്‌ എന്നിവര്‍ക്കും നിരവധി നേതാക്കള്‍ക്കും കല്ലേറില്‍ പരുക്കേറ്റു. പ്രതിഷേധ സ്‌ഥലത്ത്‌ സ്‌ഫോടക വസ്‌തുക്കളും ഉപയോഗിച്ചു. സംഘര്‍ഷത്തിനിടെ പല തവണ ഉഗ്ര ശബ്‌ദം കേള്‍ക്കാമായിരുന്നു. മാത്യു കുഴല്‍നാടന്‍ എം.എല്‍.എയുടെ ഓഫീസിന്‌ നേരെയും ആക്രമണമുണ്ടായി.
ടി.ബി. ജങ്‌ഷനിലുള്ള ഓഫീസിലേക്ക്‌ സി.പി.എം. പ്രവര്‍ത്തകര്‍ ഇരച്ചുകയറുകയായിരുന്നു. ഈ സമയം ഓഫീസ്‌ സെക്രട്ടറി അടക്കമുള്ളവര്‍ ഷട്ടര്‍ താഴ്‌ത്തി അകത്തുനിന്നു പൂട്ടി. ഇരുവിഭാഗത്തിന്റെയും കൊടിമരങ്ങളും പ്രചാരണ ബോര്‍ഡുകളും നശിപ്പിക്കപ്പെട്ടു. കച്ചേരിത്താഴത്ത്‌ നഗരസഭ ഓഫീസിന്‌ മുന്നില്‍ സ്‌ഥാപിച്ചിരുന്ന സി.പി.എം. പതാക കത്തിച്ചു.
കാവുംപടി റോഡിലുള്ള കോണ്‍ഗ്രസ്‌ ഓഫീസില്‍നിന്നു പ്രകടനം ആരംഭിച്ചു സി.പി.എം. ഏരിയ കമ്മിറ്റി ഓഫീസിനു മുമ്പിലെത്തിയപ്പോഴാണു സംഘര്‍ഷം തുടങ്ങിയത്‌. ധീരജ്‌ കൊല്ലപ്പെട്ടതിനു പിന്നാലെ സി.പി.എം. നടത്തിയ പ്രതിഷേധത്തിനിടെ കോണ്‍ഗ്രസ്‌ ഓഫീസിനു നേരെ അക്രമം നടന്നിരുന്നു. ഇതില്‍ പ്രതിഷേധിച്ചായിരുന്നു ഇന്നലെ കോണ്‍ഗ്രസ്‌ പ്രകടനം. പ്രകടനമുണ്ടെന്ന്‌ അറിഞ്ഞതോടെ ഡി.വൈ.എഫ്‌.ഐ., സി.പി.എം. പ്രവര്‍ത്തകര്‍ പാര്‍ട്ടി ആസ്‌ഥാനത്ത്‌ തമ്പടിക്കുകയായിരുന്നു.
കോണ്‍ഗ്രസ്‌ പ്രകടനം ആരംഭിച്ച്‌ നിമിഷങ്ങള്‍ക്കകം സംഘര്‍ഷാവസ്‌ഥയുണ്ടായി. സി.പി.എം. ഓഫീസ്‌ പിന്നിട്ടതോടെ കല്ലേറ്‌ തുടങ്ങി. രണ്ട്‌ സ്വകാര്യ വാഹനങ്ങള്‍ കല്ലേറില്‍ തകര്‍ന്നു. തുടര്‍ന്ന്‌ കല്ലും വടിയും പരസ്‌പരം എറിയുകയായിരുന്നു. ഇരുവിഭാഗത്തേയും വിരട്ടി ഓടിക്കാന്‍ പോലീസ്‌ ശ്രമിച്ചെങ്കിലുംവിജയിച്ചില്ല. പിന്നീട്‌ കോണ്‍ഗ്രസ്‌ പ്രവര്‍ത്തകരെ അനുനയിപ്പിച്ച്‌ പ്രകടനം മുന്നോട്ട്‌ നീക്കി.
പ്രകടനത്തിലുണ്ടായിരുന്നവര്‍ കച്ചേരിത്താഴത്തെ സി.പി.എം., സി.ഐ.ടി.യു. കൊടിമരം തകര്‍ത്തതോടെ വീണ്ടും സംഘര്‍ഷം. സംഭവം അറിഞ്ഞ സി.പി.എം. പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ്‌ ബ്ലോക്ക്‌ കമ്മിറ്റി ഓഫീസിനു മുന്നില്‍ സ്‌ഥാപിച്ചിരുന്ന കൊടിമരം തകര്‍ത്തു. പിന്നീട്‌ പ്രകടനമായി പി.ഒ. ജങ്‌ഷനിലേക്ക്‌ നീങ്ങി. ഇതിനിടെയാണ്‌ എം.എല്‍.എ. ഓഫീസിന്‌ നേരെ അതിക്രമം നടന്നത്‌. ഈ സമയമത്രയും നഗരത്തില്‍ ഗതാഗതക്കുരുക്കും അനുഭവപ്പെട്ടു. കല്ലേറിനെത്തുടര്‍ന്ന്‌ ഓഫീസുകളും വ്യാപാര സ്‌ഥാപനങ്ങളും അടച്ചു.

Leave a Reply