Sunday, January 23, 2022

‘കേരള പോലീസിന്റെ കുറ്റസമ്മതം’; പോലീസിന്റെ നിസ്സഹയാവസ്ഥ എഡിജിപി തന്നെ തുറന്നു പറഞ്ഞെന്നും കെ സുരേന്ദ്രൻ; രഞ്ജിത് കൊലപാതകം എൻഐഎയ്ക്ക് വിടണമെന്ന് ബിജെപി

Must Read

ആലപ്പുഴ : ആലപ്പുഴയിലെ ബിജെപി നേതാവ് രഞ്ജിത്തിന്റെ കൊലപാതകക്കേസ് കേന്ദ്ര ഏജൻസിയായ എൻഐഎക്ക് വിടണമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ. സംസ്ഥാനത്തിന് പുറത്തുനിന്ന് എസ്ഡിപിഐക്ക് സഹായം ലഭിക്കുന്നുണ്ടെന്നും പോലീസിന്റെ നിസ്സഹായാവസ്ഥ എഡിജിപി തന്നെ തുറന്ന് പറഞ്ഞെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിൽ നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു സുരേന്ദ്രന്റെ പ്രതികരണം.

ആഭ്യന്തര വകുപ്പിന്റെ ദയനീയ പരാജയമാണെന്നാണ് എഡിജിപിയുടെ പ്രസ്താവന കാണിക്കുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു. ലജ്ജാവഹമായിട്ടുള്ള കീഴടങ്ങലാണ് കേരള പോലീസ് നടത്തിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴയിലെയും പാലക്കാട്ടെയും കൊലപാതക കേസുകളിൽ എസ് ഡി പി ഐ പ്രവർത്തകരെ പിടിക്കാൻ കഴിയാത്തതിനെ കുറിച്ച് ഇന്ന് രാവിലെ എഡിജിപി വിജയ് സാഖറെ പ്രസ്താവന നടത്തിയിരുന്നു. ഇതിൽ പ്രതികരിക്കുകയായിരുന്നു കെ സുരേന്ദ്രൻ. കേസ് എൻഐഎയെ ഏൽപ്പിച്ചാൽ 24 മണിക്കൂറിനകം പ്രതികളെ പിടികൂടുമെന്നും അദ്ദേഹം പറഞ്ഞു.

കൊല നടത്തിയ ശേഷം അന്യസംസ്ഥാനങ്ങളിലേക്ക് കടക്കുന്നത് എസ്ഡിപിഐ രീതിയാണെന്നാണ് എഡിജിപി വിജയ് സാഖറെ പറഞ്ഞത്. എസ്ഡിപിഐ നടത്തിയ കൊലപാതകങ്ങൾക്ക് പിന്നിൽ സംസ്ഥാനാന്തര ഗൂഡാലോചനയുണ്ടെന്നും എഡിജിപി പറഞ്ഞു. ഒളിവിൽ കഴിയുന്ന പ്രതികൾ മൊബൈൽ ഫോണുകൾ ഉപയോഗിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

രാഷ്ട്രീയ കൊലകൾ ആവർത്തിക്കാതിരിക്കാൻ ജാഗ്രത തുടരുന്നുണ്ടെന്നും കിഴക്കമ്പലത്തെ സംഭവം കരുതിക്കൂട്ടി ചെയ്തതാണെന്ന് തെളിഞ്ഞിട്ടില്ലെന്നും എഡിജിപി പറഞ്ഞു. പാലക്കാട് ആലപ്പുഴ കൊലപാതകങ്ങളിൽ അന്തർ സംസ്ഥാന ഗൂഡാലോചനയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

അതേസമയം രഞ്ജിത്ത് വധത്തിൽ കൂടുതൽ അറസ്റ്റ് ഇന്നുണ്ടായേക്കും. നേരത്തെ അറസ്റ്റിലായ പ്രതികളിൽ രണ്ടു പേരെ ഇന്നലെ റിമാൻഡ് ചെയ്തു. അനൂപ്, ജസീബ് എന്നിവരെയാണ് ജനുവരി 12 വരെ റിമാൻഡ് ചെയ്തത്. എസ്ഡിപിഐ സംസ്ഥാന ഭാരവാഹിയായിരുന്ന അഡ്വ. ഷാനെ കൊലപ്പെടുത്തിയതിന്റെ പ്രതികാരമാണ് രഞ്ജിത്തിനെ വധിക്കാനുള്ള കാരണമെന്നും എസ്ഡിപിഐ പ്രവർത്തകർ ഗൂഢാലോചന നടത്തിയെന്നും റിമാൻഡ് റിപ്പോർട്ടിൽ പറയുന്നുണ്ട്. കേസിൽ ആകെ 25 പ്രതികളാണുള്ളത്. ഇതിൽ 12 പേർ മുഖ്യ പ്രതികളാണ്.

ആലപ്പുഴയിൽ ബിജെപി നേതാവ് രഞ്ജിത്ത് ശ്രീനിവാസ് വധക്കേസിൽ രണ്ട് പേരെ കഴിഞ്ഞ ചൊവ്വാഴ്ചയാണ് പോലീസ് അറസ്റ്റ് ചെയ്തത്. എസ്.ഡി.പി.ഐ പ്രവർത്തകരായ ആലപ്പുഴ വെള്ളക്കിണർ സ്വദേശി അനൂപ് അഷ്റഫ്, റസീബ് എന്നിവരുടെ അറസ്റ്റാണ് രേഖപ്പെടുത്തിയത്.പ്രതികൾ കുറ്റകൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരാണെന്ന് പോലീസ് വ്യക്തമാക്കി. അനൂപിനെ ബാംഗ്ലൂർ നിന്നും റസീബിനെ ആലപ്പുഴയിൽ നിന്നുമാണ് കസ്റ്റഡിയിലെടുത്തത്.

പാലക്കാട് ആർഎസ്എസ് പ്രവർത്തകൻ സഞ്ജിത്തിനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ആറ് പേരാണ് പിടിയിലായിട്ടുള്ളത്. കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത അത്തിക്കോട് സ്വദേശിയും നേരത്തെ പിടിയിലായിരുന്നു. ഇതോടെ കൊലപാതകത്തിൽ നേരിട്ട് പങ്കുള്ള മൂന്ന് പേരുൾപ്പെടെ ആകെ പിടിയിലായവരുടെ എണ്ണം ആറായത്.

കൊലപാതകം നടന്ന് ആഴ്ചകൾ പിന്നിട്ടിട്ടും പ്രതികളെ പിടികൂടാൻ കഴിഞ്ഞില്ലെന്ന ആരോപണങ്ങൾക്കിടെ പൊലീസ് പ്രതികൾക്കായി ലുക്ക് ഔട്ട് നോട്ടിസ് അടക്കം പുറത്തിറക്കിയിരുന്നു. കൊലപാതകത്തിന് ആയുധങ്ങൾ തയ്യാറാക്കി നൽകിയ പ്രതി നസീറിനെ കഴിഞ്ഞ വെള്ളിയാഴ്ചയാണ് പൊലീസ് പിടികൂടിയത്.

കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്ത കൊഴിഞ്ഞാമ്പാറ സ്വദേശി ജാഫർ, വാഹനം ഓടിച്ച നെന്മാറ സ്വദേശി അബ്ദുൽസലാം, പ്രതികളെ രക്ഷപെടാൻ സഹായിച്ച ഒറ്റപ്പാലം സ്വദേശി നിസാർ, കൊല്ലങ്കോട് സ്വദേശി ഷാജഹാൻ എന്നിവരാണ് പിടിയിലായ മറ്റുള്ളവർ.

Leave a Reply

Latest News

മണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ

പോളി വടക്കൻമണ്ണു മാഫിയക്ക് ഒത്താശ ചെയ്ത രണ്ട് എസ്.ഐ അടക്കം 7 പോലീസ് ഉദ്യോഗസ്ഥർക്ക് സസ്പെൻഷൻ.മണ്ണുകടത്തുകാരിൽ നിന്നു പിടികൂടിയ ഫോണുകളിൽ നിന്നും ഇവർ നിരന്തരം ബന്ധപ്പെട്ടതിൻ്റെ...

More News